മരിച്ചെന്ന് കരുതി വീട്ടിലേക്ക് കൊണ്ടുവരവെ നവജാത ശിശു കരഞ്ഞു
text_fieldsഅടിമാലി: മരിച്ചെന്ന ധാരണയിൽ സംസ്കാരത്തിന് ആംബുലൻസിൽ വീട്ടിലേക്ക് കൊണ്ടുവന്ന നവജാതശിശു വഴിമേധ്യ കരഞ്ഞു. പരിഭ്രാന്തിയിലായ ബന്ധുക്കൾ കുഞ്ഞിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് സംഭവം.
മുരിക്കാശ്ശേരി വാത്തിക്കുടിയിലെ പ്രസാദ്-ശ്രീജ ദമ്പതികളുടേതാണ് കുഞ്ഞ്. കഴിഞ്ഞ തിങ്കളാഴ്ച അടിമാലി താലൂക്ക് ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് പ്രസവത്തിന് മുമ്പ് പൊക്കിൽകൊടി കഴുത്തിൽ ചുറ്റി തലച്ചോറിന് ക്ഷതമേറ്റിരുന്നു. വിദഗ്ധ ചികിത്സക്കായി ചൊവ്വാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെൻറിലേറ്ററിെൻറ സഹായത്തോടെ ജീവൻ നിലനിർത്തിയെങ്കിലും കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരാനിടയില്ലെന്ന് മനസ്സിലാക്കിയ മെഡിക്കൽ കോളജിലെ ഡോക്ടർ വിവരം പ്രസാദിനെ അറിയിച്ചു. ഇതോടെ കുട്ടിയെ വിട്ടുതരണമെന്നും വീട്ടിലേക്ക് പോകുകയാണെന്നും പ്രസാദ് അറിയിച്ചു.
വിട്ടുനൽകുന്നതിലെ പ്രശ്നങ്ങൾ മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചെങ്കിലും സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുപോകുന്നതായി എഴുതിവാങ്ങി വിട്ടുകൊടുക്കുകയായിരുന്നു. വെൻറിലേറ്റർ വേർപെടുത്തിയതോടെ അനക്കം നിലച്ചു.
ഇതോടെ മരിച്ചതായി കരുതിയ ബന്ധുക്കൾ പ്രസാദിനെയും ശ്രീജയെയും മറ്റൊരു വാഹനത്തിലും കുഞ്ഞിനെ ആംബുലൻസിലും വീട്ടിലേക്ക് കൊണ്ടുവന്നു. സംസ്കരിക്കുന്നതിനടക്കം ക്രമീകരണങ്ങളും ചെയ്തു.
യാത്രക്കിടെ ആംബുലൻസിൽ വെച്ച് കുഞ്ഞ് ഒന്നിലേറെ തവണ കരഞ്ഞു. തുടർന്നാണ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിൽ തന്നെയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.