നോർക്കക്ക് സ്കോച്ച് അവാർഡ്: പി. ശ്രീരാമകൃഷ്ണൻ പുരസ്കാരം ഏറ്റുവാങ്ങി
text_fieldsന്യൂഡൽഹി: പ്രവാസി ക്ഷേമത്തിനാനായി നടപ്പാക്കിവരുന്ന പദ്ധതികളേയും പ്രവർത്തനങ്ങളേയും മുൻനിർത്തി നോർക്ക റൂട്ട്സിന് ലഭിച്ച സ്കോച്ച് അവാർഡ് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഏറ്റുവാങ്ങി. ഡെൽഹിയിൽ നടന്ന ചടങ്ങിൽ പഞ്ചാബ് ആന്റ് സിന്ദ് ബാങ്ക് നോൺ എക്സിക്യൂട്ടീവ് ചെയർമാൻ പ്രഫ. ചരൺസിങിൽ നിന്നാണ് അദ്ദേഹം പുരസ്കരം സ്വീകരിച്ചത്.
ഡൽഹി 15 ജൻപഥിലെ ഡോ.അംബേദ്കർ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ സ്കോച്ച് ഫൗണ്ടേഷൻ പ്രസിഡന്റ് സമീർ കൊച്ചാർ, നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത്ത് കോളശ്ശേരി, ഡൽഹി എൻ.ആർ.കെ ഡവലപ്മെന്റ് ഓഫീസർ ഷാജിമോൻ എന്നിവർ സംബന്ധിച്ചു.
കഴിഞ്ഞ സാമ്പത്തികവർഷം മാത്രം 11000 പ്രവാസി സംരംഭങ്ങളാണ് നോർക്ക റൂട്ട്സിന്റെ പുനരധിവാസപദ്ധതികളായ എൻ.ഡി.പി.ആർ.ഇ എം, പ്രവാസി ഭദ്രത എന്നിവ വഴി യാഥാർത്ഥ്യമാക്കാനായതെന്ന് പുരസ്കാരം സ്വീകരിച്ച് ശ്രീരാമകൃഷ്ണൻ പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനരേകീകരണത്തിനും സഹായകരമാകുന്ന പദ്ധതികൾകൾ നടപ്പാക്കിയതിനാണ് പുരസ്കാരം.
സാമൂഹ്യനീതിയും സുരക്ഷയും എന്ന വിഭാഗത്തിലെ സിൽവർ കാറ്റഗറിയിലാണ് നോർക്ക പുരസ്കാരത്തിന് അർഹത നേടിയത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങൾക്കുകൂടി മാതൃകാപരമായ പ്രവാസിക്ഷേമ പദ്ധതികളാണ് നോർക്ക റൂട്ട്സ് വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്നത്. നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻ.ഡി.പി.ആർ.ഇ.എം), പദ്ധതിയുടെ ഭാഗമായി പ്രവാസിവനിതകൾക്കായി വനിതാമിത്ര, മൂന്നു ഉപപദ്ധതികളുളള പ്രവാസി ഭദ്രത, നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്റർ, പ്രവാസി സംഘങ്ങൾക്ക് ധനസഹായം തുടങ്ങിയ പദ്ധതികളാണ് തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സ് വഴി സംസ്ഥാനസർക്കാർ നടപ്പിലാക്കുന്നത്.
സമാശ്വാസ പദ്ധതിയായ സാന്ത്വനയും, എമർജൻസി ആംബുലൻസ് സേവനം എന്നിവയും നടപ്പാക്കി വരുന്നു. രാജ്യത്തിന്റെ പുരോഗതിക്ക് സഹായകരമാകുന്ന സംഭാവനകൾക്ക് വഴിയൊരുക്കുന്ന സ്ഥാപനങ്ങൾ, പദ്ധതികൾ വ്യക്തികൾ എന്നിവർക്ക് നൽകുന്ന അംഗീകാരമാണ് സ്‌കോച്ച് അവാർഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.