അവഗണന തുടർക്കഥ, എൻ.ഡി.എ ഘടകകക്ഷികൾക്ക് അതൃപ്തി
text_fieldsതിരുവനന്തപുരം: വർഷങ്ങളായി മുന്നണിയിൽ തുടർന്നിട്ടും അർഹമായ പരിഗണന ലഭിക്കാത്തതിൽ എൻ.ഡി.എ ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തി. തിങ്കളാഴ്ച എൻ.ഡി.എ നേതൃയോഗത്തിൽ പങ്കെടുത്ത ഘടകകക്ഷി നേതാക്കൾ ബി.ജെ.പി നേതൃത്വത്തെ തങ്ങളുടെ വിഷമം ധരിപ്പിച്ചു. ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിൽ പരിഗണിക്കുന്നതിൽനിന്ന് നിരന്തരം അവഗണന തുടരുകയാണെന്ന അഭിപ്രായവും അവർ പ്രകടിപ്പിച്ചു. കാര്യമായ കൂടിയാലോചനകൾ പല കാര്യങ്ങളിലുമുണ്ടാകുന്നില്ല.
ബി.ജെ.പി സ്വന്തം നിലക്കുള്ള പരിപാടികളും പ്രക്ഷോഭങ്ങളും നടത്തുകയാണ്.നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം മുന്നണി സംവിധാനമെന്നനിലയിൽ തികഞ്ഞ അവഗണനയാണ് തങ്ങളോടെന്ന് ഒരു ഘടകകക്ഷി നേതാവ് 'മാധ്യമ'ത്തോട് പ്രതികരിച്ചു. സംസ്ഥാന സർക്കാറിനും സിൽവർലൈൻ പദ്ധതിക്കുമെതിരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് എൻ.ഡി.എ യോഗത്തിന്‍റെ പ്രധാന തീരുമാനം. എന്നാൽ, സിൽവർ ലൈനിനെതിരായ സമരത്തിനോട് ഘടകകക്ഷികൾക്ക് വിയോജിപ്പുണ്ടെന്നാണ് വ്യക്തമാക്കുന്നത്.
ബി.ഡി.ജെ.എസ് ഉൾപ്പെടെ പാർട്ടികൾ തങ്ങളുടെ വിയോജിപ്പ്അറിയിച്ചതായാണറിയുന്നത്. എസ്.എൻ.ഡി.പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കെ-റെയിൽ അനുകൂല നിലപാടെടുത്തിരുന്നു. അതിനാൽ ബി.ഡി.ജെ.എസിനും സമാനമായ നിലപാടാണ് ഈ വിഷയത്തിലുള്ളതെന്ന സൂചനയാണ് ലഭിക്കുന്നത്. യോഗത്തിനു ശേഷം എൻ.ഡി.എ നേതാക്കൾ നടത്തിയ വാർത്തസമ്മേളനത്തിൽ എൻ.ഡി.എ കൺവീനർ കൂടിയായ ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കാത്തതും ഇതുമൂലമാണെന്നാണ് അറിയുന്നത്. സമരവുമായി രംഗത്ത് സജീവമാകാനാണ് തീരുമാനമെന്ന് ബി.ജെ.പി നേതൃത്വം യോഗത്തിൽ വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാറിന്‍റെ ഒന്നാം വാർഷികാഘോഷ വേളയിൽ മേയ് 20ന് സെക്രട്ടേറിയറ്റിന് മുന്നിലും ജില്ല കേന്ദ്രങ്ങളിലും സമരം നടത്തണമെന്ന ബി.ജെ.പി നിർദേശം യോഗം അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.