വ്ലോഗർമാരുടെ നെഗറ്റിവ് റിവ്യൂ: ഹൈകോടതി ഇടപെടുന്നു, സർക്കാറുകളുടെ വിശദീകരണം തേടി
text_fieldsകൊച്ചി: റിലീസ് ചെയ്തയുടൻ പുതിയ സിനിമകളെക്കുറിച്ച് തിയറ്ററുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ വ്ലോഗർമാർ നടത്തുന്ന നെഗറ്റിവ് റിവ്യൂകൾക്കെതിരെ ഹൈകോടതിയിൽ ഹരജി. ഹരജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിശദീകരണം തേടി.
വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ‘ആരോമലിന്റെ ആദ്യത്തെ പ്രണയ’ത്തിന്റെ സംവിധായകൻ മുബീൻ റൗഫാണ് ഹരജി നൽകിയത്. വിഷയത്തിൽ കോടതിയെ സഹായിക്കാൻ അഡ്വ. ശ്യാം പത്മനെ അമിക്കസ് കൂറിയായും നിയമിച്ചു. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
സിനിമ കാണാതെ വ്ലോഗർമാർ നെഗറ്റിവ് പ്രചാരണം നടത്തുന്നത് സിനിമയുടെ വിജയത്തെയടക്കം പ്രതികൂലമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹരജി. നിർമാതാക്കളെയും പിന്നണിയിൽ പ്രവർത്തിക്കുന്നവരെയും പണം ആവശ്യപ്പെട്ട് വ്ലോഗർമാർ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്. ഇവരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഐ.ടി സെക്രട്ടറിക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.