വിഭാഗീയതക്ക് പുതിയമാനം; നവമാധ്യമ വിപ്ലവ വഴിയിൽ വെട്ടിലായി സി.പി.എം
text_fieldsകായംകുളം: ന്യൂജെൻ സഖാക്കളുടെ നവമാധ്യമ വിപ്ലവ പ്രവർത്തനങ്ങൾ സി.പി.എം വിഭാഗീയതക്ക് പുതിയ മാനം നൽകുമ്പോൾ വെട്ടിലായി നേതൃത്വം. നേതാക്കളുടെ അഴിമതിക്കഥകൾ തുടർച്ചയെന്നവണ്ണം സമൂഹമാധ്യമങ്ങളിൽ നിറയുമ്പോൾ പ്രതിരോധം തീർക്കാനാകാതെ കുഴയുകയാണ് നേതൃത്വം. ചെമ്പട കായംകുളം, കായംകുളത്തിന്റെ വിപ്ലവം, തിരുത്തൽവാദി തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലൂടെയാണ് പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന കഥകൾ പ്രചരിക്കുന്നത്. ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാൻ, ജില്ല കമ്മിറ്റി അംഗം എൻ. ശിവദാസൻ, ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റും ഏരിയ സെന്റർ അംഗവുമായ അഡ്വ. ബിബിൻ സി. ബാബു എന്നിവരെ പ്രത്യക്ഷവും പരോക്ഷവുമായി പരാമർശിക്കുന്ന കുറിപ്പുകളാണ് പ്രചരിക്കുന്നത്.
നേതാക്കളുടെ അഴിമതിയും ക്വട്ടേഷൻ ബന്ധങ്ങളുമാണ് പ്രധാന ചർച്ച. എൻ. ശിവദാസൻ നഗരസഭ ചെയർമാനായിരിക്കെ ഉയർന്ന അഴിമതി ആരോപണങ്ങളാണ് വിപ്ലവ ഗ്രൂപ്പുകളിലൂടെ വീണ്ടും ചർച്ചയാക്കുന്നത്. ക്വട്ടേഷൻ-ഗുണ്ട സംഘങ്ങളുമായുള്ള നേതാക്കളുടെ വഴിവിട്ട ബന്ധം, പാർട്ടിയിലെ ഗ്രൂപ്പിസം, പാർട്ടി ഘടകങ്ങളിലും വർഗബഹുജന സംഘടനകളിലും ഇഷ്ടക്കാരെ തിരുകിക്കയറ്റൽ തുടങ്ങിയ വിഷയങ്ങളും ഉയർത്തുന്നു. നേതൃത്വത്തിന് നൽകിയ പരാതികൾ അവഗണിച്ചതോടെയാണ് സമൂഹമാധ്യമങ്ങളിലൂടെ പോർമുഖം തുറന്നിരിക്കുന്നത്.
വാട്സ്ആപ് ഗ്രൂപ്പിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി നടത്തിയ അശ്ലീല സംഭാഷണം അടക്കമുള്ളവയും വീണ്ടും ചർച്ചയായി. സമാനമായ പല വിഷയങ്ങളിലും മറ്റ് ജില്ലകളിൽ സ്വീകരിച്ച സമീപനം ഇവിടെയുണ്ടായില്ലെന്ന ചർച്ചകളും സജീവമാണ്. ആരോപണങ്ങളിൽ ശരിയുണ്ടെന്ന തരത്തിൽ ഉത്തരവാദിത്ത ഘടകങ്ങളിലുള്ളവർ ഗ്രൂപ്പുകളിലൂടെ മറുപടി നൽകിയതും നേതൃത്വത്തെ പ്രതിരോധത്തിലാക്കി.
ബാബുജാൻ വിഭാഗത്തെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ ആറുമാസം മുമ്പാണ് ചെമ്പട കായംകുളം എന്ന പേജ് നിലവിൽ വരുന്നത്. മൂന്നാഴ്ച മുമ്പാണ് ഇതിനെ പ്രതിരോധിച്ച് ‘കായംകുളത്തിന്റെ വിപ്ലവം’ ചർച്ചക്ക് തുടക്കമിട്ടത്. ഇതോടെ അണികളെ ഞെട്ടിക്കുന്ന തരത്തിൽ അഴിമതിക്കഥകളും പ്രചരിച്ചു. നേതാക്കളുടെ പിന്തുണയുള്ള പത്തിയൂർ, എരുവ സഖാക്കളാണ് ഇതിന് പിന്നിലെന്ന് ആരോപണം ഉയർന്നതോടെ നേതൃത്വവും വെട്ടിലായി. ഏരിയ കമ്മിറ്റി അംഗങ്ങൾ വരെ ലൈക്കും കമന്റുമായി രംഗത്തുവന്നത് നേതാക്കളുടെ മൗനപിന്തുണ ഇവക്കുണ്ടെന്നതിന് തെളിവായും മാറി.
നവമാധ്യമ ചർച്ച പരിധി വിട്ടതോടെ അടിയന്തര ഏരിയ കമ്മിറ്റികൂടി ഗ്രൂപ്പുകൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ഉയർത്തേണ്ടി വന്നിരിക്കുകയാണ്. ഏതൊരു സഖാവിനും വിമർശനം ഉന്നയിക്കാൻ അവസരം ഉണ്ടായിരിക്കെ ഇത്തരം നടപടി ശരിയല്ലെന്നും ഏരിയ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിനു മുമ്പ് നൽകിയ പരാതികളുടെ അവസ്ഥ ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പുകൾ പ്രതിരോധിക്കുന്നത്. പാർട്ടിയിലെ വിഭാഗീയത പുതിയതലത്തിലേക്ക് മാറുന്നതിന്റെ സൂചനകളാണ് ഇവയെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.