അവഗണനയുടെ ട്രാക്കിലോടി കൊച്ചി മെട്രോയിലെ കരാർ തൊഴിലാളികൾ
text_fieldsകൊച്ചി: വ്യാവസായിക നഗരിയുടെ തിലകക്കുറിയായി കൊച്ചി മെട്രോ മാറുമ്പോഴും മതിയായ ആനുകൂല്യങ്ങളോ ശമ്പള വർധനയോ ഇല്ലാതെ വലയുകയാണ് ഇവിടുത്തെ കരാർ തൊഴിലാളികൾ.കഴിഞ്ഞ ആറുവർഷമായി ഇവിടെ വിവിധ കരാർ തസ്തികകളിൽ ജോലിചെയ്യുന്ന ജീവനക്കാരാണ് വലയുന്നത്. കുടുംബശ്രീയുടെ എഫ്.എം.സി വഴി റിക്രൂട്ട് ചെയ്യപ്പെട്ട 650ഓളം തൊഴിലാളികളാണ് നിലവിൽ ഇവിടെ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്.
എന്നാൽ, ആനുപാതിക ശമ്പളവർധനയും ബോണസ് അടക്കം ആനുകല്യങ്ങളുമില്ലാതെ ദുരിതമനുഭവിക്കുകയാണ് ഈ തൊഴിലാളികൾ. ടിക്കറ്റിങ്, കസ്റ്റമർ കെയർ, ഹൗസ് കീപ്പിങ്, ഗാർഡനിങ് അടക്കമുള്ള ജോലികളാണ് ഇവർ ചെയ്യുന്നത്.എട്ട് മണിക്കൂർ വീതമുള്ള മൂന്ന് ഷിഫ്റ്റുകളാണ് ഇവരുടെ ജോലിസമയം. ഹൗസ് കീപ്പിങ് തൊഴിലാളിക്ക് 480-500 രൂപയും ടിക്കറ്റിങ് ആൻഡ് സൂപ്പർ വൈസേഴ്സിന് 590 രൂപയുമാണ് ദിവസക്കൂലി. മാസത്തിൽ നാല് അവധി വേതനത്തോടുകൂടിയുണ്ടെങ്കിലും 24 ഡ്യൂട്ടികൾ ചെയ്താൽ മാത്രമേ ഇത് ലഭിക്കൂ.
കോവിഡ് പ്രതിസന്ധിക്കുശേഷം 24 ഡ്യൂട്ടികൾ ലഭിക്കുന്നത് അപൂർവമാണെന്നാണ് തൊഴിലാളികൾ പറയുന്നത്. ആദ്യകാലം തൊട്ടേ ബോണസ് അടക്കമുള്ള ആനുകൂല്യങ്ങൾക്കായി ശബ്ദമുയർത്താറുണ്ടെങ്കിലും അധികൃതർ അവഗണിക്കുകയാണെന്ന് ഇവർ പറയുന്നു. എല്ലാ തൊഴിൽദായകരും ഓണമടക്കം ഉത്സവകാലങ്ങളിൽ ബോണസ് നൽകാറുണ്ടെങ്കിലും ഇവർക്ക് അതും അന്യമാണ്. ഇക്കാര്യത്തിൽ കൊച്ചി മെട്രോ അധികൃതരും എഫ്.എം.സി അധികൃതരും പരസ്പരം പഴിചാരുകയാണ്. ഇക്കുറിയും ഓണത്തോടനുബന്ധിച്ച് ബോണസ് ആവശ്യവുമായി ഇവർ മാനേജ്മെന്റിന് കത്ത് നൽകിയിട്ടുണ്ട്. കത്തിന്മേൽ ലേബർ വകുപ്പ് ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.
എങ്കിലും ഇവർക്ക് കാര്യമായ പ്രതീക്ഷയില്ല. ഉന്നത തസ്തികയിലിരിക്കുന്നവർ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് ഇവിടെ ശമ്പളംവാങ്ങുന്നത്. ഇവരിൽ പലരും മറ്റിടങ്ങളിൽനിന്ന് വിരമിച്ചവരുമാണ്. ഈ സാഹചര്യം നിലനിൽക്കെയാണ് കരാർ തൊഴിലാളികളോടുള്ള അവഗണന.
അവഗണന തുടർന്നാൽ പലരും ജോലി ഉപേക്ഷിക്കും
‘ദുരിതങ്ങൾക്കൊരു പരിഹാരമാകുമെന്നോർത്താണ് ഇവിടെ ജോലിക്ക് കയറിയത്. എന്നാൽ, ഒരുനിലക്കും കൂട്ടിമുട്ടിക്കാൻ പറ്റാത്ത അവസ്ഥയാണ്’. മെട്രോയിലെ കരാർ തൊഴിലാളിയുടെ വാക്കുകളാണ്. ‘ദൈനംദിന ചെലവും കിട്ടുന്ന വേതനവും ഒരുനിലക്കും യോജിക്കുന്നില്ല. ഈ നില തുടർന്നാൽ മുന്നോട്ടുപോകാനാവില്ല’. അവർ കൂട്ടിച്ചേർക്കുന്നു. ഇവിടുത്തെ ഭൂരിഭാഗം കരാർ തൊഴിലാളികളുടെയും അവസ്ഥ ഇതുതന്നെയാണ്.
തൊഴിലാളികളെല്ലാം കുടുംബശ്രീ അംഗങ്ങൾ; മൗനംപാലിച്ച് കുടുംബശ്രീ
ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കുടുംബശ്രീ അംഗങ്ങളായ വനിതകളാണ് ഇവിടുത്തെ താഴിലാളികൾ. കൊച്ചി മെട്രോയിലെ താൽക്കാലിക ഒഴിവുകളിലേക്ക് വർഷങ്ങൾക്ക് മുമ്പ് 40,000ത്തോളം പേരെ പങ്കെടുപ്പിച്ചാണ് അധികൃതർ പരീക്ഷ നടത്തിയത്. ഇതിൽനിന്ന് 1000 പേരെ അഭിമുഖം നടത്തിയാണ് 780പേർക്ക് നിയമനം നൽകിയത്. എന്നാൽ, ശമ്പളക്കുറവും ആനുകൂല്യങ്ങളില്ലാത്തതും മൂലം നിയമനം ലഭിച്ച കുറച്ചുപേർ പിന്നീട് ജോലി ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ, കുടുംബശ്രീ അംഗങ്ങളായ കരാർ തൊഴിലാളികൾ നേരിടുന്ന തൊഴിൽ പ്രശ്നങ്ങളിൽ കുടുംബശ്രീ അധികൃതർ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്നാണ് ഇവരുടെ പരാതി. ഇക്കാര്യത്തിൽ പരിഹാരമുണ്ടാക്കേണ്ടത് കെ.എം.ആർ.എല്ലാണെന്നാണ് കുടുംബശ്രീയുടെ വാദം. ഇതിനുപുറമേ കുടുംബശ്രീ എഫ്.എം.സി വഴി 23 ഭിന്നലിംഗക്കാരെയും കൊച്ചി മെട്രോയിൽ ജോലിക്കെടുത്തിരുന്നു. ഇവരിൽ ഭൂരിഭാഗവും ജോലി ഉപേക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.