ഈ ‘കൂട്ടിൽ’ തണലിനൊപ്പം താരാട്ടുമുണ്ട്
text_fieldsകോഴിക്കോട്: ഭിന്നശേഷിക്കാരായ ഒരുപാട് കുരുന്നുകൾ നമുക്കു ചുറ്റുമുണ്ട്. ഇവരുടെ വളർച്ചക്കും വികാസത്തിനുമായി നിരവധി സ്ഥാപനങ്ങളും. ഇത്തരം സ്ഥാപനങ്ങളിൽനിന്നെല്ലാം തീർത്തും വ്യത്യസ്തമായി ഈ കുരുന്നുകളുെട സമഗ്രമായ വികാസത്തിനായി നൂതന സങ്കേതങ്ങളും രീതിശാസ്ത്രങ്ങളുമായി പ്രവർത്തിക്കുന്ന സ്ഥാപനമുണ്ട് കൊയിലാണ്ടിയിൽ. ഈ വേറിട്ട തണലിടത്തിന് നെസ്റ്റ് എന്ന് പേര്.
സാധാരണ സ്പെഷൽ സ്കൂളുകൾ ഭിന്നശേഷിക്കാർക്കാവശ്യമായ എല്ലാ പരിശീലനങ്ങളും സ്പെഷൽ എജുക്കേറ്റർമാരുടെ മാത്രം കീഴിൽ നൽകുമ്പോൾ ഈ രംഗത്ത് മറ്റു സ്ഥാപനങ്ങൾക്ക് മാതൃകയാവുകയാണ് നെസ്റ്റ്. ശാരീരികവും മാനസികവുമായ ഓരോതരം ബുദ്ധിമുട്ടുകൾക്കും, ഓരോ ഘട്ടത്തിലും നൽകേണ്ട വ്യത്യസ്ത പരിശീലനങ്ങൾക്കും ഇവിടെ പ്രത്യേകം പരിശീലകരുണ്ട്.
കുരുന്നുകൾക്കും അവരുടെ രക്ഷിതാക്കൾക്കും മാനസികമായ പിന്തുണ ഉറപ്പാക്കുന്നതിനായി അഞ്ച് സൈക്കോളജിസ്റ്റുകൾ, സംസാരശേഷിയും കേൾവിയുമില്ലാത്തവർക്കായി ഒമ്പത് സ്പീച് തെറപ്പിസ്റ്റുകൾ, മൂന്ന് ഒക്യുപേഷനൽ തെറപ്പിസ്റ്റുകൾ, ഏഴ് ഫിസിയോതെറപ്പിസ്റ്റുകൾ, മുഴുവൻ സമയ െമഡിസിൻ ഡോക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സമഗ്ര പരിശീലനവും ചികിത്സയുമാണ് (മൾട്ടി ഡിസിപ്ലിനറി റിഹാബിലിറ്റേഷൻ മോഡൽ) ഇവിടെ ഒരുക്കുന്നത്. ന്യൂറോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, ഫിസിക്കൽ െമഡിസിൻ ഡോക്ടർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഏറെ ചെറുപ്പത്തിലേ കുഞ്ഞുങ്ങളിലെ പ്രശ്നങ്ങൾ കണ്ടെത്തുകയും സൈക്കോളജിസ്റ്റിനു കീഴിൽ ഇവരുടെ മാനസിക വയസ്സ് കണ്ടെത്തുകയും ചെയ്യുന്ന പാശ്ചാത്യ രാജ്യങ്ങളിലെ ശൈലിയാണ് നെസ്റ്റിൽ പിന്തുടരുന്നത്.
യു.എസിലെ അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങൾ സന്ദർശിച്ച ശേഷമാണ് തങ്ങൾ ഈ രീതിക്ക് തുടക്കമിട്ടതെന്ന് നെസ്റ്റ് ചെയർമാൻ കരുവഞ്ചേരി അബ്ദുല്ല, ജന. സെക്രട്ടറി ടി.കെ. മുഹമ്മദ് യൂനുസ് എന്നിവർ പറയുന്നു. കൊയിലാണ്ടി പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഓട്ടിസം, സെറിബ്രൽ പാൾസി, പെരുമാറ്റ വൈകല്യങ്ങൾ, സംസാര വൈകല്യങ്ങൾ, മൾട്ടിപ്ൾ ഡിസേബിലിറ്റി തുടങ്ങിയ വിവിധ പ്രശ്നങ്ങൾ നേരിടുന്ന 280 കുരുന്നുകളാണ് െനസ്റ്റിലെ മക്കൾ. കേൾവി തകരാറുള്ള കുരുന്നുകൾക്ക് പരിശീലനം നൽകുന്നവർക്കായി യു.എസിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെഫുമായി (സി.ഐ.ഡി) സഹകരിച്ച് പ്രത്യേക ഓൺലൈൻ പരിശീലനം നൽകുന്നു. ഗവേഷണവുമായി നെസ്റ്റിനെ കൂടുതൽ വ്യാപിപ്പിക്കുന്നതിനായി നിയാർക്ക് എന്ന പേരിൽ സ്ഥാപനം ഒരുങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.