വയനാട്ടിൽ പുതിയ കണ്ടെയ്ൻമെൻറ് സോണുകള്‍
text_fieldsകൽപറ്റ: നഗരസഭയിലെ പതിനെട്ടാം വാർഡിൽ റാട്ടകൊല്ലി പണിയ കോളനി ഉൾപ്പെടുന്ന പ്രദേശം മൈക്രോ കണ്ടെയ്ൻമെൻറ് സോണായും എടവക ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് കൂടാതെ 2/4 ടൗൺ (ചുണ്ടമുക്ക്) കണ്ടെയ്ൻമെൻറ് സോണായും ജില്ല കലക്ടർ പ്രഖ്യാപിച്ചു. അതേസമയം, സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 24ാം വാര്‍ഡിലുള്ള ജൂബിലി റസ്‌റ്റാറൻറ്, ഇമേജ് മൊബൈല്‍ ഷോറൂം എന്നിവ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ മൈക്രോ കണ്ടെയ്ൻമെൻറ് സോണില്‍നിന്ന് ഒഴിവാക്കി. തമിഴ്നാട്ടിൽനിന്നുള്ള കോവിഡ് ബാധിതനായ ലോറി ഡ്രൈവർ കഴിഞ്ഞ രണ്ടിനാണ് റസ്റ്റാറൻറിലും കയറിയത്. തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ജില്ലയിൽ സമ്പർക്ക രോഗികൾ നാലാഴ്ചക്കിടെ
കൽപറ്റ: കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കോവിഡ് ബാധിക്കാത്ത ഒരേയൊരു ജില്ലയായിരുന്നു വയനാട്. എന്നാൽ, വെള്ളിയാഴ്ച എട്ടുപേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്. നേരത്തേ കോവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഉള്ളവരാണ് ഇവരെല്ലാം. അതുകൊണ്ടുതന്നെ എട്ടുപേരും നിരീക്ഷണത്തിൽ കഴിഞ്ഞുവരുകയായിരുന്നു. ജൂൺ 19നാണ് ജില്ലയിൽ ഇതിനുമുമ്പ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. അന്ന് സുൽത്താൻ ബത്തേരി കുപ്പാടി പൂളവയലിലെ റിസോർട്ട് നിർമാണത്തിൽ ഏർപ്പെട്ടിരുന്ന നാല് അന്തർ സംസ്ഥാന തൊഴിലാളികൾക്കാണ് രോഗബാധയുണ്ടായത്. കോവിഡ് പ്രതിരോധത്തിൽ ജില്ല ഭരണകൂടവും ആരോഗ്യവകുപ്പും പ്രാദേശിക ഭരണകൂടങ്ങളും പുലർത്തിയ നിയന്ത്രണങ്ങളും ജാഗ്രതയുമാണ് ജില്ലയിൽ രോഗവ്യാപനവും സമ്പർക്കവും തടഞ്ഞുനിർത്തിയത്.
തൊണ്ടർനാട് കടുത്ത ജാഗ്രത
വെള്ളമുണ്ട: തൊണ്ടർനാട് പഞ്ചായത്തിൽ ജാഗ്രത ശക്തമാക്കി. ആറുപേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതാണ് ആശങ്ക വർധിപ്പിച്ചത്. ജൂലൈ നാലിന് കര്‍ണാടകയില്‍നിന്നെത്തിയ തൊണ്ടര്‍നാട് താമസിച്ച് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള 38കാരെൻറ ഭാര്യ (35), മാതാവ് (64), ഒമ്പതും രണ്ടര വയസ്സുമുള്ള കുട്ടികൾ, അദ്ദേഹത്തിെൻറ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ആറുവയസ്സുള്ള പെണ്‍കുട്ടി, 30 വയസ്സുകാരൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തൊണ്ടർനാട് പഞ്ചായത്തിൽ മാത്രം ഒരാഴ്ചക്കുള്ളിൽ 11 പേർക്കാണ് രോഗം സ്ഥിരീകരിച്ച്.
സ്രവ പരിശോധനക്ക് അയച്ച 21 ആളുകളുടെ ഫലം ഇനിയും ലഭിക്കാൻ ബാക്കിയുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻറ് പി.എ. ബാബു പറഞ്ഞു. നിത്യേന രോഗികളുടെ എണ്ണം വർധിക്കുന്നതിലും ഇത് സമ്പർക്കത്തിലൂടെ മാത്രം ആയതിനാലും ജനങ്ങൾ ആശങ്കയിലായിരിക്കയാണ്. പഞ്ചായത്തിലെ ഒമ്പതു വാർഡുകളും കണ്ടെയ്ൻമെൻറ് സോണാക്കി. പ്രധാന റോഡ് ഒഴിക്കെ മറ്റെല്ലാ റോഡുകളും അടച്ചു. പൊലീസ് പരിശോധന കർശനമാക്കി. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന ഏതാനും കടകൾക്ക് രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെ മാത്രം തുറക്കാൻ അനുമതിയുണ്ട്. ബാങ്കുകളുടെ പ്രവർത്തനം ഉച്ചവരെ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.