നെഹ്റു ട്രോഫി വള്ളംകളി: മതവികാരം വ്രണപ്പെടുത്തുന്നതിൽനിന്ന് സർക്കാർ പിൻവാങ്ങണം -അതിരൂപത വൈദിക സമിതി
text_fieldsകോട്ടയം: പുന്നമടക്കായലിൽ നെഹ്റു ട്രോഫി വള്ളംകളി ഇത്തവണ ഞായറാഴ്ച നടത്താൻ നിശ്ചയിച്ചതിനെതിരെ ചങ്ങനാശേരി അതിരൂപത. മതവികാരം വ്രണപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് അതിരൂപത വൈദിക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പള്ളികളുടെ ആരാധനാ സമയം പോലും പരിഗണിക്കാതെ നെഹ്റു ട്രോഫിക്കായി പാർക്കിംഗ് ക്രമീകരണം നടത്തണം എന്നാവശ്യപ്പെടുന്നത് അപലപനീയമാണ്. മുൻ വർഷങ്ങളിൽ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചകളിൽ നടത്തിയിരുന്ന നെഹ്റു ട്രോഫി വള്ളംകളിയാണ് ഇത്തവണ ഞായറാഴ്ച നടത്തുന്നത്. ക്രൈസ്തവ വിശ്വാസികൾ പ്രാർഥനയ്ക്കും കുർബാനയ്ക്കുമായി മാറ്റി വയ്ക്കുന്ന ദിവസമാണ് ഞായറാഴ്ച. ഞായറാഴ്ചകൾ പ്രവൃത്തി ദിവസമാക്കാനുള്ള ശ്രമങ്ങൾ കുറെ കാലമായി സംസ്ഥാന സർക്കാർ നടത്തുന്നുണ്ടെന്നും അതിരൂപത വൈദികസമിതി ചൂണ്ടിക്കാട്ടി.
അതേസമയം, വള്ളംകളിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കില്ല. ഔദ്യോഗിക തിരക്കുകളാണ് പരിപാടിയിൽ പങ്കെടുക്കാത്തതിന് കാരണമെന്നാണ് സൂചന. മന്ത്രിയുടെ സന്ദർശന പട്ടികയിൽ ആലപ്പുഴ ഉൾപ്പെടുത്തിയിട്ടില്ല. അമിത്ഷായെ വള്ളംകളിക്ക് ക്ഷണിച്ച മുഖ്യമന്ത്രിയുടെ നടപടി വിവാദമായിരുന്നു.
ഈ മാസം മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റർസ്റ്റേറ്റ് കൗൺസിൽ യോഗത്തിന് അമിത് ഷാ എത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വള്ളംകളിക്ക് മുഖ്യാതിഥിയാകാനും ഓണാഘോഷങ്ങളിൽ പങ്കെടുക്കാനും അഭ്യർഥിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ് ആഗസ്റ്റ് 23ന് കത്തയച്ചത്. ഇത് വലിയ വിമർശനത്തിന് ഇടവെക്കുകയും പ്രതിപക്ഷമടക്കം ശക്തമായ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.