നീറ്റിൽ പിറകോട്ടടിച്ചു; മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിൽ തിരിച്ചടിയേറ്റ് കേരളം
text_fieldsതിരുവനന്തപുരം: നീറ്റ് യു.ജി പരീക്ഷയിലെ മോശം പ്രകടനം കാരണം മെഡിക്കൽ, ഡെൻറൽ പ്രവേശനത്തിൽ തിരിച്ചടിയേറ്റ് കേരളം. കേന്ദ്ര സർക്കാറിന് കീഴിൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) നടത്തുന്ന അഖിലേന്ത്യ ക്വോട്ട, കേന്ദ്ര, ഡീംഡ് സർവകലാശാലകളിലെ പ്രവേശനത്തിെൻറ രണ്ട് റൗണ്ട് പ്രവേശനം പൂർത്തിയായപ്പോൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിൽനിന്ന് പ്രവേശനം ലഭിച്ച കുട്ടികളുടെ എണ്ണത്തിൽ വൻ കുറവാണ്.
കഴിഞ്ഞ വർഷം രണ്ട് റൗണ്ട് പൂർത്തിയായപ്പോൾ വിവിധ ക്വോട്ട സീറ്റുകളിലൂടെ കേരളത്തിൽനിന്ന് 2195 കുട്ടികൾക്കാണ് പ്രവേശനം ലഭിച്ചത്. ഇത്തവണ ഇത് 1285 പേർ മാത്രമായി. 910 കുട്ടികളുടെ (41 ശതമാനം) കുറവ്. ഇനി ബാക്കിയുള്ളത് ചുരുക്കം സീറ്റുകളിലേക്കുള്ള മോപ് അപ്, സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടുകൾ മാത്രം. അഖിലേന്ത്യ ക്വോട്ടയിൽ പ്രവേശനം ലഭിച്ചവരുടെ എണ്ണം കുറഞ്ഞതോടെ സംസ്ഥാന ക്വോട്ടയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉയർന്ന റാങ്കുകാർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്.
കഴിഞ്ഞവർഷം സംസ്ഥാന ക്വോട്ടയിൽ രണ്ട് മുഖ്യ അലോട്ട്മെൻറും മോപ് അപ് റൗണ്ടും പൂർത്തിയായപ്പോൾ സ്റ്റേറ്റ് മെറിറ്റിൽ 1599ാം റാങ്കുള്ള വിദ്യാർഥിക്കുവരെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചു. ഇത്തവണ രണ്ട് റൗണ്ട് പൂർത്തിയായപ്പോൾ 814ാം റാങ്ക് വരെയാണ് സ്റ്റേറ്റ് മെറിറ്റിൽ പ്രവേശനം ലഭിച്ചത്. സർക്കാർ മെഡിക്കൽ കോളജുകളിലെ മിക്ക സംവരണ സീറ്റുകളിലും ഈ അന്തരം പ്രകടമാണ്.
ഈഴവ സംവരണത്തിൽ കഴിഞ്ഞ വർഷം 2281ാം റാങ്ക് വരെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചപ്പോൾ ഇത്തവണ 1479ാം റാങ്ക് വരെയേ എത്തിയുള്ളൂ. മുസ്ലിം സംവരണ സീറ്റിൽ കഴിഞ്ഞ വർഷം 2077ാം റാങ്കിൽ വരെ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചപ്പോൾ ഇത്തവണ 1125ാം റാങ്ക് വരെ മാത്രമാണ്.
സ്വാശ്രയ കോളജ് പ്രവേശനത്തിലും ഇത് പ്രകടമായി. എയിംസ്, ജിപ്മെർ ഉൾപ്പെടെ രാജ്യത്തെ മുൻനിര മെഡിക്കൽ സ്ഥാപനങ്ങളിൽ മലയാളി വിദ്യാർഥികൾ വൻതോതിൽ പ്രവേശനം നേടുന്നതായിരുന്നു കഴിഞ്ഞവർഷം വരെയുള്ള അനുഭവം. ഇത്തവണ നീറ്റ് പരീക്ഷയിലെ മോശം പ്രകടനം മലയാളി വിദ്യാർഥികളുടെ കേരളത്തിന് പുറത്തുള്ള മെഡിക്കൽ, ഡെൻറൽ പ്രവേശന സാധ്യത പകുതിയോളമാക്കി കുറച്ചു. പ്രവേശനം നേടിയ വിദ്യാർഥികളുടെ എണ്ണത്തിലുണ്ടായ കുറവ് ആറ് വർഷത്തിന് ശേഷം മെഡിക്കൽ പഠനം കഴിഞ്ഞിറങ്ങുന്നവരുടെ എണ്ണത്തിൽ വൻകുറവിനിടയാക്കും.
'ഫോക്കസ് ഏരിയ' പഠനം തിരിച്ചടിയായെന്ന് വിലയിരുത്തൽ
തിരുവനന്തപുരം: നീറ്റ് യു.ജി പരീക്ഷയിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ മോശം പ്രകടനത്തിന് കാരണം ഫോക്കസ് ഏരിയ നിശ്ചയിച്ചുള്ള പ്ലസ് ടു പരീക്ഷ രീതിയാണെന്ന് വിലയിരുത്തൽ. കഴിഞ്ഞവർഷം 40 ശതമാനം പാഠഭാഗങ്ങളായിരുന്നു ഫോക്കസ് ഏരിയ. ഇതിൽനിന്ന് തന്നെ നൂറ് ശതമാനം മാർക്കിനുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതാവുന്ന രീതിയിലായിരുന്നു ചോദ്യപേപ്പർ പാറ്റേൺ.
പ്ലസ് ടുവിന് പഠിക്കാനുള്ള ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നീറ്റ് പരീക്ഷ സിലബസും. ഒട്ടേറെ വിദ്യാർഥികൾ മുൻവർഷങ്ങളിൽ പ്രത്യേക പരിശീലനമില്ലാതെ തന്നെ സ്കൂൾ പഠനത്തിെൻറ മികവിൽ മികച്ച നീറ്റ് റാങ്ക് നേടാറുണ്ടായിരുന്നു. കോവിഡ് കാരണം ഓഫ്ലൈൻ അധ്യയനം മുടങ്ങുകയും അത് പരിഹരിക്കാൻ ഫോക്കസ് ഏരിയ സമ്പ്രദായം കൊണ്ടുവന്നതും നീറ്റ് പരീക്ഷയിൽ തിരിച്ചടിയായി.
സിലബസ് പൂർണമായും പരിഗണിച്ച് തന്നെയായിരുന്നു നീറ്റ് പരീക്ഷ. നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ മോശം പ്രകടനമാണ് ഇത്തവണ ഫോക്കസ് ഏരിയ സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.