കരിപ്പൂരിലും കണ്ണൂരിലും സർവിസ് നടത്തുന്നത് ഒരേ തരം വിമാനങ്ങള്‍; എന്നിട്ടും ഹജ്ജ് നിരക്കിൽ 41,580 രൂപയുടെ വ്യത്യാസം
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീര്‍ഥാടനത്തിന് മേയ് 10ന് തുടക്കമാകാനിരിക്കെ, കരിപ്പൂർ വഴി യാത്രയാകുന്ന തീര്‍ഥാടകരോടുള്ള വിവേചനം വ്യക്തം. കണ്ണൂരില്‍ നിന്നും കരിപ്പൂരില്‍ നിന്നും 173 പേര്‍ക്ക് വരെ യാത്രചെയ്യാവുന്ന ഒരേ ശ്രേണിയിലുള്ള വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് ഉപയോഗിക്കുന്നത്. കണ്ണൂര്‍-ജിദ്ദ സെക്ടറിനെ അപേക്ഷിച്ച് 72 കിലോമീറ്റര്‍ ആകാശദൂരം മാത്രം അധികമുള്ള കരിപ്പൂര്‍-ജിദ്ദ സെക്ടറില്‍ ഓരോ തീര്‍ഥാടകരില്‍ നിന്നും 41,580 രൂപ അധികം ഈടാക്കുന്ന വിമാനക്കമ്പനിയുടെ നടപടി പകല്‍ക്കൊള്ളയാണെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.
കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലെന്നതായിരുന്നു അധികനിരക്ക് ഈടാക്കാൻ കാരണമായി വിമാനക്കമ്പനിയും കേന്ദ്ര വ്യോമയാന മന്ത്രാലയവും പറഞ്ഞിരുന്നത്. എന്നാല്‍, കണ്ണൂരില്‍ നിന്നും കരിപ്പൂരില്‍ നിന്നും ഒരേ ശ്രേണിയിലുള്ള വിമാനങ്ങൾ ഉപയോഗിക്കുമ്പോള്‍ യാത്രനിരക്കിലെ അര ലക്ഷത്തോളം തുകയുടെ വര്‍ധനക്ക് നീതീകരണമില്ലാതാകുകയാണ്.
കരിപ്പൂരില്‍നിന്ന് പുറപ്പെടുന്നവരില്നിന്ന് 1,35,828 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍, കണ്ണൂരില്‍നിന്ന് പുറപ്പെടുന്നവരുടെ ടിക്കറ്റ് നിരക്ക് 94,248 രൂപ മാത്രമാണ്.
41,580 രൂപയുടെ വൻ വ്യത്യാസം ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതിയില്ലെന്നും ചെറിയ വിമാനങ്ങള്‍ ഉപയോഗിക്കുമ്പോഴുള്ള സാങ്കേതിക പ്രയാസം മുന്‍നിര്‍ത്തിയാണ് നിരക്ക് വര്ധനയെന്നുമായിരുന്നു വിമാനക്കമ്പനിയുടെയും കേന്ദ്രസര്‍ക്കാറിന്റേയും വാദം.
കരിപ്പൂരിൽനിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമായതും തിരിച്ചടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് സര്‍വിസുകള്‍ക്ക് ടെൻഡര്‍ നല്കിയ ഏക കമ്പനി എയര്‍ ഇന്ത്യ എക്സ്പ്രസാണെന്നതും ഹജ്ജ് നിരക്ക് വർധിപ്പിക്കാനിടയാക്കി. കണ്ണൂരിലും കൊച്ചിയിലും സൗദി എയര്‍ലൈന്‍സും ടെൻഡര്‍ നല്‍കിയിരുന്നു. കൊച്ചിയില്‍നിന്ന് ഇത്തവണ സൗദി എയര്‍ലൈന്‍സാണ് സര്‍വിസ് നടത്തുന്നത്.
2020 ആഗസ്റ്റ് ഏഴിലെ വിമാനദുരന്തശേഷം വലിയ വിമാനങ്ങള്‍ക്കുള്ള സര്‍വിസ് അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കിയതോടെ കോഡ് സി വിഭാഗത്തിലെ വിമാനങ്ങള്‍ ഹജ്ജ് യാത്രക്ക് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ചെലവുകള്‍ ചൂണ്ടിക്കാട്ടിയാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്ക് നേരത്തേയും കരിപ്പൂരിൽനിന്നുള്ള നിരക്ക് ഗണ്യമായി ഉയര്‍ത്തിയത്. കരിപ്പൂർ വിമാനത്താവളത്തില്‍നിന്ന് ആദ്യ തീര്‍ഥാടക സംഘത്തിലെ 173 പേരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം േമയ് 10ന് പുലര്‍ച്ച 1.10ന് തിരിക്കും. കണ്ണൂരില്‍നിന്ന് മേയ് 11ന് പുലര്‍ച്ച നാലിനും കൊച്ചിയില്‍നിന്ന് മേയ് 16ന് വൈകീട്ട് 5.55നുമാണ് സര്‍വിസുകള്‍ ആരംഭിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.