മുല്ലപ്പെരിയാറില്‍ പുതിയ ഡാം: നടപടി ത്വരിതപ്പെടുത്തണമെന്ന് കേരളം
text_fieldsതിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര ജല കമീഷന് മുന്നിൽ കേരളം.
കമീഷൻ ചെയര്മാന് കുശ്വിന്ദര്‍ വോറയുമായുള്ള കൂടിക്കാഴ്ചയില്‍ മന്ത്രി റോഷി അഗസ്റ്റിനാണ് ഈ ആവശ്യം ഉന്നയിച്ചത്. തമിഴ്നാടിന് കരാര്‍ പ്രകാരം ജലം നല്കാന് കേരളം പ്രതിജ്ഞാബദ്ധമാണ്. പുതിയ അണക്കെട്ട് നിര്‍മിച്ചാലും കരാര്‍ പ്രകാരം ജലം നല്കാന് കേരളം തയാറാണെന്നും മന്ത്രി അറിയിച്ചു.
ജനങ്ങളുടെ ആശങ്ക നീക്കുന്നതിന് കാലാവധി കഴിഞ്ഞ അണക്കെട്ട് ഡീകമീഷന്‍ ചെയ്തു പുതിയതു നിര്‍മിക്കണം. അണക്കെട്ടിന്റെ സുരക്ഷ അവലോകനം ചെയ്യുന്നതിന് ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിക്കാന്‍ തമിഴ്നാടിനോട് കേന്ദ്ര ജല കമീഷന് നിര്‍ദേശിച്ചത് സംസ്ഥാനത്തിന് ആശ്വാസം പകരുന്ന നടപടിയാണ്. ഈ രംഗത്തെ വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തി പഠനം എത്രയും വേഗം പൂര്‍ത്തിയാക്കി പുതിയ ഡാം നിര്‍മിക്കാൻ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 1958ല്‍ ഒപ്പിട്ട പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുനഃപരിശോധിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു. ഇതിനകം രണ്ടു പുനഃപരിശോധന നടത്തേണ്ടതായിരുന്നെങ്കിലും നടന്നില്ല. പ്രളയം ഉണ്ടായാല്‍ അടിയന്തര കര്‍മപദ്ധതി തയാറാക്കുന്നതിന് സി.ഡബ്ല്യു.സിയുടെ കൈവശമുള്ള ഭൂപടം നല്‍കണം. തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള പറമ്പിക്കുളം ഡാമില്‍ റൂള്‍ കര്‍വ് പാലിക്കുന്നതിന് നിര്‍ദേശം നല്‍കണമെന്നും കമീഷനോട് അഭ്യര്‍ഥിച്ചു. ജലവിഭവ സെക്രട്ടറി അശോക് കുമാര്‍ സിങ്, ഇറിഗേഷന്‍ ചീഫ് എൻജിനീയര്‍മാരായ ആര്. പ്രിയേഷ്, പി. ശ്രീദേവി എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.