വൈസ് പ്രിന്‍സിപ്പലടക്കം നാലുപേരെ നെഹ്റു കോളജ് പുറത്താക്കി
text_fieldsതിരുവില്വാമല(തൃശൂര്‍): പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ നാലുപേരെ കോളജില്‍നിന്ന് പുറത്താക്കി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.കെ. ശക്തിവേല്‍, പി.ആര്‍.ഒ കെ.വി. സഞ്ജിത്ത്, അധ്യാപകന്‍ സി.പി. പ്രവീണ്‍, കായിക മേധാവി ഗോവിന്ദന്‍കുട്ടി എന്നിവരെയാണ് പുറത്താക്കിയത്.
വിദ്യാര്‍ഥി സമരത്തിനൊടുവില്‍ ഇവരെ പുറത്താക്കിയതായി മുദ്രപ്പത്രത്തില്‍ ട്രസ്റ്റിയും നെഹ്റു ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്‍െറ സഹോദരനുമായ കൃഷ്ണകുമാര്‍ ഒപ്പിട്ട് നല്‍കുകയായിരുന്നു. കൃഷ്ണകുമാറിനെ മൂന്ന് മണിക്കൂറോളം ബന്ദിയാക്കിയാണ് ആവശ്യം അംഗീകരിപ്പിച്ചത്. കേസിലെ ഒന്നാം പ്രതി പി. കൃഷ്ണദാസിനെയും പുറത്താക്കിയതായി വെള്ള പേപ്പറില്‍ ഒപ്പിട്ട് വാങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതിന്‍െറ സാധുതയില്‍ പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സംശയം പ്രകടിപ്പിച്ചു.
ബുധനാഴ്ച ഉച്ചക്കായിരുന്നു മിന്നല്‍ സമരം. കൃഷ്ണദാസിന് കാമ്പസില്‍ കോടതി വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ സഹോദരന്‍ കൃഷ്ണകുമാറാണ് കാര്യങ്ങള്‍ നോക്കുന്നത്. കഴിഞ്ഞ 17ന് തൃശൂര്‍ കലക്ടറുടെ സാന്നിധ്യത്തില്‍ ഉണ്ടാക്കിയ ധാരണ രേഖാമൂലമാക്കാന്‍ 22ന് യോഗം തീരുമാനിച്ചിരുന്നെങ്കിലും മാനേജ്മെന്‍റ് സാവകാശം ചോദിച്ചു. ഉച്ചയോടെ ഈ ആവശ്യമുന്നയിച്ച് വിദ്യാര്‍ഥികള്‍ മാനേജ്മെന്‍റിനെ സമീപിച്ചു.
അംഗീകരിക്കാന്‍ തയാറാകാതായതോടെ സമരം തുടങ്ങി. ട്രസ്റ്റിയും പ്രിന്‍സിപ്പല്‍ ഡോ. ജി. കലിവര്‍ധനനും അധ്യാപകരും ഇരുന്ന മുറി വിദ്യാര്‍ഥികള്‍ പൂട്ടി. കോളജ് ഗേറ്റും പൂട്ടി. ചേലക്കര സി.ഐ വിജയകുമാരന്‍െറ നേതൃത്വത്തില്‍ അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കലക്ടറും മറ്റുമായി സി.ഐ വിഷയം ചര്‍ച്ച ചെയ്തു.
തുടര്‍ന്ന്, വിദ്യാര്‍ഥികള്‍ മുദ്രപ്പത്രത്തില്‍ ആവശ്യങ്ങള്‍ ടൈപ് ചെയ്ത് കൈമാറി. പ്രതികാര നടപടിയും മാനസിക പീഡനവും അവസാനിപ്പിക്കുക, ഇന്‍േറണല്‍ മാര്‍ക്ക് സര്‍വകലാശാലക്ക് അയക്കും മുമ്പ് ഏഴ് പ്രവൃത്തി ദിനങ്ങള്‍ കിട്ടുന്ന വിധം വെബ്സൈറ്റിലും നോട്ടീസ് ബോര്‍ഡിലും പ്രദര്‍ശിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളടങ്ങുന്ന മുദ്രപത്രത്തില്‍ ഒപ്പുവെക്കാന്‍ ട്രസ്റ്റി വിസമ്മതിച്ചതിനെച്ചൊല്ലി സമരാന്തരീക്ഷം തുടര്‍ന്നു. തുടര്‍ന്ന് പൊലീസ് സാന്നിധ്യത്തില്‍ ഒപ്പിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.