കെ.എസ്.ആർ.ടി.സിക്ക് പുതിയ ആക്ഷൻ പ്ലാൻ; പുതിയ കമ്പനി 'കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ്'
text_fieldsകോഴിക്കോട്: കിഫ്ബി സഹായമുപയോഗിച്ച് കെ.എസ്.ആർ.ടി.സി നടപ്പാക്കുന്ന പദ്ധതികൾ പുതിയ ഉപകമ്പനിക്കു കീഴിലാക്കും. 'കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ്' എന്ന പേരിലാണ് കമ്പനി രൂപവത്കരിക്കുകയെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ, എം.ഡി ബിജു പ്രഭാകർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പുതിയ ബസുകളോടൊപ്പം ദീർഘദൂര സർവിസുകളുടെയും ചുമതല ഉപകമ്പനിക്കായിരിക്കും. കമ്പനി ജനുവരി ഒന്നിന് ആരംഭിക്കും.
കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറായിരിക്കും ഉപകമ്പനിയുടെയും എക്സ് ഒഫിഷ്യോ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ. കിഫ്ബിയിൽനിന്ന് എടുക്കുന്ന കടം യഥാസമയം തിരിച്ചടക്കുക, ബാങ്കുകളുടെ കൺസോർട്യത്തിൽനിന്നും എടുക്കുന്ന കടം തിരിച്ചടക്കാൻ കെ.എസ്.ആർ.ടി.സിയെ സഹായിക്കുക എന്നിവയാണ് ഉപകമ്പനിയുടെ പ്രധാന ചുമതലകൾ.
നാലു വർഷത്തിനകം 2800ഓളം പുതിയ ബസുകൾ ഇറക്കും. നിലവിൽ സ്ലീപ്പർ, സെമി സ്ലീപ്പർ ബസ് ഇല്ല. നടപ്പ് സാമ്പത്തികവർഷം സർക്കാർ അനുവദിച്ച 50 കോടി ഉപയോഗിച്ച് എട്ട് സ്ലീപ്പർ, 20 സെമി സ്ലീപ്പർ, 72 എക്സ്പ്രസ് ബസുകൾ വാങ്ങും. 2012നുശേഷം ശമ്പള പരിഷ്കരണം നടന്നിട്ടില്ല. നവംബർ മുതൽ ചർച്ച ആരംഭിക്കും. ശമ്പള പരിഷ്കരണം നടപ്പാക്കുന്നതുവരെ സ്ഥിരം ജീവനക്കാർക്ക് ഇടക്കാല ആശ്വാസമായി 1500 രൂപ അടുത്ത മാസം മുതൽ തന്നെ നൽകാൻ ശ്രമം നടത്തിവരുകയാണ്. 10 വർഷത്തിലധികം സർവിസുള്ള എംപാനൽ കാരെ കെ.എസ്.ആർ.ടി.സിയിലും 10 വർഷത്തിൽ താഴെ സർവിസുള്ളവരെ പുതിയ കമ്പനിയിലും സ്ഥിരപ്പെടുത്തും.
ഇന്ധനലാഭം ഉണ്ടാക്കുന്നതിനും നഷ്ടം കുറക്കുന്നതിനും ബസുകൾ സി.എൻ.ജി (കംപ്രസ്ഡ് നാച്വറൽ ഗ്യാസ്), എൽ.എൻ.ജി (ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്) തലത്തിലേക്ക് മാറ്റും. സി.എൻ.ജി ബസുകൾ വാങ്ങാൻ ടെൻഡർ ആരംഭിച്ചു. വർക്ഷോപ്പുകളുടെ നവീകരണത്തിനു 31.93 കോടി അനുവദിച്ചു. നവീകരണത്തിനായി ടെൻഡർ നടപടികൾ ആരംഭിച്ചു. സമ്പൂർണ കമ്പ്യൂട്ടർവത്കരണം നടപ്പാക്കും. രണ്ടാം പുനരുദ്ധാരണ പാക്കേജിെൻറ ഭാഗമായി കെ.എസ്.ആർ.ടി.സിയിൽ നാലു ലാഭകേന്ദ്രങ്ങൾ നിലവിൽ വരും. ഇപ്പോഴുള്ള മൂന്നു സോണുകളും, സ്വിഫ്റ്റ്് കമ്പനിയുമായിരിക്കും ഇവ. ഈ ലാഭകേന്ദ്രങ്ങളിൽ ജോലിയിൽ കാണിക്കുന്ന പ്രകടനത്തിെൻറ അടിസ്ഥാനത്തിൽ ഇൻസെൻറിവ് സമ്പ്രദായം നടപ്പാക്കും. ജീവനക്കാർക്ക് സ്ഥലംമാറ്റം അതത് ലാഭകേന്ദ്രത്തിെൻറ പരിധിയിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.