നെട്ടൂർ ഫഹദ് കൊലപാതകം: 14 പേർ അറസ്റ്റിൽ
text_fieldsനെട്ടൂർ: നെട്ടൂർ ഫഹദ് കൊലപാതക കേസുമായി ബന്ധപ്പെട്ട് 14 പേരെ പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ കലവൂർ ലക്ഷ്മി നിവാസിൽ നിവിൻ (24), ആലപ്പുഴ പതിരുവിളയിൽ കീഴോത്ത് ജയ്സൻ(25), മരട് താട്ടത്തിൽ ജീവൻ (23), നെട്ടൂർ മാമ്പരകേരി വിജിത് (33), നെട്ടൂർ മൂലങ്കുഴിയിൽ റോഷൻ (30), കുമ്പളം കളപ്പുരയ്ക്കൽ ഫെബിൻ (34), മരട് കൂറ്റേഴത്ത് ജോമോൻ (24), സൗത്ത് പറവൂർ ചിറ്റേത്ത് താഴത്ത് ടി.കെ. പ്രമോദ്, കുണ്ടന്നൂർ വിരിപ്പാടത്ത് നിഷാദ് (21), കുണ്ടന്നൂർ പാറശ്ശേരി നിവിൻ (24), കുമ്പളം കാർത്തികയിൽ ശങ്കരനാരായണൻ (35), കുണ്ടന്നൂർ പാടത്തറ രാഹുൽ (25), കുണ്ടന്നൂർ വല്ലക്കാട് സുജിത് (32) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ചയാണ് നെട്ടൂരിൽ ലഹരി മാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റ നെട്ടൂർ വെളീപറമ്പിൽ ഹുസൈൻ (കോയ)-റഹീമ ദമ്പതികളുടെ മകൻ ഫഹദ് (19) മരിച്ചത്. ഞായറാഴ്ച രാത്രി 9.30ന് നെട്ടൂർ ഐ.എൻ.ടി.യു.സി ജങ്ഷന് സമീപമായിരുന്നു സംഭവം.
ലഹരി മാഫിയ വടിവാൾ കൊണ്ട് വെട്ടിയും ഇരുമ്പുവടി കൊണ്ട് തലക്കടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു. റോഡിൽ കിടന്ന ഫഹദിനെ വഴിയാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. തിങ്കളാഴ്ച മരിച്ചു. ലഹരി വിൽപനയിലെ കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
തൃക്കാക്കര അസി. കമീഷണറുടെ നേതൃത്വത്തിൽ പനങ്ങാട് പൊലീസ് ഇൻസ്പെക്ടർ ചാർജുള്ള എ.അനന്തലാൽ, എസ്.ഐ വി.ജെ ജേക്കബ്, ഡാൻസാഫ് എസ്.ഐ ജോസഫ് സാജൻ, സി.പി.ഒമാരായ പി.ജി സുധീർ ബാബു, ഗുജറാൾ, മഹേഷ്, എം.എസ് മനോജ്, അഖിൽ പത്മൻ, ടി.രഞ്ജിത്, എം.ബി യൂസഫ്, പ്രശാന്ത്, മധു, ഹരി, ദിനിൽ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്. ഉദയംപേരൂരിലെ കണ്ടനാട് ഭാഗത്തുള്ള കാട്ടിലും കളമശ്ശേരി എച്ച്.എം.ടി കോളനിയിലും മരടിലെ വിവിധ ഭാഗങ്ങളിലും ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.