മൃഗബലി വിവാദം: പൊലീസുകാരിൽനിന്ന് മൊഴിയെടുത്തു
text_fieldsനെന്മാറ (പാലക്കാട്): കൊല്ലങ്കോട് ചിങ്ങംചിറയിലെ കറുപ്പസ്വാമി ക്ഷേത്രത്തിൽ നെന്മാറ സി.ഐയുടെ നേതൃത്വത്തിൽ പൊലീസുകാർ മൃഗബലി നടത്തിയെന്ന ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. ആലത്തൂർ ഡിവൈ.എസ്.പി കൃഷ്ണദാസ്, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സെയ്താലി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആരോപണ വിധേയരായ പൊലീസുകാരിൽനിന്ന് മൊഴിയെടുത്തു. നിയമംമൂലം നിരോധിച്ച മൃഗബലി പൊലീസുകാർ നടത്തിയെന്ന ഗുരുതര ആരോപണത്തെ തുടർന്നാണ് ജില്ല പൊലീസ് മേധാവി പ്രതീഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ സംഘം തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കും.
27ന് ക്ഷേത്രത്തിൽ പോയിരുന്നെങ്കിലും മൃഗബലി നടത്തിയിട്ടില്ലെന്ന് നെന്മാറ സി.ഐ ഉണ്ണികൃഷ്ണൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെ നെന്മാറ എസ്.ഐ, കൊല്ലങ്കോട് എസ്.ഐ എന്നിവരോടൊപ്പമാണ് ചിങ്ങംചിറ ക്ഷേത്രത്തിലെത്തിയത്. വിത്തനശ്ശേരിയിൽനിന്ന് ആറ് കിലോ ആട്ടിറച്ചിയും കൊല്ലങ്കോട്ടുനിന്ന് അഞ്ച് കിലോ കോഴിയിറച്ചിയും വാങ്ങി സ്റ്റേഷനിലെത്തിച്ച് നന്നാക്കിയ ശേഷം ചിങ്ങംചിറയിലെ ക്ഷേത്രത്തിൽ കൊണ്ടുപോയി പാകം ചെയ്യുകയായിരുന്നു.
താൻ പല ക്ഷേത്രങ്ങളിലും പോകാറുണ്ടെങ്കിലും ചിങ്ങംചിറയിൽ ആദ്യമായാണ് പോയത്. തെറ്റായ വാർത്തയാണ് പ്രചരിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചു. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർ ആരെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊലീസിനകത്തായാലും പുറത്തായാലും അടിസ്ഥാന രഹിത വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.
നെന്മാറ-വല്ലങ്ങി വേല സുഗമമായി നടന്നതിന് നെന്മാറ പൊലീസ് മൃഗബലി നടത്തിയെന്നാണ് ആരോപണം. വേല കഴിഞ്ഞ ശേഷം കൊല്ലങ്കോട് ചിങ്ങംചിറയിലെ കറുപ്പസ്വാമി ക്ഷേത്രത്തിൽ ആടിനെയും കോഴിയെയും ബലിയർപ്പിച്ചുവെന്ന് ചില ദൃശ്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പൊലീസ് വാഹനത്തിലെത്തിയ സി.ഐ, എസ്.ഐ എന്നിവരടങ്ങിയ സംഘം പാകം ചെയ്ത ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.