പുതിയ അധ്യയന വർഷത്തിന് തുടക്കം; ഡിജിറ്റൽ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
text_fieldsതിരുവനന്തപുരം: പുത്തൻ യൂനിഫോമും കുടയും ബാഗും വേണ്ടാത്ത, ക്ലാസ് മുറികളിൽ ഒരുമിച്ചിരിക്കാത്ത പുതിയ അക്ഷരലോകത്തേക്ക് കുരുന്നുകളുടെ ജൈത്രയാത്രക്ക് തുടക്കം. കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനിടയിലാണ് ഡിജിറ്റൽ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് സ്കൂൾ അധ്യയനത്തിന് തുടക്കമായത്.
കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയുള്ള ക്ലാസുകളുടെ സംപ്രേഷണത്തിന് വെർച്വൽ പ്രവേശനോത്സവം അകമ്പടിയായി. പഴയ സ്ലേറ്റിനും പെൻസിലിനുമെല്ലാം പകരം ടെലിവിഷൻ/കമ്പ്യൂട്ടർ/മൊബൈൽ ഫോൺ എന്നിവയായിരുന്നു കുട്ടികളുടെ പഠനോപകരണങ്ങൾ. . വെർച്വൽ പ്രവേശനോത്സവ പരിപാടികൾ വീട്ടിലിരുന്ന് കണ്ട് അവർ അധ്യയനത്തിന്‍റെ ആദ്യതാൾ മറിച്ചു.
ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്ന മൂന്നര ലക്ഷത്തോളം കുട്ടികൾ ഉൾപ്പെടെ 39 ലക്ഷം പേർക്കാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ അധ്യയനം തുടങ്ങിയത്. വെർച്വൽ പ്രവേശനോത്സവത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
കുട്ടികൾ സ്കൂളുകളിലേക്ക് വരുന്ന കാലം വിദൂരമല്ല –മുഖ്യമന്ത്രി
തിരുവനന്തപുരം: പുത്തനുടുപ്പുകളിട്ട് പുസ്തക സഞ്ചി തൂക്കി പൂമ്പാറ്റകളായി വിദ്യാർഥികൾ സ്കൂളുകളിലേക്ക് വരുന്ന കാലം വിദൂരമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വെർച്വലായുള്ള സ്കൂൾ പ്രവേശനോത്സവത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം അധ്യാപകരുമായി വിദ്യാർഥികൾക്ക് നേരിട്ട് ആശയവിനിമയം നടത്താൻ കഴിയുന്ന സംവിധാനം ഇത്തവണ ഏർപ്പെടുത്തുന്നുണ്ട്. ഇതോടെ, ശരിയായ ഒാൺലൈൻ വിദ്യാഭ്യാസം നൽകാൻ കഴിയും. ഇത് ഘട്ടംഘട്ടമായി നടപ്പാക്കും. കുട്ടികളിലെ പ്രതിഭാ പോഷണത്തിന് സഹായിക്കുന്ന വിഷയങ്ങളും ഓൺലൈൻ ക്ലാസിൽ ഉൾപ്പെടുത്തും. വിദ്യാർഥികളുടെ മാനസികോല്ലാസത്തിനാവശ്യമായ കാര്യങ്ങളും ടെലിവിഷൻ ക്ലാസുകളിൽ നൽകും. സംഗീതം, ചിത്രകല, കായികം തുടങ്ങിയ വിഷയങ്ങൾ ചാനലിലൂടെയും വിദ്യാഭ്യാസ വകുപ്പിെൻറ യുട്യൂബ് ചാനലുകളിലൂടെയും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂൾ തുറക്കുന്നത് സംബന്ധിച്ച് പഠനം നടത്തും –മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുേമ്പാൾ ഘട്ടംഘട്ടമായി സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പഠനം നടത്തുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. വെർച്വൽ പ്രവേശനോത്സവത്തിെൻറ സംസ്ഥാതല ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിജിറ്റൽ ക്ലാസുകളുടെ അടുത്ത ഘട്ടമെന്ന നിലയിൽ ഓൺലൈൻ ക്ലാസുകളിലൂടെ അധ്യാപകരോട് നേരിട്ട് ആശയവിനിമയം നടത്താനുള്ള സാഹചര്യമുണ്ടാക്കും. സ്പെഷൽ സ്കൂളുകളിലേതടക്കമുള്ള വിദ്യാർഥികളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് മികച്ച നിലയിൽ ഡിജിറ്റൽ-ഓൺലൈൻ ക്ലാസുകൾ എല്ലാവരിലേക്കുമെത്തിക്കാനുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ആൻറണി രാജു, ജി.ആർ. അനിൽ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഡി. സുരേഷ്കുമാർ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എസ്.എസ്.കെ ഡയറക്ടർ ഡോ.എ.പി. കുട്ടികൃഷ്ണൻ എന്നിവർ സംസാരിച്ചു. മമ്മൂട്ടി, മോഹൻലാൽ, സച്ചിദാനന്ദൻ, ശ്രീകുമാരൻ തമ്പി, പി.ടി. ഉഷ, ബെന്യാമിൻ, ഗോപിനാഥ് മുതുകാട്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ ഓൺലൈനിലൂടെ ആശംസകൾ നേർന്നു.
ആദ്യ ദിവസം അംഗൻവാടി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ ക്ലാസ് മാത്രമാണ് നടന്നത്. ബുധനാഴ്ച മുതൽ രണ്ടാഴ്ച ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ട്രയൽ ക്ലാസുകൾ നടത്തും. ജൂൺ ഏഴു മുതൽ പ്ലസ് ടു ക്ലാസുകളും തുടങ്ങും. സ്കൂൾതലത്തിൽ അധ്യാപകർ നടത്തുന്ന ഒാൺലൈൻ ക്ലാസുകൾ ജൂലൈയിൽ തുടങ്ങാനാണ് പദ്ധതി. സംസ്ഥാനത്തെ കോളജുകളിലും ഒാൺലൈനായി ചൊവ്വാഴ്ച അധ്യയനം തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.