Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒരു റിബണെങ്കിലും...

ഒരു റിബണെങ്കിലും വലിച്ചുകെട്ടിക്കൂടായിരുന്നോ? സാറമ്മാരേ, ചുരത്തിലെ ആ അപകടം നിങ്ങൾ ക്ഷണിച്ചുവരുത്തിയതാണ്...

text_fields
bookmark_border
Churam Accident
cancel

വൈത്തിരി: ബുധനാഴ്ച രാത്രി വയനാട് ചുരത്തിൽ കാർ മറിഞ്ഞുണ്ടായ ഉണ്ടായ ദാരുണ അപകടത്തിന്റെ പൂർണ ഉത്തരവാദിത്തം ദേശീയപാത അധികൃതർക്കും ചുരം അറ്റകുറ്റ പ്രവൃത്തിയുടെ കരാറെടുത്തവർക്കുമാണ്. ചുരം രണ്ടാം വളവിനു താഴെ ചിപ്പിലിത്തോടിന് സമീപം രാത്രി ഒമ്പതുമണിയോടെയാണ്, ഒമ്പതു യാത്രക്കാരടങ്ങിയ ഇന്നോവ കാർ റോഡിൽനിന്നും തെന്നി 200 മീറ്ററിലധികം താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ ഒരു സ്ത്രീ മരിച്ചു.

2018ലെ പ്രളയത്തിൽ ഈ ഭാഗത്ത് പലയിടത്തും റോഡിന്റെ വശം ഇടഞ്ഞു താഴ്ന്നിരുന്നു. താൽക്കാലികമായി പലയിടത്തും സുരക്ഷാ ഭിത്തികൾ അന്ന് നിർമിച്ചിരുന്നു. അതിനോട് ചേർന്നുള്ള സ്ഥലങ്ങളിലാണ് ഇപ്പോൾ റീട്ടെയിൻ ഭിത്തികൾ നിർമിക്കുന്നത്. അതോടൊപ്പം ഓവുചാലുകൾക്ക് സ്ലാബിടുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. എന്നാൽ, പ്രവർത്തി നടക്കുന്നതിനാൽ ഉണ്ടാകാവുന്ന അപകടത്തെ കരുതിയിരിക്കാനുള്ള അപായ സൂചന ബോർഡുകൾ ഒന്നും സ്ഥാപിച്ചിട്ടില്ല. വാഹനങ്ങൾ ചാടിപ്പോകാതിരിക്കാൻ ഉതകുന്ന ഒരു തടസങ്ങളും റോഡിന്റെ വശങ്ങളിൽ വെച്ചില്ല. ഒരു റിബൺ പോലും വലിച്ചു കെട്ടിയിട്ടില്ലായിരുന്നു. ബുധനാഴ്ച ബസിനെ മറികടന്ന് എതിരെ വന്ന ലോറിക്ക് ഇടിക്കാതിരിക്കാൻ കാർ ബ്രേക്കിട്ടതോടെ ടയറുകൾ കല്ലിൽത്തട്ടി കുഴിയിലേക്ക് വീണു. ഈ പൊളിച്ചിട്ട ഭാഗത്തുകൂടെ ഇന്നോവ കാർ കൊക്കയിലേക്ക് പതിക്കുകയായിരുന്നു എന്നാണ് കാർ ഡ്രൈവറുടെ മൊഴി.

ഉംറക്ക് പോകുന്നവരെ യാത്രയയച്ച് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് മടങ്ങിയ മുട്ടിൽ പരിയാരം സ്വദേശികളാണ് അപകടത്തിൽപെട്ടത്. ദേശീയ പാത അധികൃതരുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ പൊതുവികാരം ഉണർന്നപ്പോൾ വ്യാഴാഴ്ച രാവിലെ ആറു മണിയോടെ റോഡരികിൽ വീപ്പകൾ നിരത്തിവെച്ച് അതിന്മേൽ വടം കെട്ടി അവർ ‘കണ്ണിൽ പൊടിയിട്ടിട്ടുണ്ട്’. നൂറുകണക്കിന് വാഹനങ്ങൾ ദിനേന സഞ്ചരിക്കുന്നതും അപകട സാധ്യതയേറിയതുമായ ചുരം പോലുള്ള പ്രധാനപ്പെട്ട നിരത്തുകളിൽ നടക്കുന്ന പ്രവൃത്തികളിൽ കാണിക്കേണ്ട പ്രാഥമിക സുരക്ഷാമാനദണ്ഡങ്ങൾ പോലും അധികൃതർ കൈക്കൊണ്ടില്ലെന്നത് ഏറെ ഗൗരവതരമാണ്. കരാറുകാരുടെ പ്രവൃത്തികൾക്ക് മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥർ ഈ അലംഭാവത്തിനു നേരെ കണ്ണടക്കുകയായിരുന്നു.

ഫയർഫോഴ്സും ചുരം സംരക്ഷണ സമിതി പ്രവർത്തകരും നടത്തിയത് ശ്ലാഘനീയ പ്രവൃത്തി

രാത്രി 8.57നാണു മുക്കം ഫയർ ഫോഴ്‌സ് ഓഫിസിൽ ഫോൺ കോൾ എത്തുന്നത്. അസി. സ്റ്റേഷൻ ഓഫിസർ പി.ടി. ഭരതന്റെയും എം.സി. മനോജിന്റെയും നേതൃത്വത്തിൽ ഇരുപതോളം ജീവനക്കാരുമായി മുക്കത്തുനിന്നും രണ്ടു യൂനിറ്റ് ചുരത്തിലേക്കു കുതിച്ചു. അപകടസ്ഥലത്തിനറുവശവും റോഡ് ബ്ലോക്കായി കിടക്കുയായിരുന്നു. വടം കെട്ടി ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഇതിനകം തന്നെ താഴേക്കിറങ്ങിയിരുന്നു. ആദ്യം എത്തിയത് സമിതി പ്രവർത്തകനായ ഫൈസൽ കൊല്ലേരിക്കൽ ആയിരുന്നു. ഒരു ബസ് യാത്രക്കാരനും ലോറി ഡ്രൈവറും കൂടെ കൂടി. ഇവിടെയെത്തിയ ഒരു ലോറി ഡ്രൈവർ നൽകിയ കയറുമായി ഇവരാണ് ആദ്യം താഴേക്കിറങ്ങിയത്. ഏറെ പ്രയാസപ്പെട്ടാണ് ഫയർഫോഴ്‌സുകാർ കാറിനടുത്തെത്തിയത്. കാറിലുള്ളവരെല്ലാം പുറത്തേക്കു തെറിച്ചുവീണിരുന്നു.

ഇതിൽ മൂന്നു പേർ നടന്നു തൊട്ടടുത്ത റബർതോട്ടത്തിലെത്തി. ഇവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്. കാർ വീണതിന്റെ ശക്തിയിൽ താഴേക്ക് പതിച്ച കല്ലിനും മറിഞ്ഞുവീണ പനയുടെ അടിയിലായി രണ്ടു പേർ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു. മനുഷ്യകരങ്ങൾ കൊണ്ട് ഉയർത്താൻ കഴിയാത്ത വലിയ പാറക്കല്ലായതുകൊണ്ട് ഏറെ പ്രയാസപ്പെട്ടു. ഹൈഡ്രോളിക് കട്ടർ താഴെ എത്തിച്ചു. ശക്തമായ ഫോറമെന്റൽ കയറുകെട്ടിയാണ് മുകളിലെ ക്രയിൻ ഉപയോഗിച്ച് പാറക്കല്ല് പൊക്കിയത്. ഇതിനടിയിൽ പെട്ടവർക്കാണ് ഗുരുതര പരിക്ക് പറ്റിയത്. അതിൽ റഷീദ (35) യാണ് മരണത്തിനു കീഴടങ്ങിയത്.

താഴെ രക്ഷാപ്രവർത്തനം നടത്തുമ്പോൾ മുകളിൽനിന്നും കല്ലുകളും മറ്റും താഴേക്ക് പതിക്കുമോ എന്ന ഭയത്തിലായിരുന്നു ഫയർ ഫോഴ്സും സമിതി പ്രവർത്തകരും. ഇതിനിടെ മുക്കം സ്റ്റേഷനിൽ നിന്നും അറിയിച്ചതനുസരിച്ചു അസി. സ്റ്റേഷൻ ഓഫിസർ കെ സതീഷ് ബാബുവിന്റെയും ഹെൻറി ജോർജിന്റെയും നേതൃത്വത്തിൽ കൽപറ്റ നിന്നും ഒരു യൂനിറ്റ് സ്ഥലത്തെത്തി. മുകളിലേക്ക് ചെങ്കുത്തായതിനാൽ രക്ഷപ്പെടുത്തിയവരെ താഴേക്ക് കൊണ്ടുപോയി അടിവാരം ബൈപാസ് റോഡിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെ നിന്നാണ് എല്ലാവരെയും ആംബുലൻസുകളിൽ കയറ്റി ആശുപത്രികളിലേക്കെത്തിച്ചത്.

അപകട സ്ഥലത്തെത്തിയ ചുരം സംരക്ഷണ സമിതി പ്രവർത്തകർ സ്വന്തം ജീവൻ പണയം വെച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കയറുന്നതിനിടെ കല്ല് വീണു രണ്ടു പേർക്ക് പരിക്കേറ്റു. എ.എം. നിസാറിന് കാലിനും ഗിരീഷിന് വാരിയെല്ലിനുമാണ് പരിക്കേറ്റത്. ജെറീഷ്, മൻസൂർ, അഹമ്മദ്‌കുട്ടി, സമറുദ്ധീൻ, സജീർ തുടങ്ങി ഇരുപതോളം സമിതി പ്രവർത്തകരാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad ChuramWayanad Ghat Road AccidentChuram Accident
News Summary - Negligence Of Authorities Leads Wayanad Ghat Road Accident
Next Story