നെല്ലിയാമ്പതി ഇരട്ടക്കൊല: ഒളിവിലായ മുൻ സി.െഎ കാൽനൂറ്റാണ്ടിന് ശേഷം പിടിയിൽ
text_fieldsപാലക്കാട്: നെല്ലിയാമ്പതി ഇരട്ടക്കൊലപാതക കേസിൽ ഹൈകോടതി ശിക്ഷ ശരിവെച്ചതിനെ തുടർന്ന് ഒളിവിലായ ഒമ്പതാം പ്രതിയും മുൻ പൊലീസ് സർക്കിൾ ഇൻസ്പെക്ടറുമായ ഉണ്ണികൃഷ്ണനെ (69) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പാലക്കാട് ക്രൈംബ്രാഞ്ചിലെ ഹോമിസൈഡ് ആൻഡ് ഹർട്ട് സർക്കിൾ ഇൻസ്പെക്ടർ കെ.ജി. റോയ്, സുധീർ, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്തെ വസതിയിൽനിന്ന് ഞായറാഴ്ച ഉണ്ണികൃഷ്ണനെ പിടികൂടിയത്.
തിങ്കളാഴ്ച പാലക്കാട് അഡീഷനൽ ജില്ല കോടതിയിൽ ഹാജരാക്കിയ ഇയാളെ മൂന്നുകൊല്ലം തടവുശിക്ഷ അനുഭവിക്കാനായി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. സംഭവം നടന്ന് 25 വർഷത്തിന് ശേഷമാണ് ഇയാൾ ശിക്ഷയനുഭവിക്കുന്നത്.
കപ്പ കൃഷിയിടം വാങ്ങിയതിലെ കമീഷൻ തർക്കത്തെ തുടർന്ന് നെല്ലിയാമ്പതി വനത്തിൽ ആനവേട്ടക്കാരൻ ചന്ദ്രനെയും കാമുകി തങ്കമണിയെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ മൂന്നുപേർ നൽകിയ അപ്പീൽ കഴിഞ്ഞ ഏപ്രിലിൽ ഹൈകോടതി തള്ളിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ചിെൻറ നടപടി.
1992 നവംബർ 11നായിരുന്നു ഇരട്ടക്കൊലപാതകം. ആകെ 12 പ്രതികളിൽ ഒമ്പത് പേർക്കെതിരെ പാലക്കാട് രണ്ടാം അഡീഷനൽ സെഷൻസ് കോടതി 2009 ഏപ്രിൽ 30ന് തടവുശിക്ഷ വിധിച്ചു. ഉണ്ണികൃഷ്ണനും ശിക്ഷിക്കപ്പെട്ട മൂന്ന്, നാല് പ്രതികളായ സുകുമാരൻ, കണ്ടമുത്തൻ എന്നിവരും വിധിക്കെതിരെ സമർപ്പിച്ച അപ്പീൽ കഴിഞ്ഞ ഏപ്രിലിൽ ഹൈകോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇവർക്കെതിരെയുള്ള കീഴ്കോടതി ശിക്ഷ പ്രാബല്യത്തിലായത്.
ഹൈകോടതി വിധിയെ തുടർന്ന് മൂന്ന് പ്രതികളും ഒളിവിലായി. വാറൻഡുണ്ടായിട്ടും മാസങ്ങളോളം ഇവരെ പിടികൂടാനായില്ല. സുകുമാരൻ, കണ്ടമുത്തൻ എന്നിവരെ ഒരു മാസം മുമ്പ് പിടികൂടിയിരുന്നു. പ്രതികളെ രക്ഷിക്കാൻ ഗൂഢാലോചന നടത്തിയതിനാണ് സംഭവസമയം നെന്മാറ സി.െഎയായിരുന്ന ഉണ്ണികൃഷ്ണൻ ശിക്ഷിക്കപ്പെട്ടത്. പത്താം പ്രതി ഹെഡ്കോൺസ്റ്റബിൾ ശ്രീകൃഷ്ണപുരം സ്വദേശി രാമൻകുട്ടിയും ശിക്ഷിക്കപ്പെട്ടിരുന്നു. ഏറെ വിവാദങ്ങളുണ്ടാക്കിയതായിരുന്നു ഇരട്ടക്കൊലപാതകം. ഒാഡിയോ കാസറ്റ് സംഭാഷണം പ്രധാന തെളിവുകളിലൊന്നായി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത് ഈ കേസിലാണ്. ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന മാത്യു പോളികാർപാണ് കേസ് അന്വേഷിച്ചത്. തൃശൂർ വെള്ളിക്കുളങ്ങരക്കടുത്ത് കോർമല സ്വദേശികളായ പൗലോസ്, അനിയൻ ജോസ്, സുഹൃത്ത് അയ്യപ്പൻ എന്നിവർ ഇൗ കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.