നെതന്യാഹു യുദ്ധക്കുറ്റവാളി; വിചാരണ കൂടാതെ വെടിവച്ച് കൊല്ലണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
text_fieldsകാസർകോട്: ഗസ്സയിലെ യുദ്ധക്കുറ്റങ്ങൾക്ക് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ വിചാരണ കൂടാതെ വെടിവെച്ച് കൊല്ലണമെന്ന് കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നെതന്യാഹുവിനെതിരെ ന്യൂറംബർഗ് വിചാരണ നടപ്പാക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു. കാസർകോട് സംയുക്ത മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനീവ കൺവെൻഷൻ നിർദേശങ്ങൾ ലംഘിച്ച യുദ്ധക്കുറ്റവാളിയാണ് നെതന്യാഹു. തങ്ങളുടെ ഭൂമിയും ജീവിതവും ജനതയെയും സംരക്ഷിക്കാൻ ആയുധമെടുത്തവരാണ് ഹമാസ്. ഹമാസിനെ ഭീകരരെന്ന് വിളിക്കാനാകില്ലെന്നും അങ്ങനെ വിശേഷിപ്പിക്കുന്നതിനെ എതിർക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
ഇറാഖിൽ 10 ലക്ഷത്തോളം മുസ്ലിംകളെയും അറബികളെയും അമേരിക്ക കൊന്നൊടുക്കിയിട്ടുണ്ട്. അഫ്ഗാനിസ്താനിൽ ഏഴ് ലക്ഷത്തോളം മുസ്ലിംകളെയാണ് കൊലപ്പെടുത്തിയത്. വിയറ്റ്നാമിലെയും കൊറിയയിലെയും നിരപാരാധികളെയും അമേരിക്ക കൊന്നു. എന്നാൽ, അമേരിക്കയുടെ യുദ്ധത്തോടുള്ള അത്യാഗ്രഹം തീർന്നില്ലെന്നും അതാണ് ഫലസ്തീനിൽ കാണുന്നതെന്നും ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.
ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ മഹാത്മ ഗാന്ധി വ്യക്തമാക്കിയതാണ്. അമേരിക്ക അമേരിക്കക്കാർക്കും ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും എന്ന പോലെ ഫലസ്തീൻ ഫലസ്തീനികൾക്കുള്ളതാണെന്ന് 1938ൽ ഹരിജൻ മാസികയിൽ ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ട്.
പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുതൽ ഇന്ത്യ ഫലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്. ഡൽഹിയിൽ ഇന്ദിര ഗാന്ധിയുടെ ശവസംസ്കാര ചടങ്ങിൽ ഫലസ്തീൻ നേതാവ് യാസർ അറാഫത്ത് കരഞ്ഞത് ഓർക്കുന്നു, 'തന്റെ സഹോദരി പോയി' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ത്യക്ക് ഫലസ്തീനുമായി വൈകാരിക ബന്ധമുണ്ട്.
അമേരിക്കയെ പിന്തുണക്കാൻ നമ്മുടെ പ്രധാനമന്ത്രിക്ക് നാണമില്ലേ എന്ന് ഉണ്ണിത്താൻ ചോദിച്ചു. ഇന്ത്യൻ വംശജനായ ഋഷി സുനക് ഇന്ന് യു.കെയുടെ പ്രധാനമന്ത്രിയാണ്. എന്നാൽ, അദ്ദേഹത്തെ ഓർത്ത് ലജ്ജ തോന്നുന്നു. യു.എസിന്‍റെയും യു.കെയുടെയും സാമന്തനാകാൻ സമ്മതിച്ചതിലൂടെ പ്രധാനമന്ത്രി ഇന്ത്യയെ നാണംകെടുത്തി.
ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഒന്നിക്കണം. ഇസ് ലാമിക ലോകം ഒരുമിച്ചാൽ ബിന്യാമിൻ നെതന്യാഹുവിന്‍റെ ഒരു തരി പോലും കാണില്ല. പക്ഷേ, അവർ സമാധാനകാംക്ഷികളാണ്. അവർക്ക് ക്ഷമയും ആത്മസംയമനവും ഉണ്ട്. ക്ഷമ വീണ്ടും വീണ്ടും പരീക്ഷിക്കപ്പെട്ടതിനാലാണ് ഹമാസ് ആയുധമെടുത്തതെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.