പുതിയമുഖം: നടപ്പാക്കിയത് പാർട്ടി നയം
text_fieldsതിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിൽ 10 പുതുമുഖങ്ങളെ ഉൾപ്പെടുത്തി സി.പി.എം നടപ്പാക്കിയത് പാർട്ടി നയം. എൽ.ഡി.എഫിെൻറ വിജയം സർക്കാറിെൻറ തുടർച്ചയാണെന്നും ഏതെങ്കിലും മന്ത്രിയുടെ വ്യക്തിഗത മികവല്ലെന്നും പാർട്ടി അടിവരയിട്ടു. അതിനിടെ പാർട്ടിയിൽനിന്ന് ഉയർന്ന ഏതാനും ഒറ്റപ്പെട്ട സ്വരങ്ങൾ മാത്രമാണ് അപവാദം.
കേന്ദ്ര കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 33 സിറ്റിങ് എം.എൽ.എമാരെ ഒഴിവാക്കി തെരഞ്ഞെടുപ്പിൽ പുതുമുഖ സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോഴേ സി.പി.എം നയം പ്രഖ്യാപിച്ചിരുന്നു: 'രണ്ടു തവണ തുടർച്ചയായി ജയിച്ചവരെ ഒഴിവാക്കുന്നു; പുതുമുഖങ്ങൾക്കാണ് അവസരം.' മുറുമുറുപ്പുകൾ ഉയർന്നപ്പോൾ ടേം വ്യവസ്ഥ തനിക്കും ബാധകമെന്നും അടുത്ത തവണ താൻ മത്സരത്തിനുണ്ടാകില്ലെന്നും പിണറായി വിജയൻ തന്നെ വിശദീകരിച്ചു. പാർലമെൻററി സ്ഥാനങ്ങൾക്കുവേണ്ടി കടിച്ചുതൂങ്ങുന്ന അവസ്ഥ സംസ്ഥാന ഘടകത്തിലുണ്ടെന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തലിെൻറ അടിസ്ഥാനത്തിലുള്ള തിരുത്തൽ നടപടി കൂടിയാണ് ഇത്തവണ അരങ്ങേറിയത്. ബൂർഷ്വാ പാർലമെൻററിസമാണ് കേരളത്തിൽ സി.പി.എം വിഭാഗീയതയുടെ അടിസ്ഥാനമെന്നതായിരുന്നു സി.സി വിമർശനം.
ചൊവ്വാഴ്ച രാവിലെ ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റിൽ കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിമാരുടെ പട്ടിക അവതരിപ്പിച്ചത്. കെ.കെ. ശൈലജ ഉൾപ്പെടെ ഒരാളും അഭിപ്രായം പ്രകടിപ്പിച്ചില്ല. തുടർന്ന്, ചേർന്ന സംസ്ഥാന സമിതിയിലും കോടിയേരി തന്നെ പട്ടിക അവതരിപ്പിച്ചു. പുതുമുഖങ്ങളെ മാത്രം ഉൾപ്പെടുത്തിയതിെൻറ സാംഗത്യം അവിടെ പലരും ചോദ്യം ചെയ്തു. പുതുമുഖവും പരിചയസമ്പന്നതയും ചേർന്നതാകണം ഭരണമെന്ന് അവർ പറഞ്ഞു. കോവിഡ് കാലത്തെ പ്രവർത്തനത്തിന് അംഗീകാരം നേടിയ ശൈലജയെ മാറ്റിനിർത്തുന്നത് ആക്ഷേപത്തിനിടയാക്കില്ലേയെന്നും ചോദ്യമുയർന്നു. പക്ഷേ, 'ഇ.പി. ജയരാജൻ, തോമസ് െഎസക് പോലെ പ്രമുഖ നേതാക്കൾ ഉൾപ്പെടെ 33 എം.എൽ.എമാരെ മാറ്റിനിർത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെ'ന്ന് കോടിയേരി വ്യക്തമാക്കി.
പാർട്ടി നയമാണ് നടപ്പാക്കിയത്. മുമ്പ് നയം പ്രഖ്യാപിക്കുമായിരുന്നെങ്കിലും പുറത്ത് ആക്ഷേപം വരുേമ്പാൾ വെള്ളം ചേർക്കും. ഇത്തവണ നയം കൃത്യമായി നടപ്പാക്കി. അതിനെയാണ് തെരഞ്ഞെടുപ്പിൽ ജനം അംഗീകരിച്ചത്. കെ.കെ. ശൈലജ നല്ല പ്രവർത്തനമാണ് കാഴ്ചെവച്ചത്. അതുപോലെ തന്നെയാണ് ജയിച്ചുവന്ന എം.എം. മണി, ടി.പി. രാമകൃഷ്ണൻ, എ.സി. മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ, കെ.ടി. ജലീൽ എന്നിവരുടെ പ്രവർത്തനവും.
ഒരാൾക്ക് മാത്രമായി ഇളവ് നൽകുേമ്പാൾ മറ്റുള്ളവരെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന് വിശദീകരിക്കേണ്ടിവരും. പുതിയ മുഖം വേണമെന്നാണ് തീരുമാനം. നിലവിലുള്ള ഒരാളെ മാത്രം നിലനിർത്താൻ കഴിയില്ല'- കോടിയേരി വിശദീകരിച്ചു. തുടർന്ന്, പട്ടിക സംസ്ഥാന സമിതി ഐകകണ്ഠ്യേന അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.