‘നേർവഴി’ ലക്ഷ്യത്തിലെത്തുന്നില്ല, ഒന്നര വർഷത്തിനിടെ കൗൺസലിങ് നേടിയത് 210 കുട്ടികൾ
text_fieldsകൊല്ലം: പ്രതികൂല സാഹചര്യങ്ങളിലകപ്പെട്ട് ലഹരി ഉപയോഗത്തിലേക്ക് തിരിയുന്ന കുട്ടികളെ തിരികെക്കൊണ്ടുവരാൻ എക്സൈസ് വകുപ്പ് നടപ്പാക്കിയ ‘നേർവഴി’ പദ്ധതി ലക്ഷ്യംകാണാതെ പതറുന്നു. ലഹരിയിലേക്ക് തിരിയുന്ന വിദ്യാർഥികളിൽ പ്രാഥമിക പ്രായോഗിക ഇടപെടലെന്ന നിലയിലാണ് ഒരുവർഷം മുമ്പ് പദ്ധതി ആരംഭിച്ചത്.
ലഹരി ഉപയോഗംമൂലം സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ ആദ്യം തിരിച്ചറിയാനാവുക അധ്യാപകർക്കാണ്. അവർക്ക് നേരിട്ട് ഇടപെടാനോ പ്രതികരിക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ നേര്‍വഴി പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ച നമ്പറിലേക്ക് (9656178000) രഹസ്യമായി വിവരങ്ങൾ കൈമാറാം. അതനുസരിച്ച് വിമുക്തി ജില്ല മാനേജർമാർ വഴി പരിശീലനം ലഭിച്ച വിമുക്തി മെന്റര്‍ മുഖേന വിദ്യാർഥികള്‍ക്ക് പ്രാഥമിക കൗണ്‍സലിങ് നല്കുന്നതുമാണ് പദ്ധതി. ആവശ്യമെങ്കിൽ വിദഗ്ധ കൗൺസലിങ്, ചികിത്സ അടക്കം നൽകാനും പദ്ധതി വിഭാവനംചെയ്യുന്നു. വിദ്യാർഥികളിൽ ലഹരി ഉപഭോഗം കൂടിവരുമ്പോഴും ഒന്നര വർഷത്തിനിടെ സംസ്ഥാനത്ത് 210 കുട്ടികൾക്ക് മാത്രമാണ് പദ്ധതിയിലൂടെ കൗൺസലിങ് നേടിയത്.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 158 കുട്ടികളുടെ കാര്യത്തിൽ മാത്രമാണ് നേര്‍വഴിയിലേക്ക് വിളിവന്നതെന്ന് വിമുക്തിയുടെ ചുമതലയുള്ള എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പദ്ധതിപ്രകാരം 38 സെക്ഷനുകളിലായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ഈ വര്‍ഷം ഇതുവരെ എട്ട് സെക്ഷനുകളിലായി 52 കുട്ടികള്‍ക്ക് കൗണ്‍സലിങ് ലഭ്യമാക്കി. വേണ്ടത്ര പ്രചാരണമോ അവബോധമോ സ്കൂൾ-കോളജ് അധികൃതരുടെ താൽപര്യമില്ലായ്മയോ മൂലമാണ് പദ്ധതി ക്ലച്ച് പിടിക്കാത്തതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.