പുതുതലമുറ ബാങ്കുകളില്‍ ‘അന്യ ബാങ്ക്’ ഇടപാടുകാര്‍ക്ക് അയിത്തം
text_fieldsതൃശൂര്‍: അസാധുവായ നോട്ടുകള്‍ മാറ്റാനും പുതിയ നോട്ട് ചില്ലറയാക്കാനും ജനം നെട്ടോട്ടത്തിലുള്ളപ്പോള്‍ പുതുതലമുറ ബാങ്കുകള്‍ക്ക് പ്രേമം സ്വന്തം ഇടപാടുകാരോട് മാത്രം. ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്സിസ് തുടങ്ങിയ പുതുതലമുറ ബാങ്കുകളാണ് നോട്ട് മാറ്റാന്‍ വരുന്ന മറ്റ് ബാങ്കുകളുടെ ഇടപാടുകാര്‍ക്ക് അയിത്തം കല്‍പിക്കുന്നത്. സ്വന്തം ഇടപാടുകാരാണെങ്കില്‍ വീട്ടില്‍ പണം എത്തിക്കാന്‍പോലും അവര്‍ തയാറാകും. വിദ്യാഭ്യാസം, കൃഷി എന്നിവക്ക് വായ്പ നല്‍കുന്ന കാര്യത്തിലുള്ള അതേ വിമുഖത നോട്ട് മാറ്റത്തിലും ഇത്തരം ബാങ്കുകള്‍ കാണിക്കുന്നുവെന്നാണ് ആക്ഷേപം.
എസ്.ബി.ഐ, എസ്.ബി.ടി എന്നിവയേക്കാള്‍ പുതിയ നോട്ട് അധികം കിട്ടുന്നത് പുതുതലമുറ ബാങ്കുകള്‍ക്കാണ്. അതുവെച്ച് തങ്ങളുടെ എ.ടി.എം പ്രവര്‍ത്തനം അവര്‍ സുഗമമായി നടത്തുന്നുണ്ട്. ഇത്തരം ബാങ്കുകളിലെ ഇടപാടുകാരില്‍ സാധാരണക്കാര്‍ നന്നേ കുറവാണ്. അതുകൊണ്ടുതന്നെ രണ്ടായിരത്തിന്‍െറ നോട്ട് എ.ടി.എമ്മില്‍നിന്ന് കിട്ടിയാലും അവര്‍ക്ക് ആക്ഷേപം ഉണ്ടാകില്ല. കിട്ടിയ രണ്ടായിരത്തിന് ചില്ലറ വേണ്ടിവരുമ്പോഴാണ് സ്വന്തം ഇടപാടുകാരെ മാത്രം പരിഗണിക്കുന്ന നയം പുതുതലമുറ ബാങ്കുകള്‍ സ്വീകരിക്കുന്നത്. നൂറും അതിന് താഴേക്കുള്ള നോട്ടുകളും അത്തരക്കാര്‍ക്ക് മാത്രമായി കരുതിവെച്ചിരിക്കുകയാണെന്ന് ബാങ്കിങ് രംഗത്തെ യൂനിയന്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
നോട്ട് മാറ്റാന്‍ വരുന്ന ഇടപാടുകാരല്ലാത്തവര്‍ക്ക് അയിത്തം കല്‍പിച്ചപോലെ ബാങ്കിലേക്ക് കയറ്റിവിടുന്നില്ളെന്നുപോലും പരാതിയുണ്ട്. വാതില്‍ക്കല്‍ത്തന്നെ തടഞ്ഞ് വിശദവിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ഇടപാടുകാര്‍ അല്ലാത്തവരോട് പുതിയ നോട്ട് ഇല്ളെന്നുപറഞ്ഞ് മടക്കുകയാണ്. ചാവക്കാടിനടുത്ത് ഒരു പുതുതലമുറ ബാങ്കില്‍ ക്യൂ നിന്ന ആളുകള്‍ക്ക് പണം കൊടുക്കാതെ സ്വന്തം ഇടപാടുകാര്‍ക്ക് വീട്ടില്‍ പണം എത്തിച്ചതിനെച്ചൊല്ലി കഴിഞ്ഞ ദിവസം ബഹളമുണ്ടായി.
വായ്പ -നിക്ഷേപ അനുപാതം പരിശോധിച്ചാല്‍ പുതുതലമുറ ബാങ്കുകളില്‍ വലിയ അന്തരം കാണാം. കിട്ടുന്ന നിക്ഷേപത്തിന്‍െറ ചെറിയ ശതമാനം മാത്രമാണ് വായ്പ നല്‍കുന്നത്. ദേശസാത്കൃത ബാങ്കുകളും മറ്റ് ഷെഡ്യൂള്‍ഡ്, വാണിജ്യ ബാങ്കുകളും കൃഷിക്കും വിദ്യാഭ്യാസത്തിനും മറ്റും നിശ്ചിത ശതമാനം വായ്പ നല്‍കുമ്പോള്‍ പുതുതലമുറ ബാങ്കുകള്‍ അത് പാലിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.