ജപ്തി തടയൽ: പുതിയ നിയമഭേദഗതിയായി
text_fieldsതിരുവനന്തപുരം: വായ്പക്കുടിശ്ശിക തുകയെക്കാള്‍ കൂടുതല്‍ മൂല്യമുള്ള ഭൂമിയിലെ ജപ്തി തടയാന്‍ കലക്ടര്‍മാര്‍ക്ക് അധികാരം നല്കുന്ന നിയമഭേദഗതി സംസ്ഥാനത്ത് നിലവില്‍ വന്നു. വായ്പക്ക് ഈടായിവെച്ച മുഴുവന്‍ ഭൂമിയും കെട്ടിടവും ജപ്തി ചെയ്യാന്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും പുതിയ നിയമംവഴി കഴിയില്ല. കുടിശ്ശികത്തുകക്ക് മൊറട്ടോറിയം അനുവദിക്കാന്‍ സര്‍ക്കാറിന് അധികാരം നൽകുന്ന വ്യവസ്ഥകളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജപ്തി ചെയ്യുന്ന ഭൂമിയും അതിലെ കെട്ടിടങ്ങളുടെയും മൂല്യം വായ്പക്കുടിശ്ശിക തുകയെക്കാള്‍ കൂടുതലാണെങ്കില്‍ വസ്തുവിന്റെ ഒരു ഭാഗത്ത് മാത്രമായി ജപ്തി പരിമിതപ്പെടുത്താന്‍ കലക്ടര്‍ക്ക് കഴിയും. പ്രദേശത്തെ ഭൂമിയുടെ ന്യായവിലയുടെയും പൊതുമരാമത്ത് വകുപ്പ് കണക്കാക്കിയിട്ടുള്ള കെട്ടിടങ്ങളുടെയും മറ്റുള്ളവയുടെയും മൂല്യം കണക്കാക്കിയാണ് നടപടി.
ജപ്തിയില്‍ ഇടപെടുന്നതിനായി കുടിശ്ശികക്കാരന് കലക്ടര്‍ക്ക് നല്കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാകും നടപടി. ജപ്തിയുടെ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി (ബോട്ട് ഇന്‍ ലാന്‍ഡ്) കുടിശ്ശികക്കാരന് തുക അടച്ച് തിരികെ എടുക്കാന്‍ അഞ്ചുവര്‍ഷം വരെ സാവകാശം നല്‍കാനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. പ്രോസസിങ് ചാര്‍ജും പലിശയും നികുതി കുടിശ്ശികയും ഉള്‍പ്പെടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്താല്‍ കലക്ടറാണ് ഭൂമി തിരികെ അനുവദിക്കുക. കുടിശ്ശിക അടച്ച് ഭൂമി തിരിക വാങ്ങാനുള്ള നടപടികള്‍ക്ക് കലക്ടറുടെ മുന്‍കൂര്‍ അനുമതി തേടുകയും വേണം.ജപ്തിയിലേക്ക് കടക്കും മുമ്പ് കുടിശ്ശിക ഗഡുക്കളായി അടയ്ക്കാന്‍ കുടിശ്ശികക്കാരന് അവസരം നല്‍കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.