കാട് കാക്കാൻ നിയോഗവുമായി നീതു
text_fieldsമറയൂർ: നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ട അഞ്ചുനാടിെൻറ സംരക്ഷണത്തിന് റാങ്ക് തിളക്കത്തോടെ നീതുജോർജ് തോപ്പൻ ഇന്ത്യൻ ഫോറസ്റ്റ് സർവിസിലേക്ക് (ഐ.എഫ്.എസ്). സംസ്ഥാനത്ത് രണ്ടാംറാങ്കോടെയും ദേശീയതലത്തിൽ 28ആം റാങ്കോടെയുമാണ് കാന്തല്ലൂർ സ്വദേശിനിയായ നീതു ഐ.എഫ്.എസ് സ്വന്തമാക്കിയത്.
കാന്തല്ലൂർ പെരുമല തോപ്പൻസ് വീട്ടിൽ റിട്ട. ഹൈസ്കൂൾ കായിക അധ്യാപകൻ ജോർജ് തോപ്പെൻറയും റിട്ട. അധ്യാപിക ജെസി ജോർജിെൻറയും മകളാണ്. മറയൂർ ജയ് മാതാ പബ്ലിക് സ്കൂൾ, പാലാ ചാവറ ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നീതു തുടർന്ന് തൃശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിൽനിന്ന് ഫോറസ്ട്രിയിൽ ബിരുദവും നേടി. ഡൽഹിയിലെ കോച്ചിങ് സെന്ററിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെത്തി സുഹൃത്തുക്കളോടൊപ്പം തങ്ങി നാലുവർഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് തെൻറ സ്വപ്നത്തിലേക്ക് എത്തിയത്.
കഴിഞ്ഞ നവംബർ 21നായിരുന്നു മണ്ണുത്തി പെരുമ്പള്ളിക്കുന്നേൽ ആഷിഷ് അലക്സുമായുള്ള നീതുവിെൻറ വിവാഹം. അമേരിക്കയിലെ മെയ്ൻ സർവകലാശാലയിൽ ഫോറസ്ട്രിയിൽ ഗവേഷണം നടത്തുകയാണ് ആഷിഷ്. കേരളവുമായി ബന്ധപ്പെട്ടുള്ള വാര്ത്തകള്ക്ക് ഊന്നൽ നല്കിയുള്ള പത്രവായന നീതുവിെൻറ പരിശീലനത്തിെൻറ ഭാഗമായിരുന്നു.
പത്രങ്ങളിൽനിന്ന് അറിയുന്ന കാര്യങ്ങൾ കുറിപ്പുകളാക്കി സൂക്ഷിക്കുകയും ചെയ്തു. ഇതോടൊപ്പം സുഹൃത്തുക്കളുമായി ചേർന്ന് ചർച്ചകളിലൂടെയുള്ള പഠനവും ഫലംകണ്ടതായി നീതു പറയുന്നു. മസൂറിയിലെയും ഡെറാഡൂണിലെയും പ്രത്യേക പരിശീലനത്തിനുശേഷമാകും നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.