ഹനുമാൻ സേനയുമായി ബി.ജെ.പിക്കോ ആർ.എസ്.എസിനോ ബന്ധമില്ല -പി.കെ. കൃഷ്ണദാസ്
text_fieldsതിരുവനന്തപുരം: തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരേ ഹിന്ദുത്വ സംഘടനകളുടെ ആക്രമണത്തിൽ പ്രതികരണവുമായി ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. ഹനുമാൻ സേനയുമായി ബി.ജെ.പിക്കോ ആർ.എസ്.എസിനോ യാതൊരു ബന്ധവുമില്ലെന്ന് കൃഷ്ണദാസ് വ്യക്തമാക്കി.
വസ്തുതക്ക് നിരക്കാത്ത വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ പിന്മാറണം. കാവികൊടി പിടിച്ച് ഹനുമാൻ സേന എന്ന് കണ്ടാൽ അത് ബി.ജെ.പിയുടെ തലയിൽ കെട്ടിവെക്കുന്നത് ശരിയാണോ എന്ന് കൃഷ്ണദാസ് ചോദിച്ചു.
സ്കൂൾ ആക്രമിച്ച സംഭവുമായി ബി.ജെ.പിക്ക് യാതൊരു ബന്ധവുമില്ല. ജയ്ശ്രീറാം എന്ന് ആർക്കും വിളിക്കാം. ഇങ്ക്വിലാബ് സിന്ദാബാദ് എന്ന് വിളിക്കുന്ന നക്സലുകൾ സി.പി.എം ആണെന്ന് പറയാൻ സാധിക്കുമോ എന്നും കൃഷ്ണദാസ് ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരേ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം നടത്തിയത്. സ്‌കൂൾ യൂനിഫോമിന് പകരം ഏതാനും വിദ്യാർഥികൾ മതപരമായ വസ്ത്രങ്ങൾ ധരിച്ചു വന്നത് അധ്യാപകർ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളംപേർ സ്കൂളിൽ ഇരച്ചുകയറി ഉപകരണങ്ങൾ തല്ലിത്തകർത്തു. കെട്ടിടത്തിന് മുകളിൽ കാവിക്കൊടി കെട്ടുകയും മദർ തെരേസയുടെ രൂപം അടിച്ചു തകർക്കുകയും ചെയ്തു. ആക്രമണത്തിൽ മലയാളി വൈദികനും മർദനമേറ്റു. സ്‌കൂൾ മാനേജറെ കൊണ്ട് നിർബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു.
മറ്റു കുട്ടികളെല്ലാം യൂനിഫോം ധരിച്ച് എത്തിയപ്പോൾ പത്തോളം പേർ മതപരമായ വസ്ത്രം ധരിച്ചാണ് എത്തിയത്. കുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതർ പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസമാണ് ഹിന്ദുത്വവാദികൾ അക്രമം നടത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.