കസ്റ്റഡിയിലുള്ളവരെ ‘കൈകാര്യം ചെയ്യാൻ’ പൊലീസിന് പെരുമാറ്റച്ചട്ടം
text_fieldsകോഴിക്കോട്: കുറ്റാരോപിതർ, കസ്റ്റഡിയിലുള്ളവർ, അതിജീവിതർ എന്നിവരെ ആശുപത്രിയിലും ഡോക്ടർ, മജിസ്ട്രേറ്റ് എന്നിവർക്ക് മുമ്പാകെയും ഹാജരാക്കുമ്പോൾ പൊലീസ് പാലിക്കേണ്ട പെരുമാറ്റച്ചട്ടം (പ്രോട്ടോകോൾ) പുറത്തിറക്കി ആഭ്യന്തര വകുപ്പ്. പൊലീസ് വൈദ്യപരിശോധനക്ക് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച സന്ദീപ് പരിശോധനക്കിടെ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ ദാരുണ സംഭവത്തെ തുടർന്നാണ് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ മാർഗനിർദേശം പുറപ്പെടുവിച്ച് കർശനമായി പാലിക്കാൻ ഉത്തരവ് നൽകിയത്.
ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ അയാൾ ലഹരി ഉപയോഗത്തെ തുടർന്നോ മാനസിക ശാരീരിക വൈകല്യത്തെ തുടർന്നോ അക്രമാസക്തനാകാറുണ്ടോ എന്ന് ബന്ധുക്കൾ, സുഹൃത്തുകൾ എന്നിവരിൽനിന്ന് ചോദിച്ചറിഞ്ഞ് പൊലീസ് ജാഗ്രതയോടെ നടപടി സ്വീകരിക്കണം. ആക്രമണ സ്വഭാവമുണ്ടെന്ന് വ്യക്തമായാൽ മേലുദ്യോഗസ്ഥനെ അറിയിച്ച് ഡ്യൂട്ടി നോട്ട് ബുക്കിൽ രേഖപ്പെടുത്തണം. ഇത്തരക്കാരെ പൊലീസ് സ്റ്റേഷൻ, ആശുപത്രി എന്നിവിടങ്ങളിലെത്തിക്കുമ്പോൾ ബന്ധുവോ നാട്ടുകാരനോ ഒപ്പമുണ്ടാകാൻ നടപടി സ്വീകരിക്കണം.
കസ്റ്റഡിയിലെടുത്തയാൾ വസ്ത്രത്തിലോ ശരീരഭാഗങ്ങളിലോ ആയുധമായി ഉപയോഗിക്കാവുന്ന വസ്തുക്കൾ, ലഹരി, വിഷവസ്തുക്കൾ എന്നിവ സൂക്ഷിച്ചിട്ടില്ലെന്ന് ഉറപ്പാക്കാൻ വസ്ത്രവും ശരീരവും നിയമാനുസൃതം പരിശോധിക്കണം. ആക്രമണ സ്വഭാവമുള്ളയാളെങ്കിൽ അക്കാര്യം വൈദ്യപരിശോധനക്കുമുമ്പ് ഡോക്ടറെ അറിയിക്കുകയും ആവശ്യമെങ്കിൽ പൊലീസ് സുരക്ഷ ഉറപ്പാക്കുകയും വേണം.
വൈദ്യപരിശോധന വേളയിൽ ഡോക്ടർ പറയാതെ പൊലീസ് മാറിനിൽക്കരുത്. മാറിനിന്നാലും കാണാൻ കഴിയുന്ന അകലത്തിലാവണം. കത്രികയടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ മെഡിക്കൽ ഓഫിസറോട് ആവശ്യപ്പെടണം. വൈദ്യപരിശോധന സ്വകാര്യതയെ ബാധിക്കാതെ വിഡിയോയിൽ പകർത്തുകയോ സി.സി.ടി.വി കാമറയിൽ റെക്കോഡ് ചെയ്യുകയോ വേണമെന്നും പ്രോട്ടോകോളിൽ പറയുന്നു. സ്ത്രീകൾ, കുട്ടികൾ, ട്രാൻസ്ജെൻഡർ എന്നിവരുടെ കാര്യത്തിലും ഈ മാർഗനിർദേശം പൊലീസ് പാലിക്കണം.
മജിസ്ട്രേറ്റിനു മുമ്പാകെ ഇത്തരക്കാരെ ഹാജരാക്കുമ്പോഴും ഈ രീതി തുടരണം. മാനസിക അസ്ഥിരതയുള്ളവരെ മജിസ്ട്രേറ്റിന് മുന്നിലെത്തിക്കുമ്പോൾ സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഇക്കാര്യം മുൻകൂട്ടി അറിയിക്കണം. ജീവഹാനിയുണ്ടാക്കുന്ന സാഹചര്യങ്ങളുണ്ടെങ്കിൽ നിർബന്ധമായി കൈവിലങ്ങ് ധരിപ്പിക്കണമെന്നും പ്രോട്ടോകോൾ വ്യക്തമാക്കുന്നു.
ആക്രമണം പ്രതിരോധിക്കാനും മനോവീര്യം കൂട്ടാനും പൊലീസിന് പരിശീലനം
ആയുധങ്ങളുപയോഗിച്ചോ അല്ലാതെയോ ഉള്ള ആക്രമണം പ്രതിരോധിക്കാൻ എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും സ്വയം പ്രതിരോധ പരിശീലനം നൽകുന്നു. കസ്റ്റഡിയിലുള്ളവരെ തെളിവെടുപ്പിനും വൈദ്യപരിശോധനക്കും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനുമെല്ലാം കൊണ്ടുപോകുമ്പോൾ പൊലീസിനെ ആക്രമിക്കുന്നത് തുടർക്കഥയായതോടെയാണിത്. പൊലീസുകാർക്ക് അവരുടെ യൂനിറ്റുകൾ മുഖേന ഓരോ വർഷവും നിശ്ചിത കാലയളവിൽ പരിശീലനം നൽകാനാണ് നിർദേശം.
പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയുടെ ഭാഗമായി കൈകാര്യം ചെയ്യേണ്ടിവരുന്ന മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നും ഓരോ വർഷവും ഡോക്ടർമാർ, മാനസികാരോഗ്യ വിദഗ്ധർ, പുനരധിവാസ കേന്ദ്രം വിദഗ്ധർ തുടങ്ങിയവരെ ഉൾപ്പെടുത്തി നിർബന്ധിത സേവന പരിശീലനം നൽകണമെന്നും നിർദേശമുണ്ട്. രണ്ടു പരിശീലനവും ആഗസ്റ്റ് 31നു മുമ്പ് പൂർത്തിയാക്കി വിശദാംശങ്ങൾ ലഭ്യമാക്കാനും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത് കുമാർ നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.