നേമം സഹകരണ ബാങ്ക് തട്ടിപ്പ്; പൊലീസിൽ പരാതികളുടെ പ്രളയം
text_fieldsതിരുവനന്തപുരം: നേമം സർവിസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് പരാതികളുടെ പ്രളയം. തിങ്കളാഴ്ച 50 പരാതികള്‍ ലഭിച്ചപ്പോള്‍ ചൊവ്വാഴ്ച വൈകീട്ട് ആറോടെ ഇരട്ടിയായി. 110 ഓളം പരാതികളാണ് ചൊവ്വാഴ്ച വരെ ലഭിച്ചത്. പരാതിനല്‍കിയവരില്‍ സ്ത്രീകളും പുരുഷന്മാരും വയോധികരും ഉള്‍പ്പെടുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്ന് ഉറപ്പാണ്. ബാങ്കില്‍നിന്ന് പണം മടക്കി ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകരാണ് പരാതിയുമായി എത്തുന്നത്.
കോടികളുടെ സ്വന്തം നിക്ഷേപങ്ങള്‍ ബാങ്ക് മുന്‍ ഭരണാധികാരികളും ഉദ്യോഗസ്ഥരും വേണ്ടപ്പെട്ടവരും നേരത്തെ പിന്‍വലിച്ചതോടെയാണ് നിക്ഷേപകര്‍ക്ക് പണം ലഭിക്കാതെ വന്നത്. അഞ്ച് വര്‍ഷമായി ബാങ്ക് നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയിലെ അംഗങ്ങളെ ചോദ്യംചെയ്താല്‍ നിജസ്ഥിതി വെളിച്ചത്തുവരുമെന്ന് നിക്ഷേപകര്‍ പറയുന്നു.
ഒന്നരകോടി വരെ പിന്‍വലിച്ച ഭരണസമിതി അംഗങ്ങളുണ്ട്. ഈ പണം എങ്ങോട്ടുപോയി എന്നതുസംബന്ധിച്ച് അന്വേഷണം ഉടനുണ്ടാകുമെന്നാണ് സൂചന. 2 ലക്ഷം രൂപ മുതല്‍ 45 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. പലര്‍ക്കും ഈമാസം അവസാനം പണം നല്‍കാമെന്ന് പറയുന്നുണ്ടെങ്കിലും നടക്കുമെന്ന് നിക്ഷേപകര്‍ക്ക് വിശ്വാസമില്ല.
കോടികളുടെ തുക പിന്‍വലിച്ച സ്ഥിതിക്ക് നിക്ഷേപകര്‍ക്ക് എപ്പോള്‍, എങ്ങനെ പണം കൊടുക്കുമെന്നാണ് വിവിധ കോണുകളില്‍ നിന്നുള്ള ചോദ്യം. വസ്തുവും മറ്റും വിറ്റുകിട്ടുന്ന പണവും വിവാഹാവശ്യങ്ങള്‍ക്ക് നീക്കിവെച്ച തുകയും ചികിത്സാർഥം ഉപയോഗിക്കാനുള്ള തുകയും നിക്ഷേപിച്ചവരുണ്ട്.
നേമം റെയില്‍വേ വികസനത്തിന്റെ ഭാഗമായി സ്ഥലം വിട്ടുനൽകിയപ്പോള്‍ ലഭിച്ച നഷ്ടപരിഹാരം നിക്ഷേപിച്ചവരും പ്രയാസത്തിലാണ്. പരാതികളുടെ കുത്തൊഴുക്ക് നിലക്കുന്നതിനനുസരിച്ച് എല്ലാ പരാതികളും പരിശോധിച്ചശേഷം കൃത്യമായ അന്വേഷണത്തിലേക്ക് നീങ്ങാനാണ് പൊലീസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.