നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകൾ പുതിയ പേരിലേക്ക്; സംസ്ഥാന സർക്കാർ അനുമതിയായി
text_fieldsതിരുവനന്തപുരം: നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റത്തിന് സംസ്ഥാന സർക്കാർ അനുമതി നൽകി. നേമം റെയിൽവേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും മാറിയേക്കും. പേരുമാറ്റത്തിന് അനുമതി തേടി ഗതാഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിനലായി വികസിപ്പിക്കുകയാണ് പേര് മാറ്റം കൊണ്ട് ലക്ഷ്യം വെക്കുന്നത്. പേര് മാറ്റം സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. നേമത്ത് നിന്നും കൊച്ചുവേളിയിൽ നിന്നും തിരുവനന്തപുരം സെൻട്രലിലേക്ക് വെറും ഒമ്പത് കിലോമീറ്റർ ദൂരം മാത്രമാണെങ്കിലും ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സെൻട്രലിനെയാണ്.
ഇതര സംസ്ഥാനക്കാർക്ക് സെൻട്രൽ റെയിൽവേ സ്റ്റേഷൻ മാത്രമാണ് പരിചിതം. ടിക്കറ്റ് നോക്കുന്ന സമയത്ത് സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് ടിക്കറ്റ് ലഭിച്ചില്ലെങ്കിൽ ട്രെയിൻ യാത്ര ഉപേക്ഷിക്കുന്നതായും വിലയിരുത്തുന്നു.
നേമം, കൊച്ചുവേളി സ്റ്റേഷനുകളെ കുറിച്ച് ധാരണയില്ലാത്ത യാത്രക്കാരെ പേര് മാറ്റത്തിലൂടെ ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ആഭ്യന്തരമന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ പേരുമാറ്റം നിലവിൽ വന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.