ഫർണിച്ചർ വിപണിയിൽ ഓണക്കാഴ്ചയൊരുക്കി നെല്ലിക്കുഴി
text_fieldsസംസ്ഥാനത്തെ ഏറ്റവും വലിയ ചെറുകിട ഫർണിച്ചർ നിർമാണ കേന്ദ്രമാണ് എറണാകുളം ജില്ലയിലെ നെല്ലിക്കുഴി. പ്രതിസന്ധികളെ മറികടക്കാന്‍ ഓണം വിപണിയിൽ കണ്ണ് നട്ടിരിക്കുകയാണ് ഫര്‍ണിച്ചര്‍ വ്യാപാരികള്‍. അശമന്നൂര്‍ പഞ്ചായത്തിലെ ഓടക്കാലി മുതല്‍ നെല്ലിക്കുഴി പഞ്ചായത്തിലെ ഇളമ്പ്ര വരെയുളള അഞ്ച് കിലോമീറ്റര്‍ ദൂരം ആലുവ - മൂന്നാര്‍ റോഡിന്റെ ഇരുവശങ്ങളിലുമായി നൂറ് കണക്കിന് ഫര്‍ണിച്ചര്‍ ഷോറൂമുകളാണ് ഇന്ന് നെല്ലിക്കുഴിയുടെ അടയാളം.
ഫര്‍ണിച്ചർ ഗ്രാമം
നെല്ലിക്കുഴിയുടെ പെരുമയും പേരും ഫര്‍ണിച്ചര്‍ നിർമാണമാണ്. പ്രാദേശികമായി ഉല്പാദിപ്പിക്കുന്നവക്ക് പുറമെ വിദേശ രാജ്യങ്ങളില്‍നിന്ന് എത്തിക്കുന്ന വിവിധതരം ഫര്‍ണിച്ചറുകളും വീടിന് മോടി കൂട്ടാൻ മരത്തില്‍ പണികഴിച്ച കൗതുക ഉല്പന്നങ്ങളും നെല്ലിക്കുഴിയിലെ ഷോറൂമുകളിലെ ആകര്‍ഷണീയ കാഴ്ചകളാണ്. വൈവിധ്യം കൊണ്ട് ആരെയും ആകർഷിക്കുന്ന ഫര്‍ണിച്ചറാണ് ഇത്തവണയും ഓണം വിപണിക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്. പഴയകാല പ്രൗഢിയും പുതിയ കാലത്തിന്റെ ട്രെന്റുകളും സമന്വയിപ്പിച്ചുള്ളതാണ് നിർമാണ ശൈലി. ഇറക്കുമതി ചെയ്ത് ഉല്പന്നങ്ങൾക്ക് പ്രത്യേക ഷോറൂമകളും ഒരുക്കിയിട്ടുണ്ട്. കച്ചവടം പ്രതാപത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ഒാരോ വ്യാപാരിയും. ഓണം വിപണി ലക്ഷ്യമാക്കി ഷോറൂമുകള്‍ ഉൽപന്നങ്ങളാൽ നിറഞ്ഞുകഴിഞ്ഞു. സംസ്ഥാനത്ത് മറ്റെങ്ങും കാണാനാവാത്ത വിധം നൂറുകണക്കിന് ഇടത്തരം ഫർണിച്ചർ ഷോറൂമുകളാണ് നെല്ലിക്കുഴിയിലുള്ളത്. ഫര്‍ണിച്ചര്‍ നിര്‍മാണവും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട് നൂറുകണക്കിനാളുകൾ തൊഴിലെടുക്കുന്നു. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ആഢംബര കൊത്തുപണികള്‍ എല്ലാം ഒഴിവാക്കി ലളിതമായ മോഡലിലുള്ള ഫര്‍ണിച്ചറുകൾക്കാണ് ഇപ്പോൾ വിപണിയിൽ പ്രിയം എന്ന് വ്യാപാരികൾ പറയുന്നു.
നെല്ലിക്കുഴി, അശമന്നൂര്‍ പഞ്ചായത്തുകളിൽ തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് ഫര്‍ണിച്ചര്‍ കയറ്റി അയക്കുന്ന നിരവധി ചെറുകിട വ്യാപാരികൾ ഉണ്ട്. നോട്ട് നിരോധനം മുതല്‍ പ്രളയവും കോവിഡ് മഹാമാരിയും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുമെല്ലാം മറ്റ് മേഖലകളെ പോലെ തന്നെ നെല്ലിക്കുഴിയിലെ ഫർണിച്ചര്‍ വിപണിക്കും കനത്ത ആഘാതമാണ് നല്‍കിയത്. ഇതോടെ, നിരവധി ചെറുകിട വ്യാപാരികള്‍ മറ്റ് പല ജോലികളിലേക്കും ചേക്കേറി. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാനുള്ള വ്യാപാരികളുടെ ഏക പ്രതീക്ഷയാണ് ഓണം വിപണി. ഇപ്പോൾ നെല്ലിക്കുഴിയിലെ ഏറ്റവും വലിയ ഇടപാടുകാർ തമിഴ്നാട്ടിലെ ചെറുകിട വ്യാപാരികള്‍ ആണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ചെറുകിട വ്യാപാരികളുടെ ഓർഡറുകളും ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ കച്ചവടം പയറ്റുന്നവരും കുറവല്ല.
പ്രതീക്ഷ വിടാതെ വ്യാപാരികൾ
പ്രളയകാലം മുതലുള്ള പ്രതിസന്ധിയെ മറികടക്കാൻ ഈ വർഷത്തെ ഓണക്കാല കച്ചവടത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് സി.ബി. കരീം പറഞ്ഞു. ഓണക്കാലത്തിന് മുന്നോടിയായി മൊത്ത വ്യാപാര മേഖലയിൽ കച്ചവടങ്ങളും ഓർഡറുകളും ലഭിക്കുന്നത് ശുഭസൂചനയാണ്. വരും ദിവസങ്ങളിൽ ചില്ലറ വിൽപനയിലും വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഫർണിച്ചർ വ്യാപാര മേഖലയിലെ തളർച്ച മറികടക്കാമെന്ന ശുഭപ്രതീക്ഷയാണ് ഉള്ളതെന്ന് വ്യാപാരി വ്യവസായി സമിതി നെല്ലിക്കുഴി യൂനിറ്റ് സെക്രട്ടറി എൻ.ബി. യൂസഫ് പറഞ്ഞു. ഓണക്കാല കച്ചവടത്തിനായി വ്യാപാരികൾ വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.