പുതിയ സി.പി.ഒ റാങ്ക് ലിസ്റ്റുകൾ നിലവിൽ വന്നു; ഉദ്യോഗാർഥികളെ വെട്ടിനിരത്തി
text_fieldsതിരുവനന്തപുരം: ജോലിക്കായി ഇനി ഒരു ഉദ്യോഗാർഥിയും സെക്രട്ടേറിയറ്റിനു മുന്നിൽ സർക്കാറിനെതിരെ മുദ്രാവാക്യം വിളിക്കാതിരിക്കാൻ റാങ്ക് ലിസ്റ്റുകൾ വെട്ടിനിരത്തി കേരള പബ്ലിക് സർവിസ് കമീഷൻ. പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) റാങ്ക് ലിസ്റ്റിൽ ഏഴ് ബറ്റാലിയനിലുമായി 6647 ഉദ്യോഗാർഥികളെ മാത്രം ഉൾപ്പെടുത്തി പുതിയ റാങ്ക് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചു. കഴിഞ്ഞ വർഷം 13,975 പേർ ഇടം പിടിച്ച ലിസ്റ്റുകളാണ് സർക്കാർ നിർദേശപ്രകാരം പകുതിയായി വെട്ടിക്കുറച്ചത്.
കൂടുതൽ ഉദ്യോഗാർഥികൾ ഇടംപിടിച്ചത് എസ്.എ.പി (തിരുവനന്തപുരം) ബറ്റാലിയനിലാണ്. ഇവിടെ മെയിൻ ലിസ്റ്റിൽ 895 പേരും 547 പേർ സപ്ലിമെന്ററി ലിസ്റ്റിലുമായി 1442 പേരെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം 2123 പേർ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ച സ്ഥാനത്താണിത്. എസ്.എ.പി കഴിഞ്ഞാൽ കൂടുതൽ ഉദ്യോഗാർഥികൾ ഇടംപിടിച്ചത് എം.എസ്.പി (മലപ്പുറം) ബറ്റാലിയനിലാണ്. ഇവിടെ 741 ഉദ്യോഗാർഥികൾ മെയിൽ ലിസ്റ്റിലും 320 പേർ സപ്ലിമെന്ററിയിലുമായി 1061 പേരാണ് റാങ്ക് പട്ടികയിലുള്ളത്. കഴിഞ്ഞ ലിസ്റ്റിൽ 2426 പേരായിരുന്നു ഉൾപ്പെട്ടത്. ഏറ്റവും കുറവ് കെ.എ.പി അഞ്ച് ( ഇടുക്കി) ബറ്റാലിയനിലാണ്. ഇവിടെ റാങ്ക് പട്ടികയിൽ 654 പേരാണ് ഉള്ളത്. 2023ലെ ലിസ്റ്റിൽ 1590 പേരെയായിരുന്നു പി.എസ്.സി ഉൾപ്പെടുത്തിയിരുന്നത്.
13,975 പേർ ഇടം പിടിച്ച കഴിഞ്ഞ സി.പി.ഒ റാങ്ക് ലിസ്റ്റിൽ 4454 പേർക്കാണ് നിയമന ശിപാർശ ലഭിച്ചത് . അവയിൽ 1018 എണ്ണവും എൻ.ജെ.ഡി ഒഴിവുകളായിരുന്നു. ഫലത്തിൽ പുതിയ ഒഴിവുകളായി നിയമന ശിപാർശ ഉണ്ടായത് 3436 മാത്രമാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പൂഴ്ത്തിവെച്ച ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് 62 ദിവസമാണ് ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്തത്. ഈ ലിസ്റ്റ് ഏപ്രിൽ 12ന് അവസാനിച്ചിരുന്നു. റാങ്ക് ലിസ്റ്റുകളുടെ വലുപ്പമാണ് ഉദ്യോഗാർഥികളുടെ സമരത്തിന് കാരണമെന്നാണ് സർക്കാറിന്റെയും മുഖ്യമന്ത്രിയുടെയും വാദം. ഈ സാഹചര്യത്തിൽ എല്ലാ റാങ്ക് പട്ടികകളും ഇനിമുതൽ ഒഴിവുകൾക്ക് അനുസൃതമായി മാത്രം പുറത്തിറക്കിയാൽ മതിയെന്നാണ് സർക്കാർ പി.എസ്.സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അവസാന ദിനം 38 ഒഴിവുകൾ
തിരുവനന്തപുരം: ഏപ്രിൽ 12ന് അവസാനിച്ച സി.പി.ഒ റാങ്ക് ലിസ്റ്റിന്റെ അവസാന ദിവസം ഏഴ് ബറ്റാലിയനുകളിലായി റിപ്പോർട്ട് ചെയ്തത് 38 ഒഴിവുകൾ മാത്രം. ഇതിൽ നാലെണ്ണം എൻ.ജെ.ഡിയാണ്. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തത് കെ.എ.പി രണ്ട് ബറ്റാലിയനിലാണ്-11. കെ.എ.പി ഒന്ന്-നാല്, കെ.എ.പി മൂന്ന് -എട്ട്, കെ.എ.പി നാല്-നാല്, കെ.എ.പി അഞ്ച്- ഒന്ന്, എസ്.എ.പി- മൂന്ന്, എം.എസ്.പി -ഏഴ് എന്നിങ്ങനെയാണ് വെള്ളിയാഴ്ച അർധരാത്രി 12 വരെ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തത്. കൂടുതൽ നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.