പി.എഫ്.ഐ നേതാവ് ഇ. അബൂബക്കറിന്റെ ചികിത്സക്കായി പുതിയ ജാമ്യാപേക്ഷ; റിപ്പോർട്ട് തേടി കോടതി
text_fieldsന്യൂഡൽഹി: തിഹാർ സെൻട്രൽ ജയിലിൽ കഴിയുന്ന പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപക ചെയർമാനും ദേശീയ കമ്മിറ്റി അംഗവുമായ ഇ. അബൂബക്കറിന് അർബുദത്തിനും പാർക്കിൻസൺസിനും അടിയന്തര വൈദ്യചികിത്സ ലഭ്യമാക്കാൻ ഇടക്കാലജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ വീണ്ടും അപേക്ഷ നൽകി. തുടർന്ന് അബൂബക്കറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ഡൽഹി പട്യാല ഹൗസ് അഡീഷനൽ സെഷൻസ് ജഡ്ജി ശൈലേന്ദ്ര മാലിക് തിഹാർ ജയിൽ അധികൃതർക്ക് നിർദേശം നൽകി. അബൂബക്കറിന്റെ അപേക്ഷ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
പോപുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അബൂബക്കറിന്റെ ജാമ്യാപേക്ഷ നവംബർ അഞ്ചിന് പരിഗണിക്കുന്നതിനാൽ നേരത്തെ ഇടക്കാല ജാമ്യാപേക്ഷയെ എൻ.ഐ.എ എതിർത്തിരുന്നു. ഇതേതുടർന്ന് കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളുകയും ചെയ്തു.
കീമോതെറപ്പി ചെയ്യുന്ന അബൂബക്കറിന് മതിയായ മരുന്നും ചികിത്സയും കിട്ടുന്നില്ലെന്ന ജാമ്യാപേക്ഷയിലെ വാദം ആരോഗ്യപരമായ പ്രശ്നങ്ങൾ ഇപ്പോൾ ഇല്ലെന്ന ജയിൽ മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ട് കാണിച്ചാണ് എൻ.ഐ.എ എതിർത്തത്. പാർക്കിൻസൺസിനും പ്രമേഹത്തിനും ഹൈപർ ടെൻഷനും ജയിൽ ഡിസ്പെൻസറിയിൽനിന്ന് മരുന്ന് നൽകുന്നുണ്ടെന്നും ഡൽഹി ജി.ബി. പന്ത് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കിയിരുന്നുവെന്നും മെഡിക്കൽ ഓഫിസർ ബോധിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.