നെല്ലിയമ്പം ഇരട്ടക്കൊല; പ്രതി കുറ്റക്കാരനെന്ന് കോടതി
text_fieldsകൽപറ്റ: പനമരം നെല്ലിയമ്പം ഇരട്ടക്കൊലക്കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി. വയനാട് അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി -രണ്ടാണ് പ്രതി അർജുൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഏപ്രിൽ 29ന് കോടതി ശിക്ഷ പ്രഖ്യാപിക്കും. സെക്ഷൻ 302 ഐ.പി.സി(കൊലപാതകം),449 ഐ.പി.സി ഭവനഭേദനം) 201 ഐ.പി.സി( തെളിവ് നശിപ്പിക്കൽ)' എന്നീ വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് ജില്ല സെഷൻസ് അഡ്ഹോക്ക് രണ്ട് കോടതി ജഡ്ജ് എസ്.കെ. അനിൽ കുമാർ കണ്ടെത്തിയത്.
2021 ജൂൺ 10ന് രാത്രിയാണ് അർജുൻ വയോധിക ദമ്പതികളായ റിട്ട. അധ്യാപകന് കേശവനെയും ഭാര്യ പത്മാവതിയെയും മോഷണ ശ്രമത്തിനിടെ വെട്ടിക്കൊന്നത്. നെല്ലിയമ്പത്തെ വീട്ടില്‍ വെട്ടേറ്റ നിലയിൽ അയൽവാസികളാണ് ദമ്പതികളെ ആദ്യം കണ്ടത്. വയറിനും തലക്ക് വെട്ടും കുത്തുമേറ്റ കേശവന് സംഭവസ്ഥലത്ത് മരിച്ചു.
നെഞ്ചിനും കഴുത്തിനും ഇടയില്‍ കുത്തേറ്റ പത്മാവതി വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പനമരം, നീര്‍വാരം സ്കൂളുകളിലെ കായികാധ്യാപകനായിരുന്നു മരിച്ച കേശവന്. സംഭവം കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം സെപ്റ്റംബർ 17നാണ് പ്രതി അയൽവാസിയായ നെല്ലിയമ്പം കായക്കുന്ന് കുറുമക്കോളനിയിലെ അർജുൻ അറസ്റ്റിലാവുന്നത്.
2021 ജൂണ്‍ ഒമ്പതിനു മാനന്തവാടി ഡിവൈ.എസ്.പിയുടെ കാര്യാലയത്തില്‍ ചോദ്യം ചെയ്യുന്നതിനിടെ പുറത്തേക്കോടിയ അര്ജുന് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചിരുന്നു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കുശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.
പ്രത്യേക സംഘം മൂന്നു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. കേസന്വേഷണത്തിന്റെ ഭാഗമായി മുന്‍കാല കുറ്റവാളികളടക്കം മൂവായിരത്തോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
അഞ്ചുലക്ഷത്തോളം മൊബൈല്‍ ഫോണ്‍ കോളുകളും 150ഓളം സി.സി.ടി.വി കാമറ ദൃശ്യങ്ങളും പരിശോധിച്ചു. താഴെ നെല്ലിയമ്പത്തു കാപ്പിത്തോട്ടത്തിലാണ് ദമ്പതികളുടെ ഇരുനില വീട്. രാത്രി നിലവിളികേട്ട് നാട്ടുകാര്‍ വീട്ടിലെത്തിയപ്പോള്‍ മുന്‍വാതില്‍ തുറന്നുകിടക്കുകയായിരുന്നു. അകത്തു നോക്കിയപ്പോഴാണ് ഹാളില്‍ സോഫയില്‍ രക്തംവാര്‍ന്ന് കിടക്കുന്ന നിലയില്‍ കേശവനെ കണ്ടത്.
സംഭവസമയം വീട്ടില്‍ ദമ്പതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പ്രതിയെ തിരിച്ചറിയാന്‍ പദ്മാവതിക്കു കഴിഞ്ഞിരുന്നില്ല. ഫോറൻസിക് പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
അന്വേഷണ ഉദ്യോഗസ്ഥനുൾപ്പെടെ 74 സാക്ഷികളെയാണ് വിസ്തരിച്ചത്. 181 രേഖകളും 38 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ ഡിസംബർ 20നാണ് കേസിന്റെ വിചാരണ പൂർത്തിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.