നിയമസഭ കൈയാങ്കളി കേസിൽ പുതിയ തെളിവ് കണ്ടെത്താനായില്ല; തുടരന്വേഷണം അവസാനിച്ച് പൊലീസ്
text_fieldsതിരുവനന്തപുരം: മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട നിയമസഭ കൈയാങ്കളി കേസിൽ തുടരന്വേഷണം അവസാനിച്ചു. പുതിയ തെളിവ് കണ്ടെത്താൻ കഴിയാത്തതിനാൽ പുതിയ പ്രതികളുമില്ല. അതിനാൽ നേരത്തേ സമർപ്പിച്ച കുറ്റപത്രം അനുസരിച്ചായിരിക്കും വിചാരണ.
കേസ് ഒക്ടോബർ ഒമ്പതിന് പരിഗണിക്കും. ഇടതു വനിത എം.എൽ.എമാരെ ആക്രമിച്ചെന്ന പരാതിയിൽ മുൻ കോൺഗ്രസ് എം.എൽ.എമാരായ എം.എ. വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർത്ത് പ്രത്യേക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്ന് സർക്കാർ അഭിഭാഷകൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു.
കോൺഗ്രസ് എം.എൽ.എമാർ ആക്രമിച്ചതായി വനിത എം.എൽ.എമാർ പരാതി നൽകിയതിനെ തുടർന്നാണ് തുടരന്വേഷണത്തിന് പൊലീസ് ആവശ്യപ്പെട്ടത്. കോടതി മൂന്നു മാസം അനുവദിച്ചെങ്കിലും 81 ദിവസംകൊണ്ട് അന്വേഷണം പൂർത്തിയാക്കി. 11 സാക്ഷികളിൽനിന്ന് മൊഴിയെടുക്കുകയും നാലു രേഖ പരിശോധിക്കുകയും ചെയ്തെങ്കിലും പുതിയ തെളിവൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, മുൻ എം.എൽ.എമാരായ കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. അക്രമം നടന്ന സമയത്ത് ഭരണപക്ഷ കോൺഗ്രസ് എം.എൽ.എമാർ, എൽ.ഡി.എഫ് വനിത എം.എൽ.എമാരെ ആക്രമിച്ചതായി സാക്ഷി മൊഴികളിൽനിന്നു വ്യക്തമായതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. വനിത സാമാജികർ ആക്രമിക്കപ്പെട്ടതിൽ എൽ.ഡി.എഫ് സാമാജികർ പ്രകോപിതരായതോടെയാണ് അക്രമം ഉണ്ടായത്. ബോധപൂർവമായ ആക്രമണത്തിന് വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ ഇരയായിട്ടില്ലെന്നും റിപ്പോർട്ട് പറയുന്നു.
ധനമന്ത്രി കെ.എം. മാണി ബാര്‍ കോഴക്കേസിലെ പ്രതിയാണെന്ന് ആരോപിച്ച് 2015 മാർച്ച് 13ന് ബജറ്റ് അവതരണം തടയാൻ പ്രതിപക്ഷം നടത്തിയ അക്രമത്തിൽ 2.20 ലക്ഷം രൂപയുടെ നഷ്ടം വന്നതായാണ് മ്യൂസിയം പൊലീസ് രജിസ്റ്റർചെയ്ത കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.