ചൂരൽമലയിൽ പുതിയ പാലം നിർമിക്കും: 35 കോടിയുടെ പദ്ധതിക്ക് അംഗീകാരം
text_fieldsചൂരൽമലയുമായി മുണ്ടക്കൈയെയും ആട്ടമലയെയും ബന്ധിപ്പിക്കുന്ന പാലം മലവെള്ളപ്പാച്ചലിൽ ഒലിച്ചു പോയപ്പോൾ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം പുനർനിർമിക്കാനുള്ള 35 കോടി രുപയുടെ പദ്ധതിക്ക് അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. ചൂരൽമല ടൗണിൽ നിന്ന് മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. മേപ്പാടിയെ മുണ്ടക്കൈ, ആട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ് പുനർനിർമിക്കുകയെന്നും വാർത്താകുറിപ്പിൽ ധനമന്ത്രി അറിയിച്ചു.
വയനാട്ടിലെ മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ കുടുങ്ങിയവരെ സൈന്യത്തിന്റെ താൽകാലികപാലത്തിലുടെ രക്ഷപ്പെടുത്തുന്നു (ചിത്രം: പി. സന്ദീപ്)
ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിർമിതി. കഴിഞ്ഞ ദുരന്തകാലത്ത് പൂഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും പാലം പണിയുക. മുൻപുണ്ടായിരുന്ന പാലത്തിനെക്കാൾ ഉയരം പുതിയ പാലത്തിനുണ്ടാവും.
മുണ്ടക്കൈയെ ചൂരൽമലയുമായി ബന്ധിപ്പിക്കാനായി ബെയ്‍ലി പാലം പണിയുന്ന സൈനികർ (ചിത്രം: പി. സന്ദീപ്)
ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലും 80 മീറ്റർ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിയുന്നത്. വെള്ളത്തിൽ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്ഥാനം നിർമിക്കുക.
ദുരന്തഭൂമിയായ ചൂരൽമലയിൽ സന്ദർശനത്തിനായി സൈനികർ നിർമിച്ച താൽകാലികപാലത്തിലൂടെ നടക്കുന്ന രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും (ചിത്രം: പി. സന്ദീപ്)
കഴിഞ്ഞ വർഷം ജൂലൈ 30നാണ് ഉരുൾപ്പെട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചലിൽ ചൂരൽമല ടൗണിനെയും മുണ്ടക്കൈയെയും ബന്ധിപ്പിക്കുന്ന പാലം ഒലിച്ചുപോയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.