പി.ടി-ഏഴിന് കൂടൊരുങ്ങി; ഇനി ദൗത്യം
text_fieldsഅകത്തേത്തറ: പി.ടി-ഏഴ് കാട്ടുകൊമ്പനെ മയക്കുവെടി വെച്ച് ചട്ടം പഠിപ്പിക്കാൻ കൂട് നിർമാണം പൂർത്തിയായി. ആനയെ പിടികൂടാനുള്ള ക്രമീകരണം ഒരുക്കുന്ന തിരക്കിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.പ്രത്യേകം ചെത്തിമിനുക്കിയ വണ്ണവും ബലമുള്ള യൂക്കാലിപ്സ് തടികൾ ഉപയോഗിച്ചാണ് 18 അടി ഉയരവും 15 അടി നീളവുമുള്ള കൂട് നിർമിച്ചത്. വയനാട്ടിൽനിന്നെത്തിയ നാൽവർ സംഘമാണ് നിർമാണത്തിന് നേതൃത്വം നൽകിയത്. ആനയെ നിർത്തുന്ന ഉൾഭാഗത്ത് മണ്ണിട്ട് പ്രതലം നിരപ്പാക്കുന്ന പ്രവൃത്തി വെള്ളിയാഴ്ച പൂർത്തിയാക്കും.
കൂട് ബലപ്പെടുത്തി സജ്ജമായാൽ പി.ടി-ഏഴിനെ പിടികൂടാനുള്ള ദൗത്യം വേഗതത്തിലാക്കുമെന്ന് അസി. വനം കൺസർവേറ്റർ ബി. രഞ്ജിത്ത് ‘മാധ്യമ’ത്തോട് പറഞ്ഞു.വയനാട്ടിൽ പരാക്രമിയായ പി.എം-രണ്ട് ആനയെ കൂട്ടിലാക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിയേറ്റ് വിശ്രമത്തിലുള്ള ചീഫ് വെറ്ററിനറി ഓഫിസർ ഡോ. അരുൺസക്കറിയ സുഖംപ്രാപിച്ച് തിരിച്ചുവരുന്ന മുറക്ക് മൂന്നുനാളിനകം ദൗത്യം തുടങ്ങുന്ന കാര്യത്തിൽ തീരുമാനമുണ്ടാവും.
വയനാട്ടിൽ ദൗത്യത്തിന് പോയ 20 അംഗ എലിഫന്റ് സ്ക്വാഡ് നിലവിൽ മുത്തങ്ങയിലാണ്. സ്ക്വാഡ് അംഗങ്ങളും ഡോ. അരുൺ സക്കറിയക്കൊപ്പം തിങ്കളാഴ്ചക്കകം ധോണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ദൗത്യസേനയുടെ ഭാഗമായ ദ്രുതപ്രതികരണ സംഘവും കുങ്കിയാനകളും കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
അതേസമയം, കഴിഞ്ഞ ദിവസം വരകുളം ഭാഗത്ത് നിലയുറപ്പിച്ച പി.ടി-ഏഴ് അടക്കമുള്ള കാട്ടാനകൾ ധോണി വനമേഖലയിലേക്ക് തിരിച്ചെത്തി. പി.ടി-ഏഴ് വിദൂര ദിക്കിലേക്ക് ഓടിമറയാതിരിക്കാൻ അനുനയ സമീപനമാണ് സ്വീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.