നെടുംമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്ര കവർച്ച; മോഷ്ടാവ് അറസ്റ്റിൽ
text_fieldsമാത്തുക്കുട്ടി മത്തായി
തിരുവല്ല: നെടുംമ്പ്രം പുത്തൻകാവ് ദേവി ക്ഷേത്രത്തിൽ കവർച്ച നടത്തിയ കേസിലെ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. ആലപ്പുഴ തലവടി വാഴയിൽ വീട്ടിൽ വാവച്ചൻ എന്ന് വിളിക്കുന്ന മാത്തുക്കുട്ടി മത്തായി (60) ആണ് അറസ്റ്റിലായത്. നവംബർ 30ന് പുലർച്ചയോടെയാണ് മോഷണം.
ക്ഷേത്രത്തിലെ പ്രധാന നടയുടെയും ഉപദേവത നടകളുടെ മുമ്പിലുണ്ടായിരുന്ന കാണിക്ക വഞ്ചികൾ അടക്കം കുത്തിത്തുറന്ന് അയ്യായിരത്തോളം രൂപയാണ് കവർന്നത്. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്നും പ്രതിയെ പൊലീസ് തിരിച്ചറിയുകയും പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയും ചെയ്യുന്നതിനിടെ പുന്നപ്ര അന്നപൂർണേശ്വരി ക്ഷേത്രത്തിൽ നടത്തിയ കവർച്ചയെ തുടർന്ന് രണ്ടാഴ്ച മുമ്പ് മാത്തുക്കുട്ടി പുന്നപ്ര പൊലീസിന്റെ പിടിയിലായി. ഈ വിവരം അറിഞ്ഞ പുളിക്കീഴ് പൊലീസ് പുന്നപ്ര സ്റ്റേഷനിലെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
തുടർന്ന് ആലപ്പുഴ സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ പുളിക്കീഴ് എസ്.ഐ കെ സുരേന്ദ്രൻ , സി.പി.ഒ മാരായ സി.ആർ രവി കുമാർ, രഞ്ചു കൃഷ്ണൻ, എസ്. അലോക് എന്നിവർ അടങ്ങുന്ന സംഘം ജയിലിലെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് പ്രതിയെ പുത്തൻകാവ് ദേവി ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും മോഷണ ശേഷം നാടുവിടുന്നതും പതിവാക്കിയിരുന്നതിനാൽ പ്രതിയെ പിടികൂടുന്നതിന് പൊലീസിന് കാലതാമസം നേരിട്ടു. മോഷണത്തിലൂടെ ലഭിക്കുന്ന പണവുമായി ട്രെയിൻ മാർഗ്ഗം മാഹിയിലേക്ക് കടന്ന് ആർഭാട ജീവിതം നയിക്കുന്നതായിരുന്നു പ്രതിയുടെ രീതി എന്ന് എസ്.ഐ കെ. സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിക്കെതിരെ നിരവധി മോഷണ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.