മറക്കില്ലൊരിക്കലും, കേരളം സൂപ്പറാ...
text_fieldsമേപ്പാടി: ദുരന്തഭൂമിയിൽ വിധിക്ക് വിട്ടുകൊടുക്കാത രക്ഷാകവചമൊരുക്കി തങ്ങളെ സംരക്ഷിച്ച കേരളത്തെ ഒരിക്കലും മറക്കില്ലെന്ന് ദുരന്ത മേഖലകളിൽനിന്ന് രക്ഷപ്പെടുത്തി റിപ്പൺ ഗവ.ഹൈസ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ താമസിപ്പിച്ച അതിഥി തൊഴിലാളികൾ.
മുണ്ടക്കൈ, ചൂരൽമല, അട്ടമല എച്ച്.എം.എൽ തേയിലത്തോട്ടങ്ങൾ, റാണിമല എസ്റ്റേറ്റ് എന്നിവിടങ്ങളിൽ ജോലിക്കെത്തിയ വിവിധ സംസ്ഥാനക്കാരായ തൊഴിലാളികളാണ് കേരളം സൂപ്പറാണെന്ന് പറയുന്നത്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ എസ്റ്റേറ്റ് മാനേജ്മെന്റുകൾ ആരംഭിച്ചിട്ടുണ്ട്.
എച്ച്.എം.എൽ സെന്റിനൽ റോക്ക് എസ്റ്റേറ്റ് മുണ്ടക്കൈ, അട്ടമല, ചൂരൽമല ഡിവിഷനുകളിലും റാണിമല എസ്റ്റേറ്റിലും മറ്റ് ചില സ്വകാര്യ തോട്ടങ്ങളിലുമൊക്കെ ജോലിക്കെത്തിയ അതിഥി തൊഴിലാളികളാണ് റിപ്പൺ ഗവ.ഹൈസ്കൂളിലെ ക്യാമ്പിലുള്ളത്. മുണ്ടക്കൈ ഉരുൾപൊട്ടലുണ്ടായ ഘട്ടത്തിൽ ദുരന്ത മേഖലകളിൽ ഒറ്റപ്പെട്ടുപോയ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട ഇവരെ രക്ഷപ്പെടുത്തി അധികൃതർ ക്യാമ്പുകളിൽ എത്തിക്കുകയായിരുന്നു.
മധ്യപ്രദേശ് - 108, അസം-14, ഝാർഖണ്ഡ് - 22 എന്നിങ്ങനെ 144 പേരാണ് റിപ്പൺ ക്യാമ്പിലുള്ളത്. ആഹാരം, വസ്ത്രം, കിടക്കകൾ, മരുന്നുകൾ, ചികിത്സ, കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ എല്ലാം ക്യാമ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നിനും ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. തങ്ങളുടെ നാടുകളിൽനിന്ന് വ്യത്യസ്തമായി ദുരന്തമുഖത്ത് കേരള ജനതയുടെ കൂട്ടായ്മ, സഹായ സന്നദ്ധത, കരുതൽ എന്നിവ അതിശയിപ്പിക്കുന്നുവെന്ന് അവർ പറയുന്നു.
ഇതര സംസ്ഥാനക്കാർ എന്ന വേർതിരിവൊന്നും എവിടെയുമില്ല. ഒരു കുറവും വരുത്താതെ റിപ്പൺ ക്യാമ്പ് ഓഫിസർ ലൈജു ചാക്കോ, ചാർജ് ഓഫിസർ സി.ജെ. ഷാജി, നോഡൽ ഓഫിസർ കെ.വി. സൻജു, ക്യാമ്പിന്റെ ചുമതലയിലുള്ള മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ജീവനക്കാരൻ അജികുമാർ എന്നിവർ സഹായത്തിനുണ്ട്. കേരളത്തെ എന്നും നന്ദിയോടെ ഓർമിക്കുമെന്ന് ക്യാമ്പിലുള്ള ശിവരാജ്, ലഖൻ തുടങ്ങിയവർ പറഞ്ഞു.
എച്ച്.എം.എൽ എസ്റ്റേറ്റിലെ 35 തൊഴിലാളികളെയാണ് കാണാതായത്. അതിൽ 11 പേരുടെ മൃതദേഹം കിട്ടി. ബാക്കിയുള്ളവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് എച്ച്.എം.എൽ അധികൃതർ അറിയിച്ചു. ഇതിന് പുറമേ ദിവസക്കൂലിക്കടക്കം തൊഴിലെടുക്കുന്ന നാലുപേരും ദുരന്തത്തിനിരയായി.
ഇതിൽ ബിഹാർ സ്വദേശിനി ഫൂൽ കുമാരി ദേവിയുടെ മൃതദേഹം കിട്ടി. ഇവരുടെ ഭർത്താവ് പരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്നുപേരെ ഇനിയും കണ്ടെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.