Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആധുനിക ഇന്ത്യയെ...

ആധുനിക ഇന്ത്യയെ ഏറ്റവും സ്വാധീനിച്ച നേതാവാണ് നെഹ്റു, ശിശുദിനത്തിൽ ആശംസയുമായി മുഖ്യമന്ത്രി

text_fields
bookmark_border
ആധുനിക ഇന്ത്യയെ ഏറ്റവും സ്വാധീനിച്ച നേതാവാണ് നെഹ്റു, ശിശുദിനത്തിൽ ആശംസയുമായി മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ ജന്മദിനമായ ശിശുദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനിക ഇന്ത്യയുടെ ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവഹർലാൽ നെഹ്റുവെന്നും ചേരിചേരാ നയത്തിലൂടെ ആഗോളതലത്തിൽ തന്നെ സമാധാനത്തിൻ്റേയും സ്വാതന്ത്ര്യത്തിൻ്റേയും പതാക വാഹകനായി നെഹ്റു മാറിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നെഹ്റു ഏതു മൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ടോ, അവ രൂക്ഷമായി അക്രമിക്കപ്പെടുകയും വിസ്മൃതിയിലാണ്ടു പോവുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പ്

ആധുനിക ഇന്ത്യയുടെ ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളിൽ ഒരാളാണ് ജവഹർലാൽ നെഹ്റു. സ്വാതന്ത്ര്യ പോരാട്ടത്തിനു നൽകിയ സുദീർഘവും ത്യാഗനിർഭരവുമായ നേതൃത്വവും, ഇന്ത്യയെ ആധുനിക റിപ്പബ്ലിക്കായി വളർത്തിയ രാഷ്ട്രതന്ത്രജ്ഞതയും ചരിത്രത്തിൽ അദ്ദേഹത്തിൻ്റെ സ്ഥാനം അനന്യമാക്കുന്നു. ദേശീയ പ്രസ്ഥാനത്തിനകത്തുണ്ടായിരുന്ന യാഥാസ്ഥിതികപക്ഷത്തെ എതിരിട്ടു കൊണ്ട് പുരോഗമന മൂല്യങ്ങളെ നെഹ്റു ഉയർത്തിപ്പിടിച്ചു. ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിച്ചാൽ മാത്രം പോരാ, സ്വാതന്ത്ര്യം അർത്ഥവത്താകണമെങ്കിൽ ശാസ്ത്രാവബോധവും മതേതരത്വവും സമത്വവും വളർച്ച പ്രാപിച്ച സമൂഹ നിർമ്മിതി നടക്കണമെന്നു കൂടി അദ്ദേഹം ഉറച്ചു വിശ്വസിച്ചു.

താഴേത്തട്ടിലേയ്ക്ക് വികസനത്തിൻ്റെ ഗുണഫലങ്ങൾ എത്തിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായാണ് സോവിയറ്റ് മാതൃകയെ പിന്തുടർന്ന ആസൂത്രണ പദ്ധതികൾ നെഹ്റു നടപ്പിലാക്കിയത്. പൊതു മേഖലയെ ശക്തമാക്കാൻ അദ്ദേഹം ഇടപെട്ടു. മത നിരപേക്ഷ ചിന്തകൾ ഉയർത്തിപ്പിടിച്ചു. ജനങ്ങൾക്കിടയിൽ ശാസ്ത്രാവബോധം വളർത്താൻ പദ്ധതികൾ നടപ്പിലാക്കി. ചേരിചേരാ നയത്തിലൂടെ ആഗോളതലത്തിൽ തന്നെ സമാധാനത്തിൻ്റേയും സ്വാതന്ത്ര്യത്തിൻ്റേയും പതാക വാഹകനായി നെഹ്റു മാറി.

നെഹ്റു ഏതു മൂല്യങ്ങൾക്കു വേണ്ടി നിലകൊണ്ടോ, അവ രൂക്ഷമായി അക്രമിക്കപ്പെടുകയും വിസ്മൃതിയിലാണ്ടു പോവുകയും ചെയ്യുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നു പോകുന്നത്. നെഹ്രുവിന്റെ ശരികളെ അദ്ദേഹത്തിന്റെ അനുയായികൾ തന്നെ ഉപേക്ഷിച്ചിരിക്കുന്നു. നെഹ്രുവിന്റേതിന് വിരുദ്ധമായ ചിന്തകളും അദ്ദേഹം മാറിനിന്ന വഴിയുമാണ് പിന്മുറക്കാരെന്നവകാശപ്പെടുന്നവർ സ്വീകരിക്കുന്നത്. വർഗീയ ശക്തികൾ രാജ്യത്ത് ശക്തി പ്രാപിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാന മൂല്യങ്ങൾക്കെതിരെ നിരന്തരമായ കടന്നുകയറ്റമുണ്ടാകുന്നു. പൊതുമേഖലയെ തകർത്ത് വൻപിച്ച സ്വകാര്യവൽക്കരണം നടത്തുന്നു. അസമത്വം അമ്പരപ്പിക്കുംവിധം വർദ്ധിച്ചിരിക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തിൽ നെഹ്രുവിന്റെ ഓർമ്മകൾക്ക് പ്രസക്തിയും പ്രാധാന്യവും ഏറിവരികയാണ്. അദ്ദേഹത്തിൻ്റെ ജന്മദിനമായ ഇന്ന്, നെഹ്രുവിന്റെ സംഭാവനകളെ അധികരിച്ചു ചർച്ചകളുണ്ടാകേണ്ടത് പ്രധാനമാണ്. പുതിയ വെല്ലുവിളികളെ നേരിടാനുള്ള ജനതയുടെ ശ്രമങ്ങൾക്ക് അത്തരം പരിശോധനകളും വിമർശനാത്മകമായ സംവാദങ്ങളും തീർച്ചയായും ദിശാബോധം പകരും.

കുട്ടികളുടെ ദിനമായാണ് നെഹ്‌റു ജയന്തി രാജ്യത്ത് ആഘോഷിക്കുന്നത്. നമ്മുടെ കുരുന്നു തലമുറയെ വിദ്വേഷത്തിന്റെയും അപരിഷ്കൃത ചിന്തയുടെയും കരിനിഴലിൽ തളച്ചിടാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത ഉറപ്പിക്കാനും ഈ സ്മരണയെ ഊർജ്ജമാക്കാം. ശിശുദിനാഘോഷത്തിൽ മുഴുകുന്ന എല്ലാ കുഞ്ഞുങ്ങളെയും സ്നേഹത്തോടെ അഭിവാദ്യം ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief Ministerjawahar lal nehrupinarayi vijayan Children
Next Story