'നവഫാഷിസം ജനാധിപത്യ രീതിയിൽ അധികാരത്തിലേറും, ഭരണം കിട്ടിക്കഴിഞ്ഞാൽ പടിപടിയായി ഫാഷിസത്തിലേക്ക് നീങ്ങും'
text_fieldsഎം.വി. ഗോവിന്ദൻ (ഫയൽ ചിത്രം)
തിരുവനന്തപുരം: നവഫാഷിസം ജനാധിപത്യ രീതിയിൽ അധികാരത്തിലേറുകയും ഭരണം കിട്ടിക്കഴിഞ്ഞാൽ പടിപടിയായി ഫാഷിസത്തിലേക്ക് നീങ്ങുകയുമാണ് ചെയ്യുകയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണകൂട സംവിധാനങ്ങളെയാകെ കൈപ്പിടിയിലൊതുക്കി, ഒരു പ്രതിപക്ഷത്തെയും അംഗീകരിക്കാതെയുള്ള ക്ലാസിക്കൽ ഫാഷിസമാണ് രണ്ടാംലോക യുദ്ധകാലത്ത് കണ്ടത്. അങ്ങനെയൊരു ഫാഷിസം ഇപ്പോൾ ഇന്ത്യയിലില്ലെന്നും 'മാധ്യമം' ലേഖകന് നൽകിയ പ്രത്യേക അഭിമുഖത്തിൽ എം.വി. ഗോവിന്ദൻ പറഞ്ഞു.
ഇന്ത്യയിലിപ്പോൾ ഫാഷിസം ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ..? ഫാഷിസം നിലവിലുണ്ടെങ്കിൽ നമുക്ക് ഇങ്ങനെയൊരു അഭിമുഖം പോലും നടത്താൻ സാധിക്കുമോ? പൊലീസും കോടതിയുമടക്കം ഭരണകൂട സംവിധാനങ്ങളെയാകെ കൈപ്പിടിയിലൊതുക്കി, ഒരു പ്രതിപക്ഷത്തെയും അംഗീകരിക്കാതെ നടക്കുന്ന ക്ലാസിക്കൽ ഫാഷിസത്തിനാണ് രണ്ടാംലോക യുദ്ധകാലത്ത് ലോകം സാക്ഷ്യം വഹിച്ചത്. അങ്ങനെയൊരു ഫാഷിസം ഇപ്പോൾ ഇന്ത്യയിലുണ്ടോ..? ഇല്ല. എന്നാൽ, ആർ.എസ്.എസിന് ഫാഷിസ്റ്റ് നിലപാടുണ്ട്. അവരാൽ നയിക്കപ്പെടുന്ന ബി.ജെ.പി മറ്റു പാർട്ടികളെ പോലെയല്ല.
2000ത്തിൽ പാർട്ടി പരിപാടി കാലോചിതമാക്കിയപ്പോൾ തന്നെ സി.പി.എം പറഞ്ഞിട്ടുണ്ട്. ഇന്ന് പഴയ ക്ലാസിക്കൽ ഫാഷിസം ലോകത്ത് എവിടെയുമില്ല. ഉള്ളത് പുത്തൻ ഫാഷിസ്റ്റ് സമീപനങ്ങളാണ്. ആദ്യം തന്നെ ഭരണകൂട അധികാരം പിടിച്ചെടുക്കുകയല്ല നവഫാഷിസം ചെയ്യുക. അവർ ജനാധിപത്യ രീതിയിൽ അധികാരത്തിലേറും. ഭരണം കിട്ടിക്കഴിഞ്ഞാൽ പടിപടിയായി ഫാഷിസത്തിലേക്ക് നീങ്ങും. അതാണ് ഇന്ത്യയിൽ നടക്കുന്നത്. മതാടിസ്ഥാനത്തിൽ പൗരത്വം, ഏക സിവിൽ കോഡ്, ഏതു പള്ളിക്കടിയിലും അമ്പലം തിരയുന്ന സാഹചര്യം, അതിന് കോടതിയുടെ പിൻബലം എന്നിങ്ങനെയുള്ള കാര്യങ്ങൾ തുടരാൻ അനുവദിച്ചാൽ രാജ്യം ഫാഷിസത്തിലേക്ക് പോകും. അതാണ് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത് -എം.വി. ഗോവിന്ദൻ പറഞ്ഞു.
മോദി സർക്കാർ ഫാഷിസ്റ്റ് ആണെന്ന് ഇടതുപാർട്ടികളായ സി.പി.ഐയും സി.പി.ഐ (എം.എൽ)ഉം പറയുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ, അത് ആ പാർട്ടികളുടെ നിലപാടാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ മറുപടി. 'അത് ആ പാർട്ടികൾ വിശദീകരിക്കട്ടെ. അടിയന്തരാവസ്ഥ കാലത്തുപോലും ഞങ്ങൾ അർധ ഫാഷിസം എന്നേ പറഞ്ഞിട്ടുള്ളൂ. പാർലമെന്ററി ജനാധിപത്യം പൂർണമായും ഇല്ലായ്മ ചെയ്ത കാലമാണത്. പ്രതിപക്ഷ നേതാക്കളെയെല്ലാം ജയിലിലാക്കിയ കാലമാണത്. ചർച്ച തെറ്റിദ്ധരിപ്പിക്കുന്നത് മാധ്യമങ്ങളാണ്. കേരളത്തിലേതുപോലെ കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്ന മാധ്യമ ശൃംഖല ലോകത്ത് ഒരിടത്തുമില്ല' -എം.വി. ഗോവിന്ദൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.