'മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണം'; ലോക്സഭയിൽ അടിയന്തര പ്രമേയവുമായി ഡീൻ കുര്യാക്കോസ്
text_fieldsമൂവാറ്റുപുഴ: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം എല്ലാ ദിവസവും ശക്തമായ മഴയാണ് ലഭിക്കുന്നത്. അതിവർഷമുണ്ടായാൽ ഡാം സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ ഉൾപ്പടെ എല്ലാ വിദഗ്ധ റിപ്പോർട്ടുകളും ചൂണ്ടികാണിക്കുന്നു.
ഈ സമയത്ത് സുപ്രീംകോടതി വിധി അനുസരിച്ച് 142 അടിയാക്കി ജലനിരപ്പ് നിജപ്പെടുത്തിയാൽ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാകും. 126 വർഷം പഴക്കമുള്ള ഡാമിന്‍റെ ബലക്ഷയം സംബന്ധിച്ച് മനസിലാക്കാൻ കഴിയുന്ന തരത്തിൽ സുപ്രീംകോടതി നിർദേശമനുസരിച്ച് വിവിധ ഉപകരണങ്ങൾ സ്ഥാപിക്കാൻ മേൽനോട്ട സമിതി പരാജയപ്പെട്ടു. ദൗർഭാഗ്യവശാൽ സംസ്ഥാന സർക്കാർ ജനതാൽപര്യം മുന്നിൽ നിർത്തിയുള്ള പ്രവർത്തനങ്ങളല്ല നടത്തുന്നത്.
ബേബി ഡാം സുരക്ഷിതമാക്കാൻ മരം മുറിക്കാൻ അനുമതി നൽകണമെന്ന തമിഴ്നാടിന്‍റെ ആവശ്യം കേരളം അംഗീകരിച്ചത് 152 അടിയാക്കി ജലനിരപ്പ് ഉയർത്താൻ കാരണമാകും. ഇത് കേരളത്തിൽ സർവനാശത്തിന് വഴിവെക്കുന്ന തരത്തിലായിരിക്കും കൊണ്ടുവന്നെത്തിക്കുന്നത്. അതിനാൽ കേരളം ദീർഘനാളായി അംഗീകരിച്ചിട്ടുള്ള 'കേരളത്തിന് സുരക്ഷ, തമിഴ്നാടിന് ജലം' എന്ന മുദ്രാവാക്യത്തെ മുന്നിൽ നിർത്തി നിലവിലുള്ള ഡാം ഡീ കമീഷൻ ചെയ്ത് പുതിയ ഡാം നിർമിക്കണമെന്നും അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.