എന്താ, മഞ്ചേരി മെഡിക്കൽ കോളജല്ലേ?
text_fieldsമഞ്ചേരി: മണ്ഡലത്തെ സംബന്ധിച്ച് നിരാശജനകമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ജില്ലയിലെ ഏക സർക്കാർ മെഡിക്കൽ കോളജിനെ പൂർണമായും അവഗണിച്ചു. ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമിക്കാൻ 90 കോടി ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ കനിഞ്ഞില്ല.
സൂപ്പർ സ്പെഷാലിറ്റി ചികിത്സ ലഭിക്കാത്ത ഏക മെഡിക്കൽ കോളജ് കൂടിയാണിത്. എന്നിട്ടും മണ്ഡലത്തിന്‍റെ ആവശ്യം പരിഗണിച്ചില്ല. മെഡിക്കൽ കോളജ് ആരംഭിച്ച് പത്താം വർഷത്തിലേക്ക് കടന്നിട്ടും മതിയായ ചികിത്സ സൗകര്യങ്ങൾ ആശുപത്രിയിൽ ഇപ്പോഴും അന്യമാണ്.അത്യാഹിത വിഭാഗത്തിൽ ന്യൂറോ സർജന്റെ സേവനം പോലും ഇല്ല.
അനുവദിച്ച പ്രവൃത്തികളും ഇഴഞ്ഞുനീങ്ങുന്നു. ഒപ്പം 2021ലെ ബജറ്റിൽ പ്രഖ്യാപിച്ച നഴ്സിങ് കോളജിന് കെട്ടിടം നിർമിക്കാൻ 25 കോടിയുടെ പദ്ധതി തയാറാക്കിയെങ്കിലും 100 രൂപയുടെ ടോക്കണിലൊതുങ്ങി. ക്ലാസുകൾ ആരംഭിച്ചെങ്കിലും താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തനം.
ചെരണി പന്നിപ്പാറ റോഡ്, പട്ടിക്കാട് ബസാർ റോഡ് ജങ്ഷൻ, ജസീല ജങ്ഷൻ മുതൽ ചീനിക്കൽ തോട് വരെറോഡ് പുനരുദ്ധാരണം, മുള്ളമ്പാറ കോണിക്കല്ല് ഇരുമ്പുഴി റോഡ്, ജസീല ജങ്ഷൻ മുതൽ കച്ചേരിപ്പടി വരെ റോഡ് പുനരുദ്ധാരണവും മഞ്ചേരി സെൻട്രൽ ജങ്ഷൻ വീതി കൂട്ടലും, മഞ്ചേരി പോളിടെക്നിക് കോളജ് കെട്ടിട നിർമാണം, മഞ്ചേരി എക്സൈസ് റേഞ്ച് ഓഫിസ് കെട്ടിട നിർമാണം, ഒറവംപുറം തടയണ നിർമാണം, മുള്ള്യാകുർശ്ശി-പാണ്ടിക്കാട് റോഡ് എന്നിവക്കും ടോക്കൺ ലഭിച്ചു. മണ്ഡലത്തിൽനിന്ന് 269.5 കോടി രൂപയുടെ ഇരുപതോളം പദ്ധതികൾ സമർപ്പിച്ചിരുന്നെങ്കിലും ആകെ ഒരു കോടി രൂപ മാത്രമാണ് അനുവദിച്ചത്.
ടോക്കണിലൊതുങ്ങിയ ജനറൽ ആശുപത്രി
മഞ്ചേരി: വർഷങ്ങളായി ബജറ്റിൽ തുടരുന്ന പതിവുരീതി തെറ്റിയില്ല.മഞ്ചേരി ജനറൽ ആശുപത്രിക്ക് ഇത്തവണയും ലഭിച്ചത് 100 രൂപയുടെ ടോക്കൺ. ഇടതുസർക്കാറിന്റെ കഴിഞ്ഞ ബജറ്റിലെല്ലാം ടോക്കൺ മാത്രമാണ് ലഭിച്ചത്.ജനറൽ ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ 20 കോടിയുടെ പദ്ധതിയാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ആരോഗ്യ മേഖലയെ പൂർണമായും അവഗണിച്ചു. ഇതോടെ ജനറൽ ആശുപത്രി മാറ്റി സ്ഥാപിക്കാനുള്ള പ്രതീക്ഷക്കും മങ്ങലേറ്റു.
2013ൽ ശിഹാബ് തങ്ങൾ സ്മാരക ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജാക്കി ഉയർത്തിയതോടെ ജനറൽ ആശുപത്രി നഷ്ടമായി.അന്നത്തെ യു.ഡി.എഫ് സർക്കാർ ജനറൽ ആശുപത്രി ചെരണിയിലേക്ക് മാറ്റി സ്ഥാപിക്കാൻ 10 കോടി വകയിരുത്തിയിരുന്നു.പിന്നീട് വന്ന എൽ.ഡി.എഫ് സർക്കാർ വർഷാവർഷവും 100 രൂപ ടോക്കൺ വെച്ചതൊഴിച്ചാൽ കാര്യമായ പുരോഗതി ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.