‘വിഷമൊഴികെ ബാക്കിയെല്ലാത്തിനും വിലകൂടും എന്ന് ഹെഡിങ് കൊടുക്കട്ടെ’; ബജറ്റിനെ ട്രോളി നെറ്റിസൺസ്
text_fieldsധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് വിലക്കയറ്റത്തിനിടയാക്കുമെന്ന വിമർശനം വ്യാപകമാകുന്നതിനിടെ ബജറ്റിനെ ട്രോളി സമൂഹ മാധ്യമങ്ങൾ. എല്ലാ മേഖലയിലും വിലക്കയറ്റത്തിന് വഴിവെക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്നും സംസ്ഥാന സര്‍ക്കാറിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളെ പിഴിയുകയാണെന്നും പ്രതിപക്ഷം ആരോപിക്കുമ്പോൾ സാമൂഹികക്ഷേമ പദ്ധതികള്‍ മുടക്കമില്ലാതെ കൊണ്ടുപോകാനാണ് നടപടികളെന്നാണ് ധനമന്ത്രിയുടെ വിശദീകരണം.
മദ്യത്തിന്റെയും ഇന്ധനത്തിന്റെയും വിലവർധനയാണ് മിക്കവരും ട്രോളിനായി ഉപയോഗപ്പെടുത്തിയത്. ബജറ്റിനെ ന്യായീകരിക്കുന്നവരെ പരിഹസിച്ചും പലരും രംഗത്തെത്തി. 2015ലെ കേന്ദ്ര ബജറ്റിൽ പെട്രോൾ, ഡീസൽ വിലവർധനയെ കുറ്റപ്പെടുത്തി പിണറായി വിജയൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റും നെറ്റിസൺസ് കുത്തിപ്പൊക്കിയിട്ടുണ്ട്.
‘കരയരുത്, വിമർശിക്കരുത്, ന്യായീകരണ തൊഴിലാളികൾ കരയാൻ പാടില്ല. ഇങ്ങനെ ദുഃഖം കടിച്ചമർത്തി ചിരിച്ചുകൊണ്ട് ന്യായീകരിക്ക്’ എന്ന് പറഞ്ഞാണ് ബജറ്റിനെ ന്യായീകരിക്കുന്നവരെ പരിഹസിക്കുന്ന ഒരു ട്രോൾ. ‘എല്ലാറ്റിന്റെയും നികുതിയും വർധിപ്പിച്ചു, പെട്രോൾ ഡീസൽ വിലയും കൂടും, നിത്യോപയോഗ സാധനങ്ങളുടെ വിലയും കൂടും. എന്തായാലും ജനകീയ ബജറ്റ് തന്നെ ഇത്’ എന്നിങ്ങനെയാണ് മറ്റൊന്ന്.
ബജറ്റ് റിപ്പോർട്ട് ചെയ്യുന്ന മാധ്യമ സ്ഥാപനത്തിലെ എഡിറ്ററും റിപ്പോർട്ടറും തമ്മിലുള്ള സംഭാഷണവും ട്രോളാക്കിയിട്ടുണ്ട്. സാർ, ബജറ്റിൽ വിലകൂടുന്ന സാധനങ്ങളുടെ പേര് ഹെഡ് ലൈനായി കൊടുക്കട്ടെയെന്ന് റിപ്പോർട്ടർ എഡിറ്ററോട് ചോദിക്കുമ്പോൾ, ഇതിപ്പോ എല്ലാത്തിനും വില കൂടുവാണല്ലോടോ, അതിനുമാത്രം സ്ഥലം എവിടെയെന്ന് എഡിറ്റർ തിരിച്ചു ചോദിക്കുന്നു. എങ്കിൽ വിഷമൊഴികെ ബാക്കിയെല്ലാത്തിനും വിലകൂടും എന്ന് ഹെഡിങ് കൊടുക്കട്ടെ’ എന്നാണ് റിപ്പോർട്ടറുടെ ചോദ്യം.
മദ്യത്തിനും ഇന്ധനത്തിനും വില കൂടുന്നതിനെ പരിഹസിച്ചുള്ള ട്രോളിൽ ഇങ്ങനെ പറയുന്നു. ‘മദ്യപിച്ചു വണ്ടി ഓടിച്ചുള്ള അപകടം കുറയും. മദ്യപിച്ചാൽ പെട്രാൾ അടിക്കാൻ പൈസ ഉണ്ടാവില്ല, പെട്രോൾ അടിച്ചാൽ മദ്യപിക്കാൻ പൈസ ഉണ്ടാവില്ല’.
‘പാർട്ടിക്കാർ പൂട്ടിച്ച ഫാക്ടറി കെട്ടിടത്തിന് ഇനി നികുതി കൂടുതൽ കൊടുക്കണം, വല്ല ടാക്സിയും ഓടിച്ചു കടം വീട്ടാമെന്നു വെച്ചാൽ വാഹന നികുതിയും കൂടി, എങ്ങോട്ടെങ്കിലും പോകാമെന്ന് വെച്ചാൽ പെട്രോളിനും ഡീസലിനും വില കൂടി, രണ്ടെണ്ണം അടിച്ചു ബോധം കെട്ടു കിടന്നുറങ്ങാമെന്നു വെച്ചാൽ അതിനും വില കൂടി’ എന്നിങ്ങനെ സമ്പൂർണ ട്രോളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.