പുന്നമടയിൽ ആരവമുയർന്നില്ല; നെഹ്റു ട്രോഫി വള്ളംകളി അനിശ്ചിതത്വത്തിൽ
text_fieldsആലപ്പുഴ: പുന്നമടയിൽ ആർപ്പോ....ഇർറോ...വിളി ഉയർന്നില്ല. നിശ്ചലമായ ട്രാക്കും പരിസരവും വള്ളംകളി പ്രേമികളെ നിരാശരായി. പതിവുതെറ്റാതെ ഇക്കുറി രണ്ടാം ശനിയാഴ്ച നെഹ്റുട്രോഫി വള്ളംകളിയെത്തിയപ്പോൾ ആലപ്പുഴക്കാർ ഏറെ സന്തോഷിച്ചു. വയനാട് ദുരന്തപശ്ചാത്തലത്തിൽ അത് മാറ്റിവെച്ചതോടെ വള്ളസമിതിയും ക്ലബുകാരും നിരാശരായി.
ആദിവസം വീണ്ടുമെത്തിയപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമായി. പലരും പഴയചിത്രങ്ങൾ നിറച്ചാണ് ഓർമപുതുക്കിയത്. ആരുജയിക്കുമെന്ന് വരെ പറഞ്ഞുവെച്ചായിരുന്നു ചിലരുടെ കമന്റുകൾ. വേറെ ഒരുകൂട്ടൽ ആളൊഴിഞ്ഞ പുന്നമടയിൽ നേരിട്ടെത്തി ഫിനിഷിങ് പോയന്റടക്കം കണ്ടുമടങ്ങാനും സമയം കണ്ടെത്തി.
ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ഉപേക്ഷിച്ചതിന് പിന്നാലെയാണ് നെഹ്റുട്രോഫി നടുക്കുമോയെന്ന ആശങ്ക വർധിച്ചത്. പുതിയ തീയതി കണ്ടെത്താൻ കഴിയാത്തതാണ് പുതിയ പ്രശ്നം. ഇതിനായി മന്ത്രിതല ചർച്ച നടന്നെങ്കിലും സർക്കാർ അനുകൂല നിലപാട് എടുത്തിട്ടില്ലെന്നാണ് വിവരം.
സി.ബി.എൽ പ്രതീക്ഷിച്ച് പരിശീലനം തുടങ്ങിയ ചുണ്ടൻവള്ളങ്ങൾക്കും ക്ലബുകൾക്കും ലക്ഷങ്ങളുടെ നഷ്ടമുണ്ടാകും. അതിനാൽ നെഹ്റുട്രോഫിയിൽ മാത്രം പങ്കെടുത്ത് മടങ്ങുന്നതിനോട് പലർക്കും യോജിപ്പില്ല. ഈമാസം അവസാനം മത്സരം നടത്തണമെന്നാണ് ക്ലബുകളുടെ ആവശ്യം. അത് പരിഗണിക്കാതെ മത്സരം നീട്ടിയാൽ നഷ്ടപരിഹാരം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കാനാണ് തീരുമാനം.
സെപ്റ്റംബറിൽ നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും ഔദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ല. സർക്കാർ ഓണാഘോഷങ്ങളടക്കമുള്ള പരിപാടി റദ്ദാക്കിയതിനാൽ സെപ്റ്റംബറിലും വള്ളംകളി നടക്കില്ലെന്നും പറയപ്പെടുന്നു.
വലിയ സാമ്പത്തിക പ്രതിസന്ധിയിലായ വള്ളസമിതികളും ക്ലബുകളും പരിശീലനം നിർത്തി ക്യാമ്പുകൾ പിരിച്ചുവിട്ടു. ലക്ഷങ്ങൾ മുടക്കി നെഹ്റുട്രോഫിയിൽ മാറ്റുക്കുന്ന ക്ലബുകൾ സി.ബി.എല്ലിൽ കയറിപ്പറ്റാനാണ് മത്സരിക്കുന്നത്. ടിക്കറ്റ് വിൽപനയടക്കം തുടങ്ങിയ എൻ.ടി.ബി.ആറിനും കനത്തനഷ്ടമുണ്ടാകും.
മത്സരം കൂടുതൽ നീണ്ടാൽ ഇതുവരെയുള്ള പരിശീലനം വെറുതേയാകും. വീണ്ടും ആദ്യഘട്ടം മുതൽ പരിശീലനം നടത്താനുള്ള ചെലവും കണ്ടെത്തണം. തീരുമാനമാകാത്തതിനാൽ ഫിനിഷിങ് പോയന്റിൽ താൽക്കാലികമായി നിർമിച്ച പവിലിയനും അതേപടി നിലനിർത്തിയിട്ടുണ്ട്.
പണം തിരികെ ചോദിച്ച് ഫോൺവിളി; വിറ്റത് എട്ടുലക്ഷം രൂപയുടെ ടിക്കറ്റ്
ആലപ്പുഴ: നെഹ്റുട്രോഫിയുടെ പുതിയ തീയതി തീരുമാനം നീണ്ടതോടെ ടിക്കറ്റ് വാങ്ങിയവർ പണം ചോദിച്ച് ആർ.ഡി.ഒ ഓഫിസിലേക്ക് ഫോൺ വിളി വർധിച്ചു. വിവിധ സർക്കാർ ഓഫിസുകളിൽനിന്ന് ഓൺലൈനായും ടിക്കറ്റ് വാങ്ങിയവരാണ് പുതിയ തീയതി തിരക്കിയും പണം തിരികെ ആവശ്യപ്പെട്ടും വിളിക്കുന്നത്.
പുതിയ തീയതിയിൽ ഇതേടിക്കറ്റ് ഉപയോഗിച്ച് വള്ളംകളി കാണാനാകുമെന്നാണ് അധികൃതരുടെ വിശദീകരണം. അന്ന് എത്താനാകില്ലെന്ന് അറിയിച്ചാൽ പണംതിരികെ നൽകാൻ സംവിധാനമൊരുക്കും. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളിലെ സർക്കാർ ഓഫിസുകളിലൂടെയാണ് പ്രധാനമായും വള്ളംകളി ടിക്കറ്റ് വിറ്റത്. എട്ടുലക്ഷം ലക്ഷത്തോളം രൂപയുടെ ടിക്കറ്റ് വിറ്റപ്പോഴാണ് വയനാട് ദുരന്തപശ്ചാത്തലത്തിൽ മത്സരം മാറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.