വിടപറഞ്ഞത് നെഹ്റുവിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ
text_fieldsപാലക്കാട്: കൽപാത്തി സ്വദേശി എം.വി. രാജന്റെ (93) വിയോഗത്തോടെ ഓർമയാകുന്നത് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെന്ന നിലയിൽ ഒരുപാട് അനുഭവസമ്പത്തുള്ള വ്യക്തിത്വം.
നെഹ്റുവിന്റെ പേഴ്സനൽ സെക്രട്ടറിയായിരുന്ന രാജൻ 1959ൽ ഡൽഹിയിൽ സ്റ്റാഫായി ചേർന്നതു മുതൽ നെഹ്റു മരിക്കുന്നതുവരെ അദ്ദേഹവുമായി ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. പിന്നീട് നെഹ്റു കുടുംബത്തിന്റെ കാവലാളായി മാറി. 20 വർഷം മുമ്പാണ് അദ്ദേഹം ജന്മനാടായ കൽപാത്തിയിലേക്ക് തിരിച്ചെത്തിയത്.
1948ൽ പാലക്കാട് വിക്ടോറിയ കോളജിൽനിന്ന് ബി.എസ്‌സി സുവോളജിയിൽ ബിരുദം നേടിയ രാജൻ 1949ലാണ് കൽപാത്തിയിലെ സുഹൃത്ത്‍ പറഞ്ഞതനുസരിച്ച് ഡൽഹിയിലെത്തുന്നത്. 1950ൽ പ്രധാനമന്ത്രിയുടെ സെക്രട്ടേറിയറ്റ് ജീവനക്കാരനാകുകയും നെഹ്റുവുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തു. പേഴ്‌സനൽ അസിസ്റ്റൻറായിരിക്കെ വിദേശയാത്രകളിലുൾപ്പെടെ അദ്ദേഹത്തോടൊപ്പം സഞ്ചരിക്കാൻ അവസരം ലഭിച്ചു.
നെഹ്‌റുവിന്റെ മരണശേഷം, ന്യൂഡൽഹിയിൽ ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ടും ലൈബ്രറിയും മ്യൂസിയവും സ്ഥാപിക്കുന്നതിൽ എം.വി. രാജൻ പങ്കാളിയായി. വിരമിക്കുന്നതുവരെ അദ്ദേഹം മെമ്മോറിയൽ ഫണ്ടിന്റെ തലവനായിരുന്നു.
അലഹബാദിൽ ആനന്ദഭവൻ മ്യൂസിയം സ്ഥാപിക്കുന്നതിലും ഇന്ദിരഗാന്ധി മെമ്മോറിയൽ ട്രസ്റ്റ് രൂപവത്കരണത്തിലും പങ്കാളിയായി. രാജൻ സൂക്ഷിച്ചിരുന്ന നെഹ്റുവിന്റെ കൈയെഴുത്തുപ്രതികൾ, കത്തുകൾ, പുസ്തകങ്ങൾ തുടങ്ങിയവയുടെ വൻശേഖരം തീൻമൂർത്തി മ്യൂസിയത്തിന് കൈമാറുകയായിരുന്നു.
നെഹ്റുവിന്റെ പുസ്തകശേഖരത്തിലെ നല്ലൊരു ഭാഗവും അദ്ദേഹം പാലക്കാട്ടേക്ക് തിരിച്ചുവന്നപ്പോൾ കൂടെ കരുതി. ഇവ രണ്ടു വർഷം മുമ്പ് വിക്ടോറിയ കോളജിന് കൈമാറി. ജീവിതസഖി ജയലക്ഷ്മി 2022 ജൂലൈയിൽ മരിച്ചതോടെ തനിച്ചായി. ഇതിനിടെ രാജന് പാർക്കിൻസൺസ് രോഗവും ബാധിച്ചിരുന്നു. എങ്കിലും ആധ്യാത്മിക സദസ്സുകളിൽ സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.