നെഹ്റു ട്രോഫി: മഹാദേവികാട് കാട്ടിൽ തെക്കേതിൽ ജലരാജാവ്
text_fieldsആലപ്പുഴ: പുന്നമടയിൽ ആവേശത്താളത്തിൽ തുഴയെറിഞ്ഞ് മിന്നുംപ്രകടനം കാഴ്ചവെച്ച മഹാദേവികാട് കാട്ടിൽ തെക്കേതിൽ ജലരാജാവ്. 68ാമത് നെഹ്റു ട്രോഫിയിൽ മുത്തമിടാൻ കരുത്തുപകർന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഹാട്രിക് കിരീടവും സ്വന്തമാക്കി.
അവസാന നിമിഷംവരെ ആവേശം കത്തിക്കയറിയ ചുണ്ടൻവള്ളങ്ങളുടെ ഫൈനൽ ഫോട്ടോ ഫിനിഷിലൂടെയാണ് ഒന്നാമതെത്തിയ മഹാദേവികാട് കാട്ടിൽ തെക്കേതിലിന്‍റെ നേട്ടം. സന്തോഷ് ചാക്കോ ക്യാപ്റ്റനായ ചുണ്ടൻ (4.30.77) മിനിറ്റും കുറിച്ചു. സെക്കൻഡിന്‍റെ വ്യത്യാസത്തിൽ (4.31.57) കുമരകം കൈപ്പുഴമുട്ട് എൻ.സി.ഡി.സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാമതെത്തി. പുന്നമട ബോട്ട് ക്ലബിന്‍റെ വീയപുരം ചുണ്ടനാണ് മൂന്നാംസ്ഥാനം (4.31.61).
ഹീറ്റ്‌സ് മത്സരങ്ങളിൽ ഏറ്റവും കുറവ് സമയമെടുത്ത നാല് ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിലെത്തിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് 2018ൽ പായിപ്പാട് ചുണ്ടനിലും 2019ൽ നടുഭാഗം ചുണ്ടനിലും കിരീടം നേടിയിരുന്നു. ഓണാഘോഷത്തിന്‍റെ സമൃദ്ധിയിലെത്തിയ വള്ളംകളിക്ക് ജനസമുദ്രമാണ് പുന്നമടയിലേക്ക് ഒഴുകിയെത്തിയത്. രണ്ടുവർഷത്തെ ഇടവേളക്കുശേഷം നടന്ന നെഹ്റു ട്രോഫിയോടെ രണ്ടാം ചാമ്പ്യൻസ് ബോട്ട് ലീഗിനും (സി.ബി.എൽ) തുടക്കമായി.
അഞ്ച് ഹീറ്റ്സുകളിലായിരുന്നു പ്രാഥമിക മത്സരം. മികച്ച സമയത്തിന്‍റെ അടിസ്ഥാനത്തിലാണ് ചുണ്ടൻ വള്ളങ്ങൾ ഫൈനൽ ഉറപ്പിച്ചത്. മൂന്നും നാലും ഹീറ്റ്‌സിൽ ഒന്നാമതെത്തിയ വള്ളങ്ങൾ ഫൈനലിലെത്തിയില്ല. എന്നാൽ, അഞ്ചാം ഹീറ്റ്‌സിൽ മത്സരിച്ച വീയപുരം, നടുഭാഗം ചുണ്ടനുകള്‍ കലാശപ്പോരിന് യോഗ്യത നേടി. മികച്ച വിജയചരിത്ര പാരമ്പര്യമുള്ള യു.ബി.സിയുടെ കരുത്തിലെത്തിയ കാരിച്ചാൽ ചുണ്ടൻ വള്ളംകളി പ്രേമികൾക്ക് നിരാശ സമ്മാനിച്ചു. മൂന്നാം ഹീറ്റിസിൽ മറ്റ് ചുണ്ടനുകളോട് പൊരുതി കാരിച്ചാലിന് ഒന്നാമത് എത്തിയെങ്കിലും മികച്ചസമയം കുറിക്കാനാകാത്തതിനാൽ ഫൈനലിൽ ഇടംനേടാനായില്ല. ലൂസേഴ്സ് ഫൈനലില്‍ കാരിച്ചാല്‍ ജേതാക്കളായി. 4.45.91 മിനിറ്റിൽ ഫിനിഷ് ചെയ്തു. സെക്കന്‍ഡ് ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് പാണ്ടിയും തേഡ് ലൂസേഴ്സ് ഫൈനലിൽ ജവഹർ തായങ്കരിയും വിജയിച്ചു.
ചെറുവള്ളങ്ങളുടെ മത്സരത്തിൽ തെക്കനോടി (തറ-വനിതകൾ): സാരഥി (പൊലീസ് ബോട്ട് ക്ലബ് ആലപ്പുഴ), ഇരുട്ടുകുത്തി എ ഗ്രേഡ്: മൂന്ന് തൈക്കൽ (ആർപ്പൂക്കര ബോട്ട് ക്ലബ്), ഇരുട്ടുകുത്തി ബി ഗ്രേഡ്-തുരുത്തിപ്പുറം (തുരുത്തിപ്പുറം ബോട്ട് ക്ലബ് എറണാകുളം), ഇരുട്ടുകുത്തി സി ഗ്രേഡ് (ജെ.ബി.സി ഗോതുരുത്ത്), വെപ്പ് എ ഗ്രേഡ്: മണലി (പൊലീസ് ബോട്ട് ക്ലബ് ആലപ്പുഴ), ചുരുളന്‍-കോടിമത (കൊടുപ്പുന്ന ബോട്ട് ക്ലബ് എടത്വ), വെപ്പ് ബി ഗ്രേഡ്-ചിറമേല്‍ തോട്ടുകടവന്‍ (എസ്.എസ്.ബി.സി കുമരകം), ചുരുളൻ- കോടിമത (കൊടുപ്പുന്ന ബോട്ട് ക്ലബ്), തെക്കനോടി കെട്ട് (വനിതകൾ): കാട്ടിൽ തെക്കേതിൽ (വിമൻസ് ബോട്ട് ക്ലബ് മുട്ടാർ) എന്നിവർ ജേതാക്കളായി. വിജയികൾക്ക് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍, മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, പി. പ്രസാദ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഹാട്രിക് കിരീടം
ആലപ്പുഴ: മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടനിലൂടെ നെഹ്റു ട്രോഫി ഹാട്രിക് കീരിടം നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പി.ബി.സി) കുട്ടനാട്ടുകാരുടെ ഹൃദയതാളമായി. അതിജീവനത്തിന്‍റെ ആവേശതുഴയെറിഞ്ഞാണ് ഇവർ പുന്നമടയിൽ കരുത്തുകാട്ടിയത്. ഹാട്രിക്ക് ഉൾപ്പെടെ അഞ്ചുതവണ കിരീടം നേടിയിട്ടുണ്ട്.
1983ൽ നെപ്പോളിയൻ ചുണ്ടനിലൂടെയായിരുന്നു നെഹ്‌റു ട്രോഫിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്. 1988ൽ ഏറ്റവുംനീളം കൂടിയ വള്ളമായ വെള്ളംകുളങ്ങര ചുണ്ടനിൽ 4.42 മിന്നുന്ന വിജയം നേടി. പിന്നീട് 1998ൽ ചമ്പക്കുളം ചുണ്ടനിലും നേട്ടം ആവർത്തിച്ചു. 10 വർഷത്തെ ഇടവേളക്കുശേം 2018ൽ പായിപ്പാട് ചുണ്ടനിലും 2019ൽ 67വർഷത്തെ ചരിത്രത്തിനൊടുവിൽ നടുംഭാഗം ചുണ്ടനിലും നെഹ്റു ട്രോഫിയിൽ വിജയക്കൊടി പാറിച്ചു. ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ആദ്യപതിപ്പായ 2019ൽ 12 മത്സരങ്ങളിൽ 11ലും വിജയംനേടി.
2015ൽ ഉമാമഹേശ്വരൻ ആശാരിയുടെ നേതൃത്വത്തിൽ പണിതതാണ് മഹാദേവികാട് കാട്ടിൽ തെക്കേതിൽ. പിന്നീട് അഭിലാഷ് ആശാരി പുതുക്കിപ്പണിതു. നീരണഞ്ഞ ആദ്യവർഷം തന്നെ മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ചുണ്ടൻ കാഴ്ചവെച്ചത്. 20-30 ഇടയിൽ പ്രായമുള്ള തുഴച്ചിലുകാരാണ് പി.ബി.സിക്ക് കരുത്തും വേഗവും പകർന്നത്.
വിനോദ് പവിത്രൻ മാതിരംപള്ളി കോച്ചും മനോജ് പത്തുങ്കലാണ് ലീഡിങ് ക്യാപ്റ്റനുമായിരുന്നു. വി. ജയപ്രകാശ് (പ്രസി.), സുനീർ എ.കമ്പിവേലി (സെക്ര.), ടി.പി. രാജു, ശശിധരൻ ഓണാംപള്ളി (രക്ഷാധികാരി) എന്നിവരുടെ നേതൃത്വത്തിലാണ് പി.ബി.സിയെ കുതിപ്പിലേക്ക് നയിച്ചത്. പുന്നമടയിലും പരിസരങ്ങളിലുമായി മൂന്നാഴ്ചയിലേറെ കഠിനപരിശീലനവും സഹായകരമായി.
1971ൽ ആലപ്പുഴ നഗരസഭയുടെ മൂന്നുവാർഡുകളും പള്ളാത്തുരുത്തി പാലം മുതൽ വേമ്പനാട് കായൽ വരെയുള്ള ഇരുകരകളിലും താമസിക്കുന്നവരുടെ കൂട്ടായ്മയിലൂടെയാണ് പി.ബി.സിയുടെ പിറവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.