നെഹ്റുട്രോഫി വള്ളംകളി ഫലപ്രഖ്യാപനത്തെച്ചൊല്ലി തർക്കം; പൊലീസ് ലാത്തിവീശി, മൂന്നു പേർക്ക് പരിക്ക്
text_fieldsആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ ഫലപ്രഖ്യാപനത്തെച്ചൊല്ലി തർക്കം. പ്രതിഷേധവുമായി രംഗത്തെത്തിയ വീയപുരം ചുണ്ടനിലെ തുഴച്ചിൽകാർക്കു നേരെ പൊലീസ് ലാത്തിവീശി. ലാത്തിയടിയേറ്റ് നിരവധി തുഴച്ചിൽകാർക്ക് പരിക്കേറ്റു. മൂന്നുപേർ ആശുപത്രിയിൽ ചികിത്സ തേടി. വീയപുരം ചുണ്ടൻ തുഴഞ്ഞ വി.ബി.സി കൈനകരിയിലെ തുഴച്ചിൽകാരായ സന്ദീപ്, അനന്തു, എബിൻ വർഗീസ് എന്നിവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഫലപ്രഖ്യാപനം കഴിഞ്ഞ് ഏതാനും മിനിറ്റുകൾക്കുള്ളിലാണ് സംഭവം നടന്നത്. വിജയി കാരിച്ചാലോ വീയപുരമോ എന്നത് ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്താലാണ് കണ്ടെത്തിയതെന്നാണ് സംഘാടക സമിതി പറയുന്നത്. ഇക്കാര്യം തങ്ങൾക്ക് ബോധ്യപ്പെടണമെന്നും വിഡിയോ കാണണമെന്നും ആവശ്യപ്പെട്ട് ക്യാപ്റ്റന്റെ നേതൃത്വത്തിൽ തുഴച്ചിലുകാർ നെഹ്‌റു പവിലിയനിലേക്ക് എത്തി. തുഴച്ചിലുകാർ സംഘാടകരുമായി തർക്കിക്കവേ പവിലിയനിലെ ലൈറ്റുകൾ ഓഫ് ചെയ്തു. ഇരുട്ടായതോടെ പൊലീസുകാർ ലാത്തിച്ചാർജ് നടത്തുകയായിരുന്നു.
വീയപുരം ചുണ്ടനിലെ എല്ലാ തുഴച്ചിൽകാർക്കും മർദനമേറ്റു. മൂന്ന് പേരുടെ തലപൊട്ടി. തലപൊട്ടിയവരാണ് ചികിത്സ തേടിയത്. മത്സരം കഴിഞ്ഞപ്പോൾ വിജയി വീയപുരമോ കാരിച്ചാലോ എന്ന് പ്രവചിക്കാൻ കഴിയുമായിരുന്നില്ല. അഞ്ച് മിനിറ്റിനകം ഡിജിറ്റൽ ഉപകരണങ്ങളിലെ വിഡിയോ ദൃശ്യങ്ങൾ നോക്കിയാണ് കാരിച്ചാൽ അഞ്ച് മൈക്രോ സെക്കൻഡുകൾക്ക് മുന്നിലെത്തി വിജയിച്ചതായി പ്രഖ്യാപിച്ചത്. അഞ്ച് മിനിറ്റിനകം ഫലം പ്രഖ്യാപിച്ചതും വിഡിയോ കാട്ടി ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതും അംഗീകരിക്കാതെയാണ് മർദനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.