'പുതിയ മുഖങ്ങൾ നല്ലതാണ്, പക്ഷെ ആളുകളെ അവഗണിക്കരുത്'; കെ.കെ. ശൈലജയെ ഒഴിവാക്കിയതിനെതിരെ എൻ.എസ്. മാധവൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽനിന്ന് കെ.കെ. ശൈലജയെ ഒഴിവാക്കിയതിനെതിരെ എഴുത്തുകാരൻ എൻ.എസ്. മാധവൻ. 'ശൈലജ ടീച്ചറെ ഒഴിവാക്കുന്നത് ദേശീയ, അന്തർദേശീയ കാഴ്ചപ്പാടുകളിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കും. സാധാരണക്കാർക്കും ആരോഗ്യ ജീവനക്കാർക്കും അനാഥരാണെന്ന ചിന്ത വന്നുകഴിഞ്ഞു. ഈ വിഷയത്തിൽ ഒരു പുനർവിചിന്തനം നടക്കുമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. ഇനിയും സമയമുണ്ട്' -അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
ശൈലജ ടീച്ചർ ബംഗാൾ പ്രഭാവത്തിെൻറ ഇരയാണോ എന്നും എൻ.എസ്. മാധവൻ മറ്റൊരു ട്വീറ്റിൽ ചോദിച്ചു. 'പശ്ചിമ ബംഗാളിൽ സി.പി.എം രണ്ടായി മാറിയിരുന്നു. മന്ത്രിമാർ ഒന്നും പാർട്ടി പ്രവർത്തകർ മറ്റൊന്നും. ആദ്യത്തേത് നിർജീവമായെങ്കിൽ രണ്ടാമത്തേത് വാടിപ്പോയി. അതിനാൽ ചില പുതിയ മുഖങ്ങൾ കൊണ്ടുവരണമെന്നത് നന്നായി പഠിച്ച ഒരു പാഠമാണ്. എന്നാൽ, അങ്ങനെ ചെയ്യുമ്പോൾ ആളുകളെ അവഗണിക്കരുത്' -എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തു.
കെ.കെ. ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധ്യതയില്ലെന്ന മാധ്യമ വാർത്തകളെ കഴിഞ്ഞദിവസം എൻ.എസ്. മാധവൻ പരിഹസിച്ചിരുന്നു. 'ശൈലജ ടീച്ചറെ ഒഴിവാക്കുമെന്നാണ് മലയാള മാധ്യമങ്ങളുടെ ഏറ്റവും പുതിയ കിംവദന്തി. ഇവന്മാര്‍ക്ക് വേറെ പണിയൊന്നുമില്ലെ? വെറുപ്പിക്കല്‍സ്' -എന്നാണ് അദ്ദേഹം പറഞ്ഞത്.
'എ.കെ.ജി സെൻറർ ഇപ്പോൾ അദൃശ്യമായ കോട്ട പോലെയാണ്. നിങ്ങൾക്ക് അവിടെനിന്ന് ഒരു വിവരവും ലഭിക്കില്ല. വി.എസ്-പിണറായി തർക്കം കാരണം വിവരങ്ങൾ ചോർന്നിരുന്ന കാലം കഴിഞ്ഞു' എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.