മുത്തശ്ശിപ്പാലത്തിന് ഇനി വിശ്രമിക്കാം; ഇരിട്ടി പുതിയ പാലം യാഥാർഥ്യമാവുന്നു
text_fieldsനിലവിലുള്ള പാലത്തിന് തൊട്ടടുത്താണ് 144 മീറ്റർ നീളത്തിൽ പുതിയ പാലം നിർമിച്ചത്
ഇരിട്ടി: 1933ൽ ബ്രിട്ടീഷുകാർ നിർമിച്ച് 88 വർഷത്തെ ഭാരം താങ്ങി തളർന്ന ഇരിട്ടി പാലത്തിന് സമാന്തരമായി പുതിയ പാലം യാഥാർഥ്യമാവുന്നു. പാലംപണി പൂർത്തീകരിച്ചതോടെ നിലവിലെ മുത്തശ്ശിപ്പാലത്തിന് ഇനി വിശ്രമിക്കാം. തലശ്ശേരി -വളവുപാറ റോഡ് പ്രവൃത്തിയോടനുബന്ധിച്ചു ആറു പാലങ്ങളാണ് പുതുതായി നിർമിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഇരിട്ടി പാലം പ്രവൃത്തി മൂന്നുവർഷം മുമ്പാണ് ആരംഭിച്ചത്. ഈ കാലയളവിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്താണ് പാലം നിർമാണം പൂർത്തീകരിച്ചത്.
നിലവിലുള്ള പാലത്തിന് തൊട്ടടുത്താണ് 144 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമായി മൂന്നു സ്പാനുകളിൽ പുതിയ പാലം നിർമിച്ചത്. പാലം നിർമാണത്തിനിടെ, പുഴയിലുണ്ടായ വെള്ളപ്പൊക്കത്തിെൻറ കുത്തൊഴുക്കിൽ ടെസ്റ്റിങ് പൈൽ ഒഴുകിപ്പോയിരുന്നു. ഇത് വലിയ ആശങ്കയും വിവാദവും സൃഷ്ടിച്ചു. തുടർന്നുവന്ന കാലവർഷവും നിർമാണ പ്രവൃത്തിയെ തടസ്സപ്പെടുത്തി. ഇതേ ത്തുടർന്ന് രാജ്യത്തെ നാല് പ്രമുഖ പാലം നിർമാണ വിദഗ്ധർ സ്ഥലം സന്ദർശിക്കുകയും പൈലുകളുടെ എണ്ണവും ആഴവും വർധിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് പണി ആരംഭിച്ചെങ്കിലും കോവിഡ് ലോക്ഡൗൺ പാലം പ്രവൃത്തി വീണ്ടും നീണ്ടുപോകാൻ ഇടയാക്കി. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ പ്രവൃത്തി ദ്രുതഗതിയിൽ പൂർത്തീകരിക്കുകയായിരുന്നു.
നിലവിലെ പാലത്തിലൂടെ രണ്ട് വാഹനങ്ങൾ ബുദ്ധിമുട്ടിയാണ് ഒരേസമയം പോവുന്നത്. പാലത്തിലൂടെയുള്ള കാൽനട പോലും ദുസ്സഹമായിരുന്നു. ഉയരം കൂടിയ വാഹനങ്ങൾ പോവുമ്പോൾ പാലത്തിൽ കുരുങ്ങിയുള്ള ഗതാഗതക്കുരുക്കും പതിവാണ്. ടാറിങ് പണി പൂർത്തിയാക്കി പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ വർഷങ്ങളായി ഇരിട്ടി ടൗൺ അനുഭവിക്കുന്ന ഗതാഗതക്കുരുക്കിനും പരിഹാരമാകും. അന്തർ സംസ്ഥാനങ്ങളെയും മലയോരത്തെയും കൂട്ടിയിണക്കുന്നതിൽ ഇരിട്ടി പാലത്തിന് പ്രധാന പങ്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.