അഞ്ച് ക്ലാസുകളിലേക്ക് പുതിയ പുസ്തകങ്ങൾ റെഡി; കരിക്കുലം കമ്മിറ്റി 16ന്
text_fieldsതിരുവനന്തപുരം: പരിഷ്കരിച്ച പാഠ്യപദ്ധതി പ്രകാരമുള്ള ആദ്യഘട്ട പാഠപുസ്തകങ്ങളുടെ രചന പൂർത്തിയായി. പാഠപുസ്തകങ്ങൾക്ക് അംഗീകാരം നൽകാൻ സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഈമാസം 16ന് ചേരും. കമ്മിറ്റി അംഗീകാരം നൽകുന്ന പാഠപുസ്തകങ്ങൾ ഈ മാസം തന്നെ അച്ചടിക്കായി കാക്കനാട്ടെ കെ.ബി.പി.എസ് പ്രസിലേക്ക് കൈമാറും.
പുതിയ പാഠപുസ്തകങ്ങളുടെ അച്ചടി മേയിൽ പൂർത്തിയാക്കും. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലേക്കാണ് പുതിയ പാഠപുസ്തകങ്ങൾ എത്തുന്നത്. രണ്ട് ഭാഗമായാണ് അച്ചടി. ആദ്യഭാഗമാണ് പൂർത്തിയായത്. അഞ്ച് ക്ലാസുകളിലേക്കായി മലയാളം, ഇംഗ്ലീഷ്, കന്നട, തമിഴ് ഭാഷകളിലായി 164 പാഠപുസ്തകങ്ങളാണ് തയാറായത്. ഇവയാണ് പുതിയ അധ്യയന വർഷത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ പഠിപ്പിക്കുക. രണ്ടാം ഭാഗത്തിന്റെ രചന ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. അവസാന പരിശോധനക്ക് ശേഷം ഇവയും കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തിനും അച്ചടിക്കുമായി കൈമാറും. 2023 മേയ് മുതൽ നവംബർ വരെ എസ്.സി.ഇ.ആർ.ടി നടത്തിയ ശിൽപശാലകളിലൂടെയാണ് പാഠപുസ്തക രചന പൂർത്തിയാക്കിയത്. ഡിസംബറിൽ വിദഗ്ദരുടെ വായനയും പരിശോധനയും പൂർത്തിയാക്കി.
മൊത്തം മൂന്നരക്കോടി പാഠപുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. അടുത്ത വർഷം മാറ്റമില്ലാത്ത രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി നടന്നുവരികയാണ്. അത് ഫെബ്രുവരി പകുതിയോടെ പൂർത്തിയാകും.
ഈ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ 2025-26 അധ്യയന വർഷത്തിൽ പരിഷ്കരിക്കും. 2013-15 കാലയളവിലാണ് മുമ്പ് പാഠപുസ്തകങ്ങൾ പരിഷ്ക്കരിച്ചത്. രണ്ടാം പിണറായി സർക്കാർ വന്ന ശേഷമാണ് പരിഷ്കരണത്തിന് മുന്നോടിയായി കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയും കോർ കമ്മിറ്റിയും പുനഃസംഘടിപ്പിച്ചത്.
പരിഷ്കരിച്ച ലിപിയും പുത്തൻ ഫോണ്ടും
പരിഷ്കരിച്ച മലയാളം ലിപിയും പുതിയ ഫോണ്ടും ഉപയോഗിച്ചാണ് പാഠപുസ്തകങ്ങൾ തയാറാക്കിയത്.ചീഫ് സെക്രട്ടറി അധ്യക്ഷനായ ഔദ്യോഗിക ഭാഷാസമിതിയുടെ ശിപാർശ പ്രകാരം പാഠപുസ്തകങ്ങൾ പരിഷ്കരിച്ച മലയാളം ലിപിയിലേക്ക് മാറ്റണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ മാറ്റങ്ങളോടെയാണ് പുസ്തകങ്ങൾ തയാറാക്കിയത്. ലിപിയിലും ഫോണ്ടിലും മാറ്റമുള്ളതിനാൽ മുഴുവൻ പാഠപുസ്തകങ്ങളുടെയും ട്രയൽ കോപ്പി അച്ചടിച്ചശേഷം പരിശോധനക്കായി എസ്.സി.ഇ.ആർ.ടിക്ക് നൽകും.
അതിനുശേഷമാണ് പുസ്തകങ്ങളുടെ അച്ചടി ആരംഭിക്കുക. കൂട്ടക്ഷരങ്ങൾ പരമാവധി തിരികെ കൊണ്ടുവരുന്ന രീതിയിലാണ് ഭാഷാസമിതിയുടെ ശിപാർശ പ്രകാരമുള്ള ലിപി പരിഷ്കരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.